|    Feb 20 Mon, 2017 9:57 pm
FLASH NEWS

ബാണാസുര മലയോരത്ത് വീണ്ടും പാറ ഖനനത്തിന് അനുമതി

Published : 1st December 2016 | Posted By: SMR

അബ്ദുല്ല പള്ളിയാല്‍

മാനന്തവാടി: രണ്ടുതവണ ഉരുള്‍പൊട്ടുകയും ഒരു ആദിവാസി സ്ത്രീ മരിക്കുകയും ചെയ്ത ബാണാസുര മലയോരത്ത് മുന്‍ ജില്ലാ കലക്ടര്‍ സ്‌റ്റോപ്പ് മെമ്മോ നല്‍കിയ കരിങ്കല്‍ ക്വാറിക്ക് രാഷ്ട്രീയ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് വീണ്ടും പ്രവര്‍ത്തനാനുമതി. വെള്ളമുണ്ട പഞ്ചായത്തിലെ പുളിഞ്ഞാല്‍ പെരുങ്കുളത്ത് കാപ്പിത്തോട്ടത്തിനുള്ളില്‍ വെള്ളമുണ്ട വില്ലേജിലെ സര്‍വേ നമ്പര്‍ 596ല്‍ ക്രഷറിനോട് ചേര്‍ന്ന് പ്രവര്‍ത്തിച്ചു വന്ന കോറിക്കാണ് വീണ്ടും പാറപൊട്ടിക്കാനായി കഴിഞ്ഞ ദിവസം അനുമതി നല്‍കിയത്. ഇപ്പോള്‍ ഉഗ്രസ്‌ഫോടന ശേഷിയുള്ള യന്ത്രങ്ങള്‍ ഉപയോഗിച്ച് നിത്യവും നൂറുകണക്കിന് ലോഡ് കരിങ്കല്ലാണ് പൊട്ടിച്ചു കടത്തുന്നത്. ജില്ലയില്‍ 2007ലുണ്ടായ കനത്ത കാലവര്‍ഷക്കെടുതിയെ തുടര്‍ന്ന് അന്നത്തെ സര്‍ക്കാര്‍ പഠനത്തിനായി നിയോഗിച്ച തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സ് അതീവ പീരിസ്ഥിക ദുര്‍ബല പ്രദേശമെന്നു കണ്ടത്തെിയ സ്ഥലത്താണ് ഇപ്പോള്‍ പാറഖനനത്തിനായി അനുമതി നല്‍കിയിരിക്കുന്നത്. 1992ലും 2009ലുമായിരുന്നു ഇവിടെ ഉരുള്‍പൊട്ടല്‍ സംഭവിച്ചത്. 2009ലെ ഉരുള്‍പൊട്ടലിലാണ് താഴ്‌വാരത്ത് താമസിച്ചിരുന്ന ചീര എന്ന ആദിവാസി സ്ത്രീ വെള്ളത്തില്‍ ഒലിച്ചുപോയത്. പ്രദേശത്തെ നിരവധി വീടുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിരുന്നു. ഇതോടെ നേരത്തെയുണ്ടായിരുന്ന കൈകൊണ്ടുള്ള പാറപൊട്ടിക്കല്‍ പോലും നിര്‍ത്തലാക്കി. പിന്നീട് നേരത്തെയുണ്ടായിരുന്ന ക്രഷര്‍ യൂനിറ്റിലേക്ക് പോലും മറ്റിടങ്ങളില്‍ നിന്നു കരിങ്കല്ല് കൊണ്ടുവന്നാണ് പ്രവര്‍ത്തിപ്പിച്ചിരുന്നത്. എന്നാല്‍, കഴിഞ്ഞ വര്‍ഷം വീണ്ടും പാറഖനനത്തിനായി രേഖകള്‍ റവന്യൂ ഉദ്യോഗസ്ഥരെ സ്വാധീനിച്ച് സമ്പാദിക്കുകയും പ്രവര്‍ത്തനാനുമതി നേടുകയുമായിരുന്നു. തുടര്‍ന്ന് യന്ത്രങ്ങള്‍ ഉപയോഗിച്ച് ഉഗ്രസ്‌ഫോടനത്തോടെ ഖനനം ആരംഭിച്ചതോടെ പ്രദേശവാസികള്‍ ക്വാറിക്കെതിരേ രംഗത്തുവന്നു. നൂറിലധികം പേര്‍ ഒപ്പിട്ട ഹരജി മുന്‍ ജില്ലാ കലക്ടര്‍ക്ക് നല്‍കുകയും കലക്ടറും വിദഗ്ധ സംഘവും സ്ഥലം പരിശേധിച്ച് 2016 മാര്‍ച്ച് 18ന് ക്വാറി പ്രവര്‍ത്തനത്തിന് സ്‌റ്റേ നല്‍കുകയുമായിരുന്നു. കലക്ടര്‍ സ്ഥലംമാറിയതോടെ ഉന്നത രാഷ്ട്രീയ ഇടപെടലുകളെ തുടര്‍ന്നാണ് കഴിഞ്ഞ ദിവസം വീണ്ടും പ്രവര്‍ത്തനാനുമതി നല്‍കിയതെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. ഡിസംബര്‍ ആറുവരെ പ്രവര്‍ത്തിക്കാനാണ് ഇപ്പോള്‍ വെള്ളമുണ്ട പഞ്ചായത്ത് അനുമതി നല്‍കിയിരിക്കുന്നത്. ക്വാറിയുടെ 100 മീറ്റര്‍ ദൂരപരിധിക്കുള്ളിലായി സര്‍ക്കാര്‍ മിച്ചഭൂമിയായി പിടിച്ചെടുത്ത സ്ഥലത്ത് എകെഎസ് വര്‍ഷങ്ങള്‍ക്കു മുമ്പ് ആദിവാസികളെ പാര്‍പ്പിച്ചതില്‍ കൈവശാവകാശരേഖ നേടിയ പണിയവിഭാഗത്തില്‍ പെട്ട കോപ്പനും തുറുമ്പിയും ഇപ്പോഴും താമസിക്കുന്നുണ്ട്. ഉഗ്രശേഷിയുള്ള സ്‌ഫോടനത്തെ തുടര്‍ന്ന് പാറക്കഷ്ണങ്ങള്‍ വീട്ടുമുറ്റത്ത് പതിക്കുന്നതായി ഇവര്‍ പരാതിപ്പെടുന്നു. ക്വാറിയുടെ പരിസരത്ത് താമസിക്കുന്ന തണ്ടേല്‍ ജോയി, ഷിജു, കൊളക്കാട്ടുകുഴിയില്‍ തോമസ്, വട്ടുകുളത്തില്‍ ജോണ്‍സന്‍ തുടങ്ങി നിരവധി പേരുടെ വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. മിച്ചഭൂമി നിയമത്തില്‍ നിന്നു കാപ്പിത്തോട്ടം എന്ന പേരില്‍ ഒഴിവാക്കപ്പെട്ട ഭൂമിയാണ് പിന്നീട് റവന്യൂ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ രേഖകളില്‍ കൃത്രിമം നടത്തി പാറഖനനത്തിനും ക്രഷര്‍ പ്രവര്‍ത്തിപ്പിക്കാനും ഉപയോഗിച്ചതെന്നും പരാതിയുണ്ട്. വാളാരംകുന്നില്‍ ആദിവാസി ഭൂമികൈയേറി പാറപൊട്ടിക്കുന്നതിന് കൂട്ടുനിന്ന റവന്യൂ ഉദ്യോഗസ്ഥര്‍ തന്നെയാണ് ഇതിനും കൂട്ടുനില്‍ക്കുന്നതെന്നും പ്രദേശവാസികള്‍ ആരോപിക്കുന്നു. മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് പുറമെ നിന്നു കാണാന്‍ കഴിയാത്ത വിധം കമ്പിവേലികളും മറകളും തീര്‍ത്ത് ക്വാറിയും ക്രഷറും പ്രവര്‍ത്തിക്കുന്നത്. പാറ കണ്ടെത്താനായി മേല്‍മണ്ണ് വന്‍തോതില്‍ നീക്കം ചെയ്തു പ്രദേശത്ത് കുന്നുകൂട്ടിയിരിക്കുകയാണ്. 20 അടി ഉയരത്തില്‍ കട്ടിങുകള്‍ വേണമെന്നിരിക്കെ, ഇതൊന്നും പാലിക്കാതെ ആഴത്തിലാണ് പാറ കുഴിച്ചെടുത്തിരിക്കുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 7 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക