|    Oct 16 Tue, 2018 8:52 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

ബാബരി ധ്വംസനം: രാജ്ഭവന്‍ മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി

Published : 7th December 2017 | Posted By: kasim kzm

തിരുവനന്തപുരം: രാജ്യത്ത് സമാധാനം ആഗ്രഹിക്കുന്നെങ്കി ല്‍ യഥാസ്ഥാനത്ത് ബാബരി മസ്ജിദ് പുനര്‍നിര്‍മിക്കാന്‍ അധികാരിവര്‍ഗം മുന്നോട്ടുവരണമെന്ന് ഓള്‍ ഇന്ത്യാ ഇമാംസ് കൗ ണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് മൗലാനാ മുഹമ്മദ് ഈസ ഫാദില്‍ മമ്പഈ. അതുവരെ മുസ്‌ലിം സമുദായം മൗനിയായി ഇരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ബാബരി മസ്ജിദ് പുനര്‍നിര്‍മിക്കുക; മതേതരത്വം പുനസ്ഥാപിക്കുക എന്ന പ്രമേയവുമായി ഓള്‍ ഇന്ത്യാ ഇമാംസ് കൗണ്‍സില്‍ സംഘടിപ്പിച്ച രാജ്ഭവന്‍ മാര്‍ച്ചിനോടനുബന്ധിച്ച ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബാബരി മസ്ജിദ് സ്ഥിതിചെയ്യുന്നത് രാമജന്മഭൂമിയിലാണെന്ന പ്രചാരണം അബദ്ധമാണ്.  ചരിത്രകാരന്‍മാരും ഭൂഗര്‍ഭ ശാസ്ത്രജ്ഞന്‍മാരും സംഘപരിവാരത്തിന്റെ വാദങ്ങളെ തള്ളിക്കളഞ്ഞിട്ടുണ്ട്. പള്ളി പണിയേണ്ടത് പരിശുദ്ധമായ സ്ഥലത്താണ്. അന്യന്റെ സ്ഥലത്ത് പള്ളി പണിയാന്‍ ഇസ്്‌ലാമിക ശരീഅത്ത് അനുവദിക്കുന്നില്ല. വസ്തുത ഇതാണെന്നിരിക്കെ അബദ്ധവാദങ്ങളും വാഗ്ദാനലംഘനങ്ങളും ആവര്‍ത്തിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ബാബരി മസ്ജിദിന്റെ പുനര്‍നിര്‍മാണത്തിനായി കാല്‍നൂറ്റാണ്ടിനു ശേഷവും സമരം നടത്തേണ്ടിവരുന്നുവെന്നത് ദൗര്‍ഭാഗ്യകരമാണെന്നു മാര്‍ച്ച് ഉദ്ഘാടനം ചെയ്ത എം വിന്‍സന്റ് എംഎല്‍എ അഭിപ്രായപ്പെട്ടു. സംഘപരിവാര അതിക്രമത്താല്‍ മലിനമാക്കപ്പെട്ട രാജ്യത്തിന്റെ മതേതരത്വം സംരക്ഷിക്കാനുള്ള നടപടികള്‍ ഇനിയും വൈകരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സവര്‍ണ ഫാഷിസ്റ്റ് വരേണ്യവര്‍ഗമാണ് ഈ രാജ്യത്തിന്റെ ശാപമെന്നു മുഖ്യപ്രഭാഷണം നടത്തിയ സംസ്ഥാന ഖജാഞ്ചി ഫത്ഹുദ്ദീന്‍ റഷാദി ചൂണ്ടിക്കാട്ടി.   വൈദേശിക ശക്തികളുടെ മേല്‍ക്കോയ്മ വര്‍ധിച്ചു. ബാബരി പുനര്‍നിര്‍മിച്ചാല്‍ മാത്രമേ രാജ്യത്തെ ജനാധിപത്യം യശസ്സോടെ നിലനില്‍ക്കൂ. വര്‍ത്തമാനകാലത്ത് സ്ഥാനമാനങ്ങള്‍ കിട്ടാന്‍ മുസ്്‌ലിം വിരോധിയാവണമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ പൗരന്‍മാരുടെ നീതിബോധം നിലനില്‍ക്കും വരെ ബാബരിക്കു വേണ്ടിയുള്ള പോരാട്ടം തുടരുമെന്നു പോപുലര്‍ ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി സി പി മുഹമ്മദ് ബഷീര്‍ പറഞ്ഞു. ലോകത്തു തന്നെ തുല്യതയില്ലാത്തതാണ് ഇന്ത്യന്‍ ഫാഷിസം.  ഹിന്ദുത്വ വര്‍ഗീയതയെ ഉപയോഗപ്പെടുത്തിയുള്ള രാഷ്ട്രീയ അധിനിവേശമാണ് രാജ്യത്ത് നടപ്പിലാക്കുന്നത്. ബാബരി വിഷയം ഹിന്ദു-മുസ്‌ലിം പ്രശ്‌നമാക്കി മാറ്റാനുള്ള ഫാഷിസ്റ്റുകളുടെ ബോധപൂര്‍വമായ നീക്കങ്ങളെ മതേതരവാദികളും അനുകൂലിക്കുന്നു. ഇരകളെയും രാജ്യത്തെ മുഴുവനും വിഴുങ്ങിയ അക്രമിക്കൂട്ടത്തെയും ഒരേപോലെ വീക്ഷിക്കുന്ന ഈ സമീപനം തിരുത്തണമെന്നും അദ്ദേഹം പറഞ്ഞു. മെക്ക സംസ്ഥാന ആക്റ്റിങ് പ്രസിഡന്റ് പ്രഫ. അബ്ദുര്‍ റഷീദ്, ഇമാംസ് കൗണ്‍സില്‍ സംസ്ഥാന ഖജാഞ്ചി ഫത്ഹുദ്ദീന്‍ റഷാദി, വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ പ്രസിഡന്റ് എന്‍ എം അന്‍സാരി, പാച്ചല്ലൂര്‍ അബ്ദുസ്സലീം മൗലവി (മുസ്‌ലിം സംയുക്ത വേദി), ഖാസി ഫോറം പ്രസിഡന്റ് പാനിപ്ര ഇബ്രാഹീം മൗലവി, അല്‍ഹാദി അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി സൈനുദ്ദീന്‍ മൗലവി, എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി, ഹാഫിസ് മുഹമ്മദ് അഫ്‌സല്‍ ഖാസിമി, മുഹമ്മദ് ഷഫീഖ് ഖാസിമി, നിസാറുദ്ദീന്‍ മൗലവി, അബ്ദുസ്സലീം മൗലവി സംസാരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss