|    Dec 17 Mon, 2018 5:53 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ബാബരി മസ്ജിദിന് പകരം രാമക്ഷേത്രം: ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്റെ പ്രസ്താവന അപഹാസ്യം: പോപുലര്‍ ഫ്രണ്ട്

Published : 14th November 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: രാജ്യത്തെ മുസ്‌ലിംകള്‍ക്കു സമാധാനത്തോടെ ജീവിക്കാന്‍ അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കണമെന്ന ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ ഖൈറുല്‍ ഹസന്‍ റിസ്‌വിയുടെ പ്രസ്താവന പരിഹാസ്യമാണെന്നു പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ചെയര്‍മാന്‍ ഇ അബൂബക്കര്‍.
ഗാന്ധിവധത്തിനു ശേഷം സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും നീചമായ സംഘടിത കുറ്റകൃത്യമാണു ബാബരി മസ്ജിദിന്റെ തകര്‍ച്ചയെന്നു സംഘപരിവാരം ഒഴികെ രാജ്യത്തെ വിവേകമുള്ള എല്ലാവരും സമ്മതിക്കുന്ന കാര്യമാണ്. ബാബരി മസ്ജിദ് പുനനിര്‍മിക്കുകയും മുസ്‌ലിംകളെ അവിടെ പ്രാര്‍ഥിക്കാന്‍ അനുവദിക്കുകയും പള്ളി പൊളിച്ച കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുകയും ചെയ്യുന്നതുവരെ ഈ പ്രശ്‌നം ഉണങ്ങാത്ത മുറിവായി നിലനില്‍ക്കും. ന്യൂനപക്ഷ സമുദായത്തിന്റെ ആരാധനാലയം തകര്‍ത്തുകളഞ്ഞ അതിക്രൂരമായ ഒരു സംഭവത്തെ വെറും ക്ഷേത്രനിര്‍മാണവുമായി ബന്ധപ്പെടുത്തി പ്രാധാന്യം കുറച്ചുകാണാന്‍ ശ്രമിക്കുന്ന മധ്യസ്ഥശ്രമങ്ങള്‍ പരിഹാസ്യമാണ്. തന്റെ സേവനവും ഉല്‍ക്കണ്ഠയും ഏറ്റവും കൂടുതലായി ആവശ്യമുള്ള അവസരങ്ങള്‍ ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ കാണാതെ പോവുന്നുവെന്നതു നിര്‍ഭാഗ്യകരമാണ്. ബാബരി മസ്ജിദിന് നീതി ലഭ്യമാക്കുന്ന കാര്യത്തില്‍ അദ്ദേഹം നിശ്ശബ്ദത പാലിക്കുകയാണ്. സംഘപരിവാരത്തിന്റെ നിര്‍ദേശങ്ങള്‍ ശിരസ്സാവഹിക്കുന്ന ആര്‍എസ്എസിന്റെയോ, ബിജെപിയുടെയോ ന്യൂനപക്ഷ വിഭാഗം തലവനെ പോലെയാണ് അദ്ദേഹത്തിന്റെ സമീപനങ്ങള്‍.
രാജ്യത്തെ മുസ്‌ലിം പൈതൃകത്തിന്റെ ശേഷിപ്പുകളായ ചരിത്ര സ്മാരകങ്ങളില്‍ മുഴുവന്‍ വലതുപക്ഷ ഹിന്ദുത്വ വിഭാഗങ്ങള്‍ അവകാശവാദം ഉന്നയിക്കുമ്പോഴാണു ബാബരി മസ്ജിദ് വിട്ടുകൊടുക്കുന്നതോടെ മുസ്‌ലിംകളുടെ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരമാവുമെന്ന് അദ്ദേഹം നിര്‍ദേശിക്കുന്നത്. സ്വഭാവിക നീതിയോട് ഒത്തുതീര്‍പ്പു നടത്തിയും ന്യൂനപക്ഷാവകാശങ്ങള്‍ ഭൂരിപക്ഷങ്ങള്‍ക്കു മുമ്പില്‍ അടിയറ വച്ചും മാത്രമേ സമാധാനവും അന്തസ്സും നിലനിര്‍ത്താന്‍ കഴിയുകയുള്ളൂവെന്നതു തികച്ചും അസംബന്ധമാണ്. ക്ഷേത്ര നിര്‍മാണത്തിനു വേണ്ടി നിലകൊള്ളുകയും ബാബരി മസ്ജിദിനെ എതിര്‍ക്കുകയും ചെയ്യുക വഴി ന്യൂനപക്ഷ സമുദായത്തിനു മേല്‍ അനീതി അടിച്ചേല്‍പ്പിക്കാനാണു ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ ശ്രമിക്കുന്നത്.
രാജ്യത്തു ഹിന്ദുത്വശക്തികള്‍ നേതൃത്വം നല്‍കുന്ന ആള്‍ക്കൂട്ടക്കൊലകള്‍ക്കും അക്രമപ്രവര്‍ത്തനങ്ങള്‍ക്കും പരിഹാരം ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടിടത്ത് രാമക്ഷേത്രം നിര്‍മിക്കലല്ല. ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്റെ നിഴല്‍ പോലും ഇത്തരം ഘട്ടങ്ങളില്‍ കാണാനില്ലെന്ന് ഇ അബൂബക്കര്‍ കുറ്റപ്പെടുത്തി. ന്യൂനപക്ഷ കമ്മീഷന്റെ ലക്ഷ്യം ന്യൂനപക്ഷങ്ങളുടെ താല്‍പര്യ സംരക്ഷണമാണെങ്കില്‍ അതിന്റെ ചെയര്‍മാന്‍ ഇത്തരം അതിക്രമങ്ങള്‍ക്കിരയായവരുടെ നീതിക്കു വേണ്ടി പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss