|    Aug 24 Thu, 2017 4:53 am
FLASH NEWS

ബാണാസുര ഡാം ദുരന്തം നാലാഴ്ച പിന്നിട്ടിട്ടും സുരക്ഷയൊരുക്കാന്‍ നടപടിയില്ല

Published : 9th August 2017 | Posted By: fsq

 

മാനന്തവാടി: ബാണാസുര ഡാം ദുരന്തം നടന്ന് നാലാഴ്ച കഴിഞ്ഞിട്ടും ജില്ലാ കലക്ടര്‍ നിയോഗിച്ച പ്രത്യേക സമിതി സംഭവം സംബന്ധിച്ച റിപോര്‍ട്ട് നല്‍കിയില്ല. അപകടമുണ്ടായ സാഹചര്യത്തെക്കുറിച്ചും സുരക്ഷ ശക്തമാക്കുന്നതിനെക്കുറിച്ചും അന്വേഷിച്ച്  ഒരാഴ്ചക്കകം റിപോര്‍ട്ട് നല്‍കാനായിരുന്നു പ്രത്യേക സമിതിയെ ജില്ലാ കലക്ടര്‍ നിയോഗിച്ചത്. എന്നാല്‍ ഈ കാലയളവിനുള്ളില്‍ ഒരു തവണ മാത്രം കൂടിയ കമ്മിറ്റി ഇത് വരെയും അന്തിമ റിപോര്‍ട്ട് തയ്യാറാക്കി നല്‍കിയിട്ടില്ല. ബാണാസുര ഡാം റിസര്‍വ്വൊയറില്‍ കഴിഞ്ഞ മാസം പതിനാറിനായിരുന്നു മീന്‍ പിടിക്കാന്‍ പോയ കൊട്ടത്തോണി മറിഞ്ഞ് നാലുപേര്‍ വെള്ളത്തില്‍ മുങ്ങി മരിച്ചത്. തുടര്‍ച്ചയായ നാലു ദിവസത്തെ തിരച്ചിലുകള്‍ക്കൊടുവിലാണ് നാലു പേരുടെയും മൃതദേഹങ്ങള്‍ റിസര്‍വ്വൊയറില്‍ നിന്നും ലഭിച്ചത്. ഇന്ത്യന്‍ നാവികസേനയുടേതുള്‍പ്പെടെ സേവനമുപയോഗിച്ച് ലക്ഷക്കണക്കിന് രൂപ ചെലവഴിച്ചാണ് നാല് ദിവസം തിരച്ചില്‍  നടത്തിയത്. മൃതദേഹങ്ങള്‍ ലഭിച്ച ശേഷം സംഭവം സംബന്ധിച്ച് വിശദമായ അന്വേഷണം നടത്താന്‍ ജില്ലാ കലക്ടര്‍ ആറംഗ സമിതിയെ നിയോഗിച്ചിരുന്നു. ഇതോടൊപ്പം ബാണാസുര, കാരാപ്പുഴ ഡാമുകളില്‍ അടിക്കടിയുണ്ടാവുന്ന അപകടങ്ങള്‍ ഇല്ലാതാക്കാനുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനും സമിതിയെ ചുമതലപ്പെടുത്തുകയുണ്ടായി. അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് (എഡിഎം) ചെയര്‍മാനായും അഗ്‌നിശമന രക്ഷാ സേന അഡീഷണല്‍ ജില്ലാ ഓഫിസര്‍, സൗത്ത് വയനാട് ഡിവിഷനല്‍ ഫോറസ്റ്റ് ഓഫിസര്‍, കെഎസ്ഇബി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍, കാരാപ്പുഴ ഇറിഗേഷന്‍ പ്രൊജക്ട് മൈനര്‍ ഇറിഗേഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍, വൈത്തിരി തഹസില്‍ദാര്‍ എന്നിവര്‍ അംഗങ്ങളുമായുള്ള അന്വേഷണ സമിതിയെയാണ് ഇതിനായി നിയോഗിച്ചത്. ഒരാഴ്ചക്കകം സമിതിയോട് റിപോര്‍ട്ട് നല്‍കാനും ജില്ലാ കലക്ടര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സമിതിയെ നിയോഗിച്ച് മൂന്നാഴ്ച പിന്നിട്ടിട്ടും സമിതി ഒരു തവണ മാത്രമാണ് കൂടിയിരുന്നു വിഷയത്തെ ക്കുറിച്ച് പ്രാഥമിക ചര്‍ച്ച നടത്തിയത്. ഈ യോഗത്തില്‍ യാതൊരു തീരുമാനങ്ങളും കൈകൊള്ളാതെ ചര്‍ച്ചകള്‍ മാത്രം നടത്തുകയും നിര്‍ദേശങ്ങള്‍ അടുത്ത യോഗത്തിലേക്ക് മാറ്റിവയ്ക്കുകയുമായിരുന്നുവത്രെ. ആദ്യ യോഗത്തില്‍ തന്നെ മുഴുവന്‍ അംഗങ്ങളും പങ്കെടുത്തില്ലെന്നും പറയപ്പെടുന്നു. അടുത്ത സിറ്റിങ് എപ്പോള്‍ നടത്തണമെന്നോ ജില്ലാ കലക്ടര്‍ക്ക് എപ്പോള്‍ റിപോര്‍ട്ട് നല്‍കണമെന്നോ ഇനിയും സമിതി തീരുമാനിച്ചിട്ടില്ല. അപകടം സംബന്ധിച്ച് ദുരൂഹതകള്‍ ഉയര്‍ന്നിരുന്നെങ്കിലും ഇത് പരിശോധിക്കാന്‍ പോലിസിനോടാവശ്യപ്പെടാന്‍ പോലും അധികൃതര്‍ക്ക് ഇനിയും കഴിഞ്ഞിട്ടില്ല. അപകടത്തില്‍പ്പെട്ട് രക്ഷപ്പെട്ട സംഘത്തിനെതിരേ കേസെടുക്കാ ന്‍ ആവശ്യപ്പെടാനും റിസര്‍വ്വൊയറില്‍ കൊട്ടത്തോണികള്‍ ഉപയോഗിച്ച് മീന്‍പിടിക്കുന്നത് തടയാനും കെഎസ് ഇബി തീരുമാനിച്ചിരുന്നെങ്കിലും സമിതിയെ നിയോഗിച്ചതോടെ സമിതി റിപോര്‍ട്ടിന് ശേഷം കലക്ടറുടെ തീരുമാനപ്രകാരം മുന്നോട്ട് പോകാമെന്നായിരുന്നു ഡാം അധികൃതരുടെ നിലപാട്. അപകടത്തിന് ശേഷവും നിര്‍ബാധം നടക്കുന്ന മീന്‍പിടുത്തം നിയന്ത്രിക്കാനും ശ്രമങ്ങളുണ്ടായില്ല.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക