|    Dec 11 Tue, 2018 6:45 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

ബാബരി ദുരന്തസ്മരണകള്‍ക്ക് നോവിന്റെ 26 വര്‍ഷം

Published : 6th December 2018 | Posted By: kasim kzm

പി സി അബ്ദുല്ല

കോഴിക്കോട്: ഹിന്ദുത്വ ഭീകരതയ്ക്കു മുമ്പില്‍ രാജ്യത്തിന്റെ മുഖമുടഞ്ഞുപോയ ബാബരി ദുഃഖസ്മരണകള്‍ക്ക് ഇന്ന് 26 ആണ്ട്. ബാബരി മസ്ജിദിന്റെ പുനര്‍നിര്‍മാണത്തിലൂടെ നിര്‍ഭയ ജനാധിപത്യവും മതസഹിഷ്ണുതയും ന്യൂനപക്ഷാവകാശങ്ങളും ഇന്ത്യയില്‍ പുനസ്ഥാപിക്കപ്പെടണമെന്ന പൊതുവികാരം അലയടിക്കുമ്പോഴാണ് വര്‍ഗീയ ഫാഷിസത്തിനും ആക്രമണോല്‍സുക ഹിന്ദുത്വത്തിനുമെതിരായ ഓര്‍മപ്പെടുത്തലായി ഒരു ബാബരിദിനം കൂടി വന്നെത്തിയത്.
ഓരോ ഇന്ത്യക്കാരന്റെയും അസ്തിത്വവും അഭിമാനവും അവകാശങ്ങളും സ്വാസ്ഥ്യവുമാണ് 1992 ഡിസംബര്‍ 6ന് ബാബരി മസ്ജിദിലൂടെ തകര്‍ക്കപ്പെട്ടത്. 1949 ഡിസംബര്‍ 22ന് ഇശാ നമസ്‌കാരം കഴിഞ്ഞ് ഇമാം പോയശേഷം 60ഓളം ഹിന്ദുത്വര്‍ അതിക്രമിച്ചുകയറി പള്ളിയുടെ മിഹ്‌റാബിനുള്ളില്‍ രാമവിഗ്രഹം സ്ഥാപിച്ചു. പിന്നീട് ബാബരി മസ്ജിദിന്റെയും ഇന്ത്യാ മഹാരാജ്യത്തിന്റെയും ചരിത്രം രക്തപങ്കിലമായി.
ബാബരിയുടെ തകര്‍ച്ച വരെ നീളുന്ന വലിയൊരു ഗൂഢാലോചനയുടെ തുടക്കമായിരുന്നു അത്. നീണ്ട 17 വര്‍ഷത്തെ കാത്തിരിപ്പിന് ഒടുവിലാണ് ബാബരി മസ്ജിദ് തകര്‍ത്തതിനെക്കുറിച്ച് അന്വേഷിക്കുന്ന ലിബര്‍ഹാന്‍ കമ്മീഷന്‍ റിപോര്‍ട്ട് സമര്‍പ്പിച്ചത്.
ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ മുതിര്‍ന്ന ബിജെപി നേതാക്കളായ എല്‍ കെ അഡ്വാനി, മുരളീമനോഹര്‍ ജോഷി, കേന്ദ്രമന്ത്രി ഉമാഭാരതി ഉള്‍പ്പെടെ 13 പേര്‍ക്കെതിരേ ക്രിമിനല്‍ ഗൂഢാലോചനക്കുറ്റം കഴിഞ്ഞ ഏപ്രിലില്‍ സുപ്രിംകോടതി പുനസ്ഥാപിച്ചിരുന്നു. കേസില്‍ ഇവര്‍ വിചാരണ നേരിടണമെന്നും രണ്ടു വര്‍ഷത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കണമെന്നും ജസ്റ്റിസുമാരായ പി സി ഘോഷ്, ആര്‍ എഫ് നരിമാന്‍ എന്നിവരടങ്ങിയ ബെഞ്ച് വിധിച്ചു.
ബാബരി കേസില്‍ ആസന്നമായ പൊതുതിരഞ്ഞെടുപ്പിനു മുമ്പ് വിധി നേടാനുള്ള കേന്ദ്രസര്‍ക്കാരിന്റെയും ഹിന്ദുത്വ സംഘടനകളുടെയും നീക്കങ്ങള്‍ക്കു തിരിച്ചടിയാണ് സുപ്രിംകോടതിയില്‍ നിന്നുണ്ടായത്. എങ്കിലും, 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രാമക്ഷേത്ര നിര്‍മാണം മുഖ്യ അജണ്ടയാക്കി വര്‍ഗീയ മുതലെടുപ്പ് നടത്താന്‍ തന്നെയാണ് സംഘപരിവാര നീക്കം.
കോടതി എന്തു വിധിച്ചാലും ബാബരി മസ്ജിദ് നിലനിന്നിടത്ത് ക്ഷേത്രം പണിയുമെന്നാണ് ഹിന്ദുത്വ സംഘടനകളുടെ പ്രഖ്യാപനം.
1992ല്‍ ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടതിനു സമാനമായ അശാന്തിയാണ് ഇപ്പോള്‍ അയോധ്യയില്‍. ഭീതിമൂലം മുസ്‌ലിംകള്‍ പ്രദേശത്തു നിന്നു കൂട്ടമായി പലായനം ചെയ്യുകയാണെന്നാണ് റിപോര്‍ട്ട്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss