|    Nov 24 Fri, 2017 6:38 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

ബാബരി മസ്ജിദ് : ഉടമസ്ഥാവകാശ കേസ് 11ന് പരിഗണിക്കും

Published : 6th August 2017 | Posted By: fsq

 

ന്യൂഡല്‍ഹി: ബാബരി ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച കേസ് ഈ മാസം 11ന് സുപ്രിംകോടതി പരിഗണിക്കും. ചീഫ് ജസ്റ്റിസ് ജെ എസ് ഖെഹാറിന്റെ അധ്യക്ഷതയിലുള്ള മൂന്നംഗ ബെഞ്ച് വെള്ളിയാഴ്ച രണ്ടുമണിക്കാവും കേസ് പരിഗണിക്കുക. ബാബരി മസ്ജിദ് ഉടമസ്ഥാവകാശം സംബന്ധിച്ച കേസ് വേഗത്തില്‍ തീര്‍പ്പാക്കണമെന്നും രാമക്ഷേത്രം പണിയാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമി നല്‍കിയ ഹരജി പരിഗണിച്ച് കേസ് നടപടി വേഗത്തിലാക്കാന്‍ കഴിഞ്ഞമാസം സുപ്രിംകോടതി തീരുമാനിച്ചിരുന്നു. അയോധ്യയില്‍ പള്ളി നിലനിന്ന ഭൂമി മൂന്നായി വീതിച്ചുകൊണ്ടുള്ള 2010 മെയിലെ അലഹബാദ് ഹൈക്കോടതി ലഖ്‌നോ ബെഞ്ചിന്റെ വിധിക്കെതിരായ അപ്പീല്‍ ഹരജിയാണ് ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട കേസായി സുപ്രിംകോടതിയുടെ പരിഗണനയിലുള്ളത്. പള്ളി നിലനിന്ന ഭൂമി സുന്നി വഖ്ഫ് ബോര്‍ഡ്, ഹൈന്ദവ ട്രസ്റ്റുകളായ നിര്‍മോഹി അഖാറ, രാംലാല എന്നിവര്‍ക്കായി വീതിച്ചു നല്‍കണമെന്നായിരുന്നു ഹൈക്കോടതിയുടെ വിധി. അയോധ്യയിലെ 67 ഏക്കര്‍ ഭൂമിയില്‍ 2.7 ഏക്കറിനെ ചൊല്ലിയാണ് തര്‍ക്കം. ഹൈക്കോടതി വിധി ചോദ്യം ചെയ്ത് ഇരുവിഭാഗവും സുപ്രിംകോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് പള്ളി നിലനിന്ന സ്ഥലത്തു തല്‍സ്ഥിതി നിലനിര്‍ത്താന്‍ 2011 മെയില്‍ സുപ്രിംകോടതി ഉത്തരവിട്ടു. ജസ്റ്റിസ് അഫ്താബ് ആലമിന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് 2013 ജനുവരിയില്‍ കേസ് പരിഗണിക്കവെ സമാന ഉത്തരവ് ആവര്‍ത്തിച്ചു. ഇതിനു പിന്നാലെ മൂന്നുമാസത്തിനു ശേഷം അഫ്താബ് ആലം വിരമിച്ചതിനാല്‍ കേസില്‍ പിന്നീട് യാതൊരു പുരോഗതിയും ഉണ്ടായില്ല. ഇതിനിടെയാണ് സുബ്രഹ്മണ്യം സ്വാമി സുപ്രിംകോടതിയെ സമീപിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക