|    Nov 13 Tue, 2018 10:06 am
FLASH NEWS
Home   >  Editpage  >  Lead Article  >  

ബാധ്യതകളില്ലാത്ത അധികാരം

Published : 24th June 2018 | Posted By: kasim kzm

അവകാശങ്ങള്‍  നിഷേധങ്ങള്‍ – ബാബുരാജ്  ബി  എസ്
1957ല്‍ കേരളത്തില്‍ ഇഎംഎസിന്റെ നേതൃത്വത്തില്‍ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ അധികാരത്തിലേറി. തൊഴിലാളികളുടെയും പാവപ്പെട്ടവരുടെയും ആശയും അഭിലാഷവുമായിരുന്നു ആ ഭരണകൂടം.
പക്ഷേ, സിവില്‍ സര്‍വീസ് അതിശക്തമായിരുന്നു. സര്‍ക്കാരിനെ അനുസരിക്കുക തങ്ങളുടെ ബാധ്യതയാണെന്ന് അവര്‍ കരുതിയില്ല. തങ്ങളുടെ നേതൃത്വം കേന്ദ്രമാണെന്ന് അവര്‍ ‘ശരിയായി’ സങ്കല്‍പ്പിച്ചു. പോലിസും അങ്ങനെത്തന്നെ. വടക്കോട്ടു പോവാന്‍ പറഞ്ഞാല്‍ തെക്കോട്ടു പോവും. എന്‍ ചന്ദ്രശേഖരന്‍ നായരായിരുന്നു ഐജി. അവര്‍ എപ്പോഴും അതിക്രമം കാണിച്ചു. നിസ്സഹകരണം സഹിക്കവയ്യാതായപ്പോള്‍ ഇഎംഎസ് ആഭ്യന്തരമൊഴിഞ്ഞു. കൃഷ്ണയ്യര്‍ ആ സ്ഥാനമേറ്റെടുത്തു. എന്നിട്ടും കാര്യങ്ങള്‍ മാറിയില്ല. ചന്ദനത്തോപ്പില്‍ സമരം ചെയ്ത തൊഴിലാളികള്‍ക്കെതിരേ പോലിസ് വെടിയുതിര്‍ത്തു. രണ്ടുപേര്‍ മരിച്ചു. വെടിവയ്പിനെ ന്യായീകരിക്കാനായിരുന്നു സര്‍ക്കാരിന് ധൃതി. താമസിയാതെ കൃഷ്ണയ്യര്‍ അധികാരമൊഴിഞ്ഞു. അച്യുതമേനോന്‍ ആഭ്യന്തരമന്ത്രിയായി.
ഇത്രയൊക്കെയായിട്ടും ഉദ്യോഗസ്ഥരുടെ മനോഭാവത്തെ എതിര്‍ക്കാനോ അതിനു കഴിഞ്ഞില്ലെങ്കില്‍ ജനങ്ങളോട് തുറന്നുപറയാനോ കമ്മ്യൂണിസ്റ്റുകള്‍ തയ്യാറായില്ല. പകരം അവരും അതിന്റെ ഭാഗമായി, അധികാരത്തില്‍ കടിച്ചുതൂങ്ങി. പോരാഞ്ഞിട്ട് പോലിസിനെ ന്യായീകരിക്കുകയും ചെയ്തു. കെ ദാമോദരനായിരുന്നു ന്യായീകരിച്ചു പ്രസംഗിക്കാനുള്ള ചുമതല. അത് അദ്ദേഹം ‘ഭംഗിയായി’ നിര്‍വഹിച്ചു. അന്നു രാത്രി താന്‍ ഭാര്യയോട് തട്ടിക്കയറിയെന്നും പ്രസംഗിച്ചതോര്‍ത്ത് ഓക്കാനം വന്നുവെന്നും അദ്ദേഹം പിന്നീട് എഴുതി. പാര്‍ട്ടിയോട് തട്ടിക്കയറാതെ തന്റെ അരിശം അദ്ദേഹം ഭാര്യയോട് തീര്‍ത്തു.
ആറു പതിറ്റാണ്ടിനുശേഷം ഡല്‍ഹിയില്‍ കെജ്‌രിവാള്‍ നടത്തുന്ന സമരത്തെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയെക്കുറിച്ച് വായിച്ചറിഞ്ഞ കാര്യങ്ങളാണു മനസ്സില്‍. ഐഎഎസുകാരും പോലിസും തങ്ങളെ അനുസരിക്കുന്നില്ലെന്നായിരുന്നു ഡല്‍ഹി മുഖ്യമന്ത്രിയുടെ പരാതി. സ്വതന്ത്ര സംസ്ഥാനപദവിയാണ് അവസാന ആവശ്യമെങ്കിലും ഐഎഎസ് ഉദ്യോഗസ്ഥരുടെ നിസ്സഹകരണമായിരുന്നു കെജ്‌രിവാളിനെ പ്രകോപിപ്പിച്ചത്. ഉദ്യോഗസ്ഥര്‍ക്ക് ലഫ്റ്റനന്റ് ഗവര്‍ണറോടായിരുന്നു കൂറ്. അവര്‍ സ്വതന്ത്രശക്തിയായി വളര്‍ന്നു. ഇതിനെതിരായിരുന്നു കെജ്‌രിവാളിന്റെ പോരാട്ടം. 10 ദിവസത്തിനു ശേഷം സമരം അവസാനിപ്പിക്കുമ്പോള്‍ കാര്യങ്ങളില്‍ വലിയ മാറ്റമൊന്നുമുണ്ടായിട്ടില്ല. എങ്കിലും 57ലെ കമ്മ്യൂണിസ്റ്റുകളില്‍ നിന്നു വ്യത്യസ്തമായി തന്റെ പ്രതിഷേധം അസാധാരണമായിത്തന്നെ പ്രകടിപ്പിക്കാന്‍ തയ്യാറായതില്‍ കെജ്‌രിവാള്‍ അഭിനന്ദനമര്‍ഹിക്കുന്നു.
അധികാരം ജാതിയുമായി എങ്ങനെ കൂടിക്കുഴഞ്ഞു കിടക്കുന്നുവെന്ന് ഭരണഘടനാ നിര്‍മാണസഭയുടെ കാലത്തുതന്നെ നമ്മുടെ ദേശീയനേതാക്കന്‍മാര്‍ തിരിച്ചറിഞ്ഞിരുന്നു. അവരില്‍ പലരും ആ ഘടന പൊളിക്കാന്‍ ആഗ്രഹിച്ചു. പ്രാദേശിക അധികാരത്തിനു മുകളില്‍ ജനാധിപത്യസ്ഥാപനത്താല്‍ നിയന്ത്രിക്കപ്പെടുന്ന കേന്ദ്രത്തിന്റെ അധികാരം ജാത്യാധികാരത്തെ ഇല്ലായ്മചെയ്യുമെന്നായിരുന്നു വിലയിരുത്തല്‍. അംബേദ്കര്‍ ഇക്കാര്യത്തില്‍ പ്രത്യേക ശ്രദ്ധപതിപ്പിച്ചു. ജനാധിപത്യം പ്രസരിപ്പിക്കാനും പ്രാദേശികമായി പ്രവര്‍ത്തിക്കുന്ന ജാത്യാധികാരത്തെ ഇല്ലായ്മ ചെയ്യാനും രാജ്യത്തിന്റെ അഖണ്ഡതയ്ക്കും കേന്ദ്ര സര്‍വീസ് ഉപകരിക്കുമെന്നായിരുന്നു കണക്കുകൂട്ടല്‍. കൊളോണിയല്‍ ഭരണകൂടം ഒസ്യത്തുപോലെ കനിഞ്ഞുനല്‍കിയ മാതൃകയില്‍ ഒരു കേന്ദ്ര സിവില്‍ സര്‍വീസ് രൂപംകൊള്ളുന്നത് അങ്ങനെയാണ്. അതോടെ വിദൂരസ്ഥമായ സംസ്ഥാന സര്‍ക്കാരില്‍ നിന്ന് സ്വതന്ത്രമായി അവരോട് യാതൊരു ബാധ്യതകളുമില്ലാതെ അധികാരം ആസ്വദിക്കുന്ന ഒരു പരാന്നവര്‍ഗം നിലവില്‍ വന്നു. അതിന്റെ ഇരയായിരുന്നു 1957ലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാരും ഇപ്പോള്‍ ഡല്‍ഹിയിലെ കെജ്‌രിവാള്‍ ഭരണകൂടവും. മറ്റു സംസ്ഥാനങ്ങളുടെ അവസ്ഥയും വ്യത്യസ്തമല്ല.
അത്തരമൊരു സ്വതന്ത്ര അധികാരകേന്ദ്രം നമ്മെ അസ്വസ്ഥമാക്കുന്നുണ്ട്. പ്രാദേശിക ജീവിതത്തിന്റെ ചലനങ്ങളും തുടിപ്പുകളും തിരിച്ചറിയാത്ത ഒരു വിഭാഗം സമൂഹത്തിന് പ്രത്യേകിച്ചൊരു സഹായവും നല്‍കാതെ തടിച്ചുകൊഴുക്കുന്നു. ഇടവേളകളില്‍ വിവിധ കമ്പനികളുടെ മേലധികാരികളായി അവരോധിക്കപ്പെടുന്ന ഇവര്‍ അവയെ മുച്ചൂടും മുടിച്ചാണ് പുതിയ താവളങ്ങള്‍ തേടുന്നത്.
കഴിഞ്ഞ വര്‍ഷം ഉണ്ടായ മൂന്നാറിലെ കൈയേറ്റഭൂമി പ്രശ്‌നത്തില്‍ ഇത്തരമൊരു സ്ഥിതി സംജാതമായിരുന്നു. അന്നത്തെ അസി. കലക്ടര്‍ സംസ്ഥാന സര്‍ക്കാരിനെ മറികടന്നാണ് പോലിസ് സേനയെ മൂന്നാറിലെത്തിച്ചത്, അതും പരിസ്ഥിതി സംരക്ഷണത്തിന്റെ മറവില്‍. മൂന്നാറില്‍ ഒരു വെള്ളപ്പൊക്കമുണ്ടാവുമെന്നും അതു തടയാനാണ് സേനയെന്നുമായിരുന്നു ന്യായീകരണം. ഒരുഘട്ടത്തില്‍ മുഖ്യമന്ത്രി ചോദിച്ചു, അതേതാണു പട്ടാളം? സംസ്ഥാന സര്‍ക്കാരിന്റെ കൈയേറ്റ അനുകൂല നിലപാടുകളോടുള്ള പ്രതിഷേധംകൊണ്ടാവാം അന്ന് ഇക്കാര്യം ചര്‍ച്ചചെയ്യപ്പെട്ടില്ല.
ഇപ്പോള്‍ പോലിസ് ദാസ്യവൃത്തിയിലും ഇത്തരമൊരു ബലതന്ത്രം പ്രവര്‍ത്തിക്കുന്നുണ്ട്. സര്‍ക്കാരിന്റെ നിര്‍ദേശങ്ങളെ പുല്ലുവില കല്‍പിച്ചാണ് കേന്ദ്ര സര്‍വീസിലുള്ളവര്‍ പ്രവര്‍ത്തിക്കുന്നത്. സര്‍ക്കാരിനാവട്ടെ അവരെ പിണക്കാനും വയ്യ.             ി

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss