|    Dec 11 Tue, 2018 6:19 pm
FLASH NEWS
Home   >  News now   >  

ബാബരി പള്ളി നിര്‍മിച്ചത് മറ്റൊരു പള്ളി നിന്ന സ്ഥലത്തെന്നു വെളിപ്പെടുത്തല്‍

Published : 6th December 2018 | Posted By: kasim kzm

കെ എ സലിം

ന്യൂഡല്‍ഹി: ബാബരി മസ്ജിദ് നിലനിന്ന ഭൂമിയുടെ അടിയില്‍ നിന്ന് ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങള്‍ പരിശോധനയില്‍ കണ്ടെത്തിയെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ അലഹബാദ് ഹൈക്കോടതിക്ക് കൊടുത്ത റിപോര്‍ട്ട് അടിസ്ഥാനരഹിതമെന്ന് അന്ന് പരിശോധനയില്‍ നിരീക്ഷകരായി പങ്കെടുത്ത ആര്‍ക്കിയോളജിസ്റ്റുകളുടെ വെളിപ്പെടുത്തല്‍. ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങളൊന്നും കണ്ടെടുത്തില്ലെന്ന് മാത്രമല്ല നേരത്തെ അവിടെയുണ്ടായിരുന്ന മുസ്‌ലിം പള്ളിയുടെ അവശിഷ്ടങ്ങളാണ് മണ്ണിനടിയിലുണ്ടായിരുന്നത്. നേരത്തെ പള്ളിയുണ്ടായിരുന്ന ഭൂമിയിലാണ് ബാബരി മസ്ജിദ് പണിതതെന്ന് ഇതില്‍ നിന്ന് വ്യക്തമാണെന്നും ആര്‍ക്കിയോളജിസ്റ്റുകള്‍ വെളിപ്പെടുത്തി. ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ ആര്‍ക്കിയോളജി പ്രഫസര്‍ സുപ്രിയ വര്‍മ, ശിവ് നാദര്‍ സര്‍വകലാശാലയിലെ ചരിത്രവിഭാഗം മേധാവിയും ആര്‍കിയോളജിസ്റ്റുമായ ജയ മേനോന്‍ എന്നിവരാണ് പ്രമുഖ ഓണ്‍ലൈന്‍ മാധ്യമത്തോട് ഈ വെളിപ്പെടുത്തല്‍ നടത്തിയത്. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ റിപോര്‍ട്ടിനെ ഇരുവരും കോടതിയില്‍ ചോദ്യം ചെയ്തിരുന്നു.
ആറു മാസത്തെ പരിശോധനയ്ക്ക് ശേഷം 2003 ആഗസ്തിലാണ് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ രാമക്ഷേത്രത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയെന്ന റിപോര്‍ട്ട് ബാബരിയുടെ ഉടമസ്ഥാവകാശ തര്‍ക്കം പരിഗണിക്കുന്ന അലഹബാദ് ഹൈക്കോടതിക്ക് നല്‍കിയത്. സുപ്രിയ വര്‍മ, ജയ മേനോന്‍ എന്നിവര്‍ സുന്നി വഖ്ഫ്‌ബോര്‍ഡിന്റെ നിരീക്ഷകരായാണ് പരിശോധനയില്‍ പങ്കെടുത്തത്. റിപോര്‍ട്ടിലെ വസ്തുതാവിരുദ്ധമായ കാര്യങ്ങള്‍ സംബന്ധിച്ച് ഇരുവരും ഇക്കോണമിക് ആന്റ് പൊളിറ്റിക്കല്‍ വീക്കിലിയില്‍ പ്രബന്ധവും പ്രസിദ്ധീകരിച്ചിരുന്നു. അന്ന് കേന്ദ്രം ഭരിച്ചിരുന്ന ബിജെപി സര്‍ക്കാരിന്റെ സമ്മര്‍ദത്തിലാണ് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ അത്തരത്തില്‍ റിപോ ര്‍ട്ട് നല്‍കിയതെന്ന് ഇരുവരും പറയുന്നു. അന്ന് ഉദ്ഖനന പരിശോധനയ്ക്ക് നേതൃത്വം നല്‍കിയ ബി ആര്‍ മണിയെ മോദി സര്‍ക്കാര്‍ നാഷനല്‍ മ്യൂസിയം ഡയറക്ടര്‍ ജനറലായി നിയമിക്കുകയും ചെയ്തു.
മൂന്ന് കാര്യങ്ങളാണ് പ്രധാനമായും ആര്‍ക്കിയോളജിസ്റ്റുകള്‍ ബാബരിക്ക് കീഴില്‍ പള്ളിയാണുണ്ടായിരുന്നതെന്നതിന് തെളിവായി ചൂണ്ടിക്കാട്ടുന്നത്. 1, പടിഞ്ഞാറന്‍ മതില്‍, 2, 50 തൂണുകളുടെ അടിത്തറ, 3, വാസ്തുവിദ്യ. പടിഞ്ഞാറന്‍ മതില്‍ പള്ളിയുടെ നമസ്‌കാരത്തിനായി മുഖം തിരിച്ചു നില്‍ക്കുന്ന ഭാഗത്തിനായി നിര്‍മിച്ചതാണ്്. അത് ക്ഷേത്രരൂപഘടനയായിരുന്നില്ല. ക്ഷേത്രങ്ങള്‍ മറ്റൊരു രീതിയിലാണ് ഉണ്ടാവാറ്. മറ്റൊന്ന് തൂണുകള്‍. അത് ക്ഷേത്രത്തിന്റേതാണെന്നാണ് സര്‍വേ ഓഫ് ഇന്ത്യയുടെ വാദം. എന്നാല്‍ അത് യഥാര്‍ഥത്തില്‍ തൂണുകളായിരുന്നില്ല, മറിച്ച് തകര്‍ന്നുപോയ കല്ലുകളായിരുന്നു. അതിനുള്ളില്‍ മണ്ണുമുണ്ടായിരുന്നു. അത് ഉറപ്പിച്ച് നിര്‍ത്തുക പോലും ചെയ്തിരുന്നില്ല. അതിനെയാണ് റിപോര്‍ട്ടില്‍ തൂണുകളുടെ അടിത്തറയെന്ന് കളവായി വ്യാഖ്യാനിച്ചത്. 400-500 കെട്ടിടാവശിഷ്ടങ്ങള്‍ അവിടെയുണ്ടായിരുന്നു. അതില്‍ 12 എണ്ണമായിരുന്നു പ്രധാനപ്പെട്ടത്. പള്ളിയുടെ കുമ്മായത്തറയില്‍ നിന്നാണ് അത് കണ്ടെടുത്തത്. അതില്‍ സ്ത്രീയുടെയും പുരുഷന്റെയും രൂപം കൊത്തിവച്ചിരുന്നു. പാതിതകര്‍ന്നതായിരുന്നു അത്. കല്ല് ക്ഷേത്രം എന്ന വാദമാണ് അതിനെക്കുറിച്ച് ഉയര്‍ത്തിയത്. എന്നാല്‍ കല്ല് ക്ഷേത്രമായിരുന്നെങ്കില്‍ കൂടുതല്‍ കൊത്തുപണികളുള്ള കല്ലുകള്‍ കാണണമായിരുന്നു. അത് ഏതു കാലത്തേതാണെന്ന് വ്യക്തമല്ല. ഇത്തരം കല്ലുകളുടെ കാലം കണക്കാക്കാന്‍ പറ്റും. എന്നാല്‍ അത് ക്ഷേത്രത്തിന്റേതല്ലെന്ന് വ്യക്തമായിരുന്നു. റിപോര്‍ട്ടില്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ ഏതുകാലത്താണ് അവിടെ ക്ഷേത്രമുണ്ടായിരുന്നതെന്ന് പറഞ്ഞിട്ടില്ല. ഉണ്ടായിരുന്നു എന്ന് പറയുക മാത്രമാണ് ചെയ്തത്.
തൂണ്‍ അടിത്തറ 12, 15 നൂറ്റാണ്ടുകള്‍ക്കിടയിലുള്ളതായിരുന്നു. 50 തൂണുകളുള്ള ക്ഷേത്രമായിരുന്നു ഉണ്ടായിരുന്നത് എന്നതാണ് വാദം. 10ാം നൂറ്റാണ്ടിലെയാണ് അതെന്നും വാദിക്കുന്നു. എന്നാല്‍ അവിടെ കണ്ട തൂണ്‍ അടിത്തറകള്‍ എഡി 4-5 ലെ ഗുപ്ത കാലഘട്ടത്തിലുള്ളതായിരുന്നു. ബുദ്ധകാലത്തെ സ്തൂപത്തിന്റെ മാതൃകയായിരുന്നു അതിനുണ്ടായിരുന്നത്. ബാബരി മസ്ജിദിന്റെ പരിസരത്തായി ബുദ്ധസ്തൂപങ്ങള്‍ വേറെയുമുണ്ട്. ബിസി 2, എഡി ആറ് നൂറ്റാണ്ടുകളില്‍ ഇവിടെ ബുദ്ധര്‍ ജീവിച്ചിരുന്നു എന്ന് വ്യക്തമാണ്. പിന്നീട് അവിടെ മുസ്‌ലിംകള്‍ താമസമാക്കിയിരിക്കണം. 1528ല്‍ അവിടെയുള്ള മുസ്‌ലിംകളുടെ എണ്ണം കൂടി പരിഗണിച്ചായിരിക്കും ബാബര്‍ വലിയ പള്ളി പണിതതെന്നും ആര്‍ക്കിയോളജിസ്റ്റുകള്‍ ചൂണ്ടിക്കാട്ടി.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss