|    Sep 25 Tue, 2018 2:08 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

ബാണാസുര ഡാം ഷട്ടര്‍ തുറന്നതില്‍ നടപടിക്രമം പാലിച്ചില്ല; കലക്ടര്‍ വിശദീകരണം തേടി

Published : 13th August 2018 | Posted By: kasim kzm

കല്‍പ്പറ്റ: പടിഞ്ഞാറത്തറ ബാണാസുരസാഗര്‍ ഡാം ഷട്ടറുകള്‍ തുറന്നതില്‍ നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്ന പരാതിയില്‍ ജില്ലാ കലക്ടര്‍ കെഎസ്ഇബി ഉദ്യോഗസ്ഥരോട് വിശദീകരണം തേടി. ഡാം തുറക്കുന്നതുമായി ബന്ധപ്പെട്ട എല്ലാ നടപടികളും പാലിക്കണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ ചെയര്‍മാന്‍കൂടിയായ ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍, ഇതുണ്ടായില്ല. നേരത്തേ ഡാം അടച്ചതും കലക്ടറെ അറിയിച്ചിരുന്നില്ല.
സാങ്കേതികമായ നടപടിക്രമങ്ങള്‍ ലംഘിച്ചുകൊണ്ടാണ് ഡാം തുറന്നതെന്ന പരാതി അന്വേഷിക്കുമെന്ന് കലക്ടര്‍ എ ആര്‍ അജയകുമാര്‍ അറിയിച്ചു. മുന്നറിയിപ്പില്ലാതെ ഡാം ഷട്ടറുകള്‍ തുറന്നതോടെ കടമാന്‍തോടിന്റെ ഇരുകരകളിലുമുള്ള നിരവധി വീടുകള്‍ വെള്ളത്തിലായി. ഡാം ഷട്ടര്‍ 90 സെന്റിമീറ്റര്‍ ഉയരത്തില്‍ ഇപ്പോഴും തുറന്നിട്ടിരിക്കുകയാണ്. ഇതു സമീപപ്രദേശങ്ങളെ സാരമായി ബാധിച്ചു. പനമരം പുഴ അസാധാരണമായി കരകവിയാനും കാരണമായി. ഡാമിലേക്കുള്ള നീരൊഴുക്ക് കൂടിവരുന്നതിനാല്‍ ഷട്ടറുകള്‍ 150 സെന്റിമീറ്റര്‍ വരെ ഉയര്‍ത്തുമെന്നാണ് ഇന്നലെ വൈകീട്ട് അധികൃതര്‍ പുറപ്പെടുവിച്ച മുന്നറിയിപ്പ്.
1999ല്‍ കമ്മീഷന്‍ ചെയ്ത പദ്ധതിയുടെ റിസര്‍വോയറില്‍ നിന്നു നാല് ഷട്ടറുകളിലൂടെയാണ് ബുധനാഴ്ച രാത്രി മുതല്‍ വെള്ളം തുറന്നുവിട്ടത്. റിസര്‍വോയറിന്റെ സംഭരണശേഷിയായ 775.6 മീറ്റര്‍ വെള്ളം നിറഞ്ഞതോടെ ആദ്യമായി ജൂലൈ 15നാണ് ഒരു ഷട്ടര്‍ 20 സെന്റിമീറ്റര്‍ ഉയര്‍ത്തി വെള്ളം തുറന്നുവിടാന്‍ ആരംഭിച്ചത്. തൊട്ടടുത്ത ദിവസം ഇത് മൂന്ന് ഷട്ടറുകള്‍ തുറന്ന് 90 സെന്റിമീറ്റര്‍ വരെയാക്കി. പിന്നീട് മഴയുടെ തോതനുസരിച്ച് കൂട്ടിയും കുറച്ചും വെള്ളം തുറന്നുവിടുകയായിരുന്നു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss