|    Aug 19 Sat, 2017 3:42 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

ബാബരി മസ്ജിദ് : അന്തിമവാദം ഡിസംബര്‍ 5ന് തുടങ്ങും

Published : 12th August 2017 | Posted By: fsq

 

ന്യൂഡല്‍ഹി: ബാബരി മസ്ജിദിന്റെ ഉടമാവകാശം സംബന്ധിച്ച കേസില്‍ ഡിസംബര്‍ അഞ്ചിന് അന്തിമവാദം കേള്‍ക്കാന്‍ സുപ്രിംകോടതി തീരുമാനിച്ചു. കേസുമായി ബന്ധപ്പെട്ട് വിവിധ ഭാഷകളിലുള്ള രേഖകള്‍ അതിനകം ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തി നല്‍കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിനോട് കോടതി നിര്‍ദേശിച്ചു. കേസ് നീട്ടിവയ്ക്കില്ലെന്നും അതതു സമയത്ത് തന്നെ കേസ് വാദം പൂര്‍ത്തിയാക്കണമെന്നും ഹരജിക്കാരോടും എതിര്‍കക്ഷികളോടും ജസ്റ്റിസ് ദീപക് മിശ്രയുടെ അധ്യക്ഷതയിലുള്ള ബെഞ്ച് വ്യക്തമാക്കി. ബാബരി ഭൂമി മൂന്നായി പകുത്തുകൊണ്ടുള്ള 2010ലെ അലഹബാദ് ഹൈക്കോടതി വിധിക്കെതിരായ അപ്പീലാണ് സുപ്രിംകോടതി പരിഗണിക്കുന്നത്.  പള്ളി നിലനിന്ന ഭൂമി സുന്നി വഖ്ഫ് ബോര്‍ഡ്, ഹൈന്ദവ ട്രസ്റ്റുകളായ നിര്‍മോഹി അഖാര, രാംലാല എന്നിവര്‍ക്കായി വീതിച്ചു നല്‍കണമെന്നായിരുന്നു ഹൈക്കോടതിയുടെ വിധി. അയോധ്യയിലെ 67 ഏക്കര്‍ ഭൂമിയില്‍ 2.7 ഏക്കറിനെ ചൊല്ലിയാണ് തര്‍ക്കം. ഹൈക്കോടതി വിധി ചോദ്യംചെയ്ത് ഇരുവിഭാഗവും സുപ്രിംകോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് പള്ളി നിലനിന്ന സ്ഥലത്തു തല്‍സ്ഥിതി നിലനിര്‍ത്താന്‍ 2011 മെയില്‍ സുപ്രിംകോടതി ഉത്തരവിട്ടു. ജസ്റ്റിസ് അഫ്താബ് ആലമിന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് 2013 ജനുവരിയില്‍ കേസ് പരിഗണിക്കവെ സമാന ഉത്തരവ് ആവര്‍ത്തിച്ചു. ഇതിനു പിന്നാലെ അഫ്താബ് ആലം വിരമിച്ചതിനാല്‍ കേസില്‍  പുരോഗതി ഉണ്ടായിരുന്നില്ല. തുടര്‍ന്ന് കേസ് വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി നല്‍കിയ ഹരജി, സ്വാമി കേസിലെ കക്ഷിയല്ലെന്നു ചൂണ്ടിക്കാട്ടി സുപ്രിംകോടതി തള്ളിയിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക