|    Jan 21 Sun, 2018 10:27 pm
FLASH NEWS
Home   >  Editpage  >  Lead Article  >  

ബാബരി: ഒരു ഓര്‍മപ്പെടുത്തല്‍

Published : 1st February 2016 | Posted By: SMR

ശ്യാംലാല്‍

ഈയിടെ പുറത്തിറങ്ങിയ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ ഓര്‍മക്കുറിപ്പുകളുടെ രണ്ടാംഭാഗം ‘പ്രക്ഷുബ്ധമായ വര്‍ഷങ്ങള്‍'(1980-1996), ബാബരി മസ്ജിദ്-രാമജന്മഭൂമി പ്രശ്‌നത്തിന്റെ നാള്‍വഴിയിലൂടെയുള്ള ഭാഗികമായ ഒരു സഞ്ചാരംകൂടിയാണ്. മണ്ഡല്‍വിപ്ലവത്തെ നേരിടാന്‍ ഹിന്ദുത്വരാഷ്ട്രീയം കമണ്ഡലുവുമായി തെരുവിലിറങ്ങിയ കാലഘട്ടം. ബാബരി മസ്ജിദ് പ്രശ്‌നത്തില്‍ വഴിത്തിരിവായി ഭവിച്ച 1986 ഫെബ്രുവരി ഒന്നിലെ ദുരന്തത്തിലൂടെയും ശേഷം 1992 ഡിസംബര്‍ ആറിന് ഇന്ത്യ സാക്ഷ്യംവഹിച്ച അന്തിമദുരന്തത്തിലൂടെയും പ്രണബ് മുഖര്‍ജിയുടെ ഓര്‍മകള്‍ കടന്നുപോവുന്നു. 1986ല്‍ മസ്ജിദിന്റെ പൂട്ടുതുറന്ന് പൂജയ്ക്കു നല്‍കിയ സംഭവത്തില്‍ പ്രധാനമന്ത്രി രാജീവ്ഗാന്ധിക്കും 1992ല്‍ അരങ്ങേറിയ മസ്ജിദ് ധ്വംസനത്തില്‍ പ്രധാനമന്ത്രി നരസിംഹറാവുവിനും ഉത്തരവാദിത്തമുണ്ടെന്ന് അദ്ദേഹം തുറന്നുപറയുന്നു. വിവാദമാവേണ്ടിയിരുന്ന ഈ നിരീക്ഷണങ്ങളെക്കുറിച്ച് രാജീവ്-റാവു ഭക്തരായ കോണ്‍ഗ്രസ്സുകാര്‍പോലും നിശ്ശബ്ദത പുലര്‍ത്തുന്നത് അര്‍ഥഗര്‍ഭമാണ്. എന്നാല്‍, മറക്കാതിരിക്കുകയാണ്, ഓര്‍ത്തുകൊണ്ടിരിക്കുകയാണ് ചരിത്രസന്ദര്‍ഭങ്ങളില്‍ വിവേകമതികള്‍ക്കു ചെയ്യാനുള്ളത്. 463 വര്‍ഷം നിലനില്‍ക്കുകയും 420 വര്‍ഷം മുസ്‌ലിംകള്‍ ഏറെ ദൈവാരാധന നടത്തുകയും ചെയ്തിരുന്ന ബാബരി മസ്ജിദിന്റെ ചരിത്രത്തില്‍ നാഴികക്കല്ലായ ഈ സന്ദര്‍ഭം- മസ്ജിദ് ക്ഷേത്രമാക്കിയതിന്റെ 30ാം വാര്‍ഷികദിനം- കളങ്കപങ്കിലമായ കുറേ ചെയ്തികളുടെ പേരില്‍ പശ്ചാത്തപിക്കാനെങ്കിലും പ്രേരണയാവേണ്ടതാണ്.
1528ല്‍ നിര്‍മിച്ചതു മുതല്‍ 1885 വരെ നീണ്ട 350 വര്‍ഷക്കാലം ബാബരി മസ്ജിദിനു മേല്‍ അയോധ്യയിലെ ഹിന്ദുക്കള്‍ യാതൊരു അവകാശവാദവും ഉന്നയിച്ചിരുന്നില്ല. 1885ല്‍ മഹന്ത് രഘുബീര്‍ദാസ് ഫൈസാബാദിലെ സബ് ജഡ്ജി മുമ്പാകെ ആദ്യമായി ഫയല്‍ ചെയ്ത അപേക്ഷ മസ്ജിദിനു പുറത്തെ പ്ലാറ്റ്‌ഫോമില്‍ പൂജ നടത്തിയിരുന്ന സ്ഥലത്ത് അമ്പലം പണിയാന്‍ അനുവാദത്തിനുള്ളതായിരുന്നു. അമ്പലം പണിയാനുള്ള അനുമതി നിഷേധിച്ചുകൊണ്ട് ജഡ്ജി നടത്തിയ പരാമര്‍ശം പ്രവചനസ്വഭാവമുള്ളതായിരുന്നു. അമ്പലം പണിയാന്‍ അനുവാദം നല്‍കുന്നത് കലാപത്തിനും കൊലയ്ക്കും അടിത്തറയിടാമെന്ന അദ്ദേഹത്തിന്റെ നിരീക്ഷണം ശരിയെന്ന് പിന്നീട് കാലം തെളിയിച്ചു. തുടര്‍ന്ന് അന്യയക്കാരന്‍ മേല്‍ക്കോടതികളില്‍ അപ്പീല്‍ പോയെങ്കിലും അവ തള്ളപ്പെട്ടു. മുസ്‌ലിംകള്‍ മസ്ജിദിനുള്ളില്‍ ഏകദൈവാരാധനയും ഹിന്ദുക്കള്‍ സമീപത്തെ ചബുത്ര(പ്ലാറ്റ്‌ഫോം)യില്‍ പൂജയും തുടര്‍ന്നു.
1949 ഡിസംബര്‍ 22 അര്‍ധരാത്രി വരെ ഇതായിരുന്നു സ്ഥിതി. ഹിന്ദുത്വ മതഭ്രാന്തിന്റെയും ഭൂരിപക്ഷ കൈയൂക്കിന്റെയും ഒന്നാമത്തെ ദുഷ്പ്രകടനം ആ രാത്രി ഇരുളിന്റെ മറവില്‍ നടന്നു. ജില്ലാ മജിസ്‌ട്രേറ്റ് മലയാളിയായ കെ കെ നായരുടെ ഒത്താശയോടെ അക്രമികള്‍ ആളൊഴിഞ്ഞ മസ്ജിദ് കൈയേറി അതിനുള്ളില്‍ രാമവിഗ്രഹം ബലാല്‍ക്കാരമായി കുടിയിരുത്തി. പിറ്റേന്ന്, അധികൃതര്‍ ഹിന്ദുക്കള്‍ക്ക് ദൂരെ നിന്ന് വിഗ്രഹം വണങ്ങാനുള്ള അനുവാദം നല്‍കി, മുസ്‌ലിംകള്‍ അവിടെനിന്ന് വിട്ടുനില്‍ക്കണമെന്ന നിര്‍ദേശത്തോടെ മസ്ജിദിന്റെ വാതിലുകള്‍ താഴിട്ടുപൂട്ടി. മസ്ജിദില്‍നിന്നു വിഗ്രഹം എടുത്തുമാറ്റാനുള്ള പ്രധാനമന്ത്രി നെഹ്‌റുവിന്റെയും ആഭ്യന്തരമന്ത്രി പട്ടേലിന്റെയും നിര്‍ദേശങ്ങള്‍ വനരോദനങ്ങളായി. അന്ന് ഗോവിന്ദ് വല്ലഭ് പാന്തായിരുന്നു യുപി മുഖ്യമന്ത്രി. അങ്ങനെ, ആ മഹാരഥന്മാരെ വര്‍ഗീയശക്തികള്‍ക്കു മുന്നിലെ കഴിവുകെട്ട നോക്കുകുത്തികളാക്കി ചരിത്രം മാറ്റിനിര്‍ത്തി. കെ കെ നായര്‍ക്ക് ക്ഷേത്രഭൂമി കൈയടക്കാനുള്ള ഉദ്ദേശ്യമുണ്ടായിരുന്നുവെന്ന് പിന്നീട് തെളിഞ്ഞു. എങ്കിലും നായരും ഭാര്യയും ഭാരതീയ ജനസംഘത്തിന്റെ എംപിമാരായി.
ദുരന്തകഥയിലെ ഓരോ എപ്പിസോഡും മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥ പ്രകാരമായിരുന്നു. 1986 ഫെബ്രുവരി ഒന്നാം തിയ്യതി ജില്ലാ ജഡ്ജി കെ എം പാണ്ഡെ ഏതാനും മിനിറ്റുകള്‍ മാത്രം നീണ്ട കോടതി നടപടികള്‍ക്കൊടുവില്‍ മസ്ജിദിന്റെ പൂട്ടുതുറന്ന് ഹിന്ദുക്കള്‍ക്ക് പൂജ നടത്താന്‍ അനുവാദം നല്‍കിക്കൊണ്ട് ഉത്തരവിറക്കി. ഇതോടെ മുസ്‌ലിംകള്‍ക്കു മസ്ജിദ് പൂര്‍ണമായും നഷ്ടപ്പെട്ടു. ഈ നാടകത്തില്‍ ദുഷ്ടകഥാപാത്രങ്ങള്‍ ഏറെയാണ്. വിശ്വഹിന്ദുപരിഷത്ത് 1986 മാര്‍ച്ച് 9 രാമജന്‍മഭൂമി വിമോചനദിനമായി പ്രഖ്യാപിച്ച് സംഘര്‍ഷാന്തരീക്ഷം ശക്തിപ്പെടുത്തി. 1985 ഡിസംബര്‍ 19ന് യുപി മുഖ്യമന്ത്രി വീര്‍ബഹാദൂര്‍സിങ് അയോധ്യ സന്ദര്‍ശിച്ച് വിഎച്ച്പി നേതാക്കളില്‍നിന്ന് നിവേദനം ഏറ്റുവാങ്ങുന്നു. ഉമേഷ് ചന്ദ്ര പാണ്ഡെ എന്ന അഭിഭാഷകന്‍ 1986 ജനുവരി 25ന് തനിക്കും ഹിന്ദുക്കള്‍ക്കും ശ്രീരാമനെ ആരാധിക്കുന്നതിനുള്ള എല്ലാ വിലക്കുകളും നീക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മുന്‍സിഫ് കോടതിയില്‍ ഹരജി നല്‍കുന്നു. ഹരജി നിരസിക്കപ്പെട്ടതിനെ തുടര്‍ന്ന് ജില്ലാ ജഡ്ജിയുടെ മുമ്പാകെ അപ്പീല്‍ ബോധിപ്പിക്കുന്നു. വിചാരണയില്‍ കക്ഷിചേരാന്‍ മുസ്‌ലിംകള്‍ക്കു വേണ്ടി മുഹമ്മദ് ഹാശിം സമര്‍പ്പിച്ച ഹരജി തള്ളപ്പെടുന്നു. പള്ളി പൂട്ടിയത് മുസ്‌ലിംകളല്ലാത്തതിനാല്‍ അവര്‍ കക്ഷിചേരേണ്ടതില്ലെന്നായിരുന്നു വിധി. ”ഗേറ്റിന്റെ പൂട്ടു തുറക്കുന്നതുകൊണ്ട് ആകാശം ഇടിഞ്ഞുവീഴാനൊന്നും പോവുന്നില്ല”- വിധിന്യായത്തിലെ ഒരു വാചകം ഇതായിരുന്നു. ആകാശം ഇടിഞ്ഞുവീണില്ലെങ്കിലും ഭൂമി പിളര്‍ന്നുപോയില്ലെങ്കിലും ഇന്ത്യയുടെ തലങ്ങും വിലങ്ങും ആ വിധി സൃഷ്ടിച്ച പ്രത്യാഘാതങ്ങള്‍ മൂന്നു പതിറ്റാണ്ടുകള്‍ക്കുശേഷവും രൂക്ഷമായി വളര്‍ന്നുകൊണ്ടിരിക്കുന്നു.
നീതിനിര്‍വഹണത്തിന്റെ യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെയുള്ള ആ വിധി വളരെ വിപുലമായ ഒരു ഗൂഢാലോചനയുടെയും രാഷ്ട്രീയ അജണ്ടയുടെയും ഫലമായിരുന്നു. തര്‍ക്കഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് ഹൈക്കോടതിയുടെ മുമ്പിലുണ്ടായിരുന്ന കേസ്‌പോലും അവഗണിച്ചുകൊണ്ടായിരുന്നു മസ്ജിദ് വിഗ്രഹപൂജയ്ക്കു തുറന്നുകൊടുത്തുകൊണ്ടുള്ള കീഴ്‌ക്കോടതി തീരുമാനം.
1949ല്‍ വിഗ്രഹപ്രതിഷ്ഠയുടെ കാലത്തെന്നപോലെ, അന്നും കേന്ദ്രത്തില്‍ കോണ്‍ഗ്രസ് ഭരണമായിരുന്നു. പിന്നീട് പ്രത്യക്ഷ ഹിന്ദുത്വവര്‍ഗീയതയെ പ്രതിരോധിക്കാന്‍ രാജീവ്ഗാന്ധി പരോക്ഷ ഹിന്ദുത്വവര്‍ഗീയതയുടെ കാര്‍ഡ് ഇറക്കിക്കളിച്ചു. 1989 നവംബര്‍ 9ന് തര്‍ക്കഭൂമിയില്‍ ശിലാന്യാസത്തിന് അനുമതി നല്‍കിയതും രാജീവ്ഗാന്ധിയായിരുന്നു. രാജീവിന്റെ കാലടികള്‍ പിന്തുടരുക മാത്രമാണ് പിന്നീട് പ്രധാനമന്ത്രിയായി അധികാരമേറ്റ റാവു ചെയ്തത്.
ഇനി പ്രണബ് മുഖര്‍ജിയുടെ പുസ്തകത്തിലെ വരികള്‍ ശ്രദ്ധിക്കുക: ”1986 ഫെബ്രുവരി ഒന്നിന് രാമജന്മഭൂമി ക്ഷേത്രഭൂമി(?) തുറന്നത് ഒരുപക്ഷേ, മറ്റൊരു തെറ്റായ തീര്‍പ്പായിരുന്നു. ഈ നടപടികള്‍ ഒഴിവാക്കാമായിരുന്നുവെന്നാണ് ജനങ്ങള്‍ കരുതിയത്. ബാബരിയുടെ തകര്‍ച്ച നരസിംഹറാവുവിന്റെ ഏറ്റവും വലിയ പരാജയമായിരുന്നുവെന്ന് അദ്ദേഹം തുടര്‍ന്നെഴുതുന്നുണ്ട്. രാഷ്ട്രപതിയാണ് ഇന്ന് പ്രണബ് മുഖര്‍ജി. മതവിദ്വേഷത്തിന്റെ ശക്തികള്‍ക്കു മുകളില്‍ ഭരണഘടനാപരമായി അവരോധിക്കപ്പെട്ട രാഷ്ട്രത്തലവന്‍. പിന്‍കഴിഞ്ഞ ദുരന്തദിനങ്ങളുടെ ഓര്‍മകള്‍ക്കിപ്പുറം മതനിരപേക്ഷമൂല്യങ്ങളും ന്യൂനപക്ഷാവകാശങ്ങളും ആ കൈകളില്‍ എത്ര ഭദ്രമായിരിക്കുമെന്നാണ് രാഷ്ട്രം ഉറ്റുനോക്കുന്നത്. $

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day