|    Oct 20 Fri, 2017 2:41 pm
FLASH NEWS

ബാണാസുര ഡാം അപകടം നിയമ വിരുദ്ധ പ്രവര്‍ത്തനം നടത്തുന്നതിനിടെയെന്ന് റിപോര്‍ട്ട്

Published : 12th August 2017 | Posted By: fsq

 

മാനന്തവാടി: ബാണാസുര ഡാം റിസര്‍വ്വൊയര്‍ അപകടം സംബന്ധിച്ച റിപോര്‍ട്ട് അന്വേഷണ സംഘം ജില്ലാ കലക്ടര്‍ക്ക് കൈമാറി. നാലു പേരുടെ മരണത്തിനിടയാക്കിയ അപകടത്തെക്കുറിച്ചും കാരപ്പുഴ ബാണാസുര ഡാം റിസര്‍വോയറുകളില്‍ ഏര്‍പ്പെടുത്തേണ്ട സുരക്ഷാ സംവിധാനങ്ങളെക്കുറിച്ചുള്ള നിര്‍ദ്ദേശങ്ങളും ഉള്‍പ്പെട്ട റിപോര്‍ട്ട് ബുധനാഴ്ചയാണ് അന്വേഷണകമ്മിറ്റി ചെയര്‍മാന്‍ കൂടിയായ എഡിഎം ജില്ലാ കലക്ടര്‍ക്ക് കൈമാറിയത്. അപകടം നടന്ന് മൂന്നാഴ്ച കഴിഞ്ഞിട്ടും റിപോര്‍ട്ട് നല്‍കാത്ത കാര്യം കഴിഞ്ഞ ദിവസം മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തിരുന്നു. കഴിഞ്ഞ മാസം 16 ന് ബാണാസുര ഡാം റിസര്‍വോയറിലുണ്ടായ അപകടത്തില്‍ നാലു പേര്‍ മരണപ്പെട്ടിരുന്നു. ലക്ഷക്കണക്കിന് രൂപ ചിലവഴിച്ചും സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഇപയോഗപ്പെടുത്തിയും നാലു ദിവസത്തോളം നീണ്ട തിരച്ചിലിനൊടുവിലാണ് ഇവരുടെ മൃതദേഹങ്ങള്‍ റിസര്‍വോയറില്‍ നിന്നും കണ്ടെത്തിയത്. ഇതേതുടര്‍ന്ന് ഡാമിലുണ്ടായ അപകടത്തെക്കുറിച്ചും കാരാപ്പുഴ, ബാണാസുര ഡാമുകളിലൊരുക്കേണ്ട സുരക്ഷാ സംവിധാനങ്ങളെക്കുറിച്ചും അന്വേഷിച്ച് റിപോര്‍ട്ട് നല്‍കാന്‍ ജില്ലാ കലക്ടര്‍ ആറംഗ കമ്മറ്റിയെ നിയോഗിച്ചിരുന്നു. അഡീഷനല്‍ ജില്ലാ മജിസ്‌ട്രേറ്റ് (എഡിഎം) ചെയര്‍മാനായും അഗ്‌നിശമന രക്ഷാ സേന അഡീഷനല്‍ ജില്ലാ ഓഫിസര്‍, സൗത്ത് വയനാട് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫിസര്‍, കെഎസ്ഇബി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍, കാരാപ്പുഴ ഇറിഗേഷന്‍ പ്രൊജക്ട് മൈനര്‍ ഇറിഗേഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍, വൈത്തിരി തഹസില്‍ദാര്‍ എന്നിവര്‍ അംഗങ്ങളുമായുള്ള അന്വേഷണ സമിതിയോട് ഒരാഴ്ചക്കകം റിപോര്‍ട്ട് നാല്‍കാനാണ് ആവശ്യപ്പെട്ടിരുന്നതെങ്കിലും മൂന്നാഴ്ച പിന്നിട്ടിട്ടും റിപോര്‍ട്ട് നല്‍കിയിരുന്നില്ല. ഇത് വാര്‍ത്തയായതോടെയാണ് ബുധനാഴ്ച സുരക്ഷാ നിര്‍ദ്ദേശങ്ങളങ്ങിയ റിപോര്‍ട്ട് ജില്ലാ കലക്ടര്‍ക്ക് നല്‍കിയത്. നാലു പേരുടെ മരണത്തിനിടയാക്കിയ അപകടം നായാട്ട് പോലുള്ള നിയമവിരുദ്ധ പ്രവര്‍ത്തനത്തിലേര്‍പ്പെടുന്നതിനിടെയാണ് ഉണ്ടായതെന്നാണ് കമ്മിറ്റി കണ്ടെത്തിയത്. രണ്ടു ഡാമുകളിലും മതിയായ സുരക്ഷിതത്വം ഇല്ലെന്നും ഇതിനായി നിരവധി നിര്‍ദ്ദേശങ്ങളും ജില്ലാ കലക്ടര്‍ക്ക് നല്‍കിയിട്ടുണ്ട്. പഞ്ചായത്തില്‍ രജിസ്റ്റര്‍ ചെയ്യുന്ന തോണികള്‍ക്കും കൊട്ടത്തോണികള്‍ക്കും മാത്രം റിസര്‍വേയറില്‍ അനുമതി നല്‍കുകയും ബാക്കിയുള്ളവ പിടിച്ചെടുക്കുകയും ചെയ്യുക, പോലിസ് നൈറ്റ് പട്രോള്‍ ശക്തമാക്കുക, വൈകുന്നേരം ആറു മണിക്ക് ശേഷം റിസര്‍വേയറിനകത്ത് പ്രവേശനം നിരോധിക്കുക, അസമയത്ത് ഡാംപരിസരത്ത് കാണുന്നവരെ അറസ്റ്റ് ചെയ്തു കോടതിയില്‍ ഹാജരാക്കുക തുടങ്ങിയവയാണ് സുരക്ഷാനിര്‍ദ്ദേശങ്ങള്‍. റോഡുകളില്‍ ആവശ്യമായ മുന്‍കരുതല്‍ ബോര്‍ഡുകള്‍ സ്ഥാപിക്കുക, ജനവാസകേന്ദ്രങ്ങളില്‍ മുള്ളുകമ്പികള്‍ സ്ഥാപിക്കുക, റിസര്‍വേയറിനകത്തേക്കുള്ള റോഡുകളില്‍ ഗേറ്റുകള്‍ സ്ഥാപിക്കുക, പ്രധാനപ്പെട്ട ഭാഗങ്ങളില്‍ സിസിടിവി കാമറകള്‍ സ്ഥാപിക്കുക, റിസര്‍വോയര്‍ പരിസരത്തെ വീട്ടുകാരെ ബോധവല്‍ക്കരിക്കുക തുടങ്ങിയ നിര്‍ദ്ദേശങ്ങളും റിപ്പോര്‍ട്ടിലുണ്ട്. ഡാം പരിസരത്തുള്ള റിസോര്‍ട്ടുകളും ഹോം സ്റ്റേകളും നിയന്ത്രിക്കണമെന്നും നിലവില്‍ പ്രവര്‍ത്തിക്കുന്നവ നിയമപ്രകാരമാണോ എന്ന് പരിശോധിക്കണമെന്നും ഇവിടങ്ങളില്‍ താമസിക്കുന്നവരുടെ വിവരങ്ങള്‍ യഥാസമയം പോലിസില്‍ അറിയിക്കാന്‍ സംവിധാനമേര്‍പ്പെടുത്തണമെന്നും നിര്‍ദ്ദേശത്തിലുണ്ട്. മീന്‍ പിടിക്കാനുള്ള അവകാശം ട്രൈബല്‍ സൊസൈറ്റിക്ക് മാത്രമായി നല്‍കുക, സര്‍ക്കാര്‍ ഭൂമി കൈയ്യേറുന്നത് പഞ്ചായത്ത്-റവന്യു അധികൃതര്‍ പരിശോധിക്കുക, റിസര്‍വോയറിനോട് ചേര്‍ന്ന് വീട് നിര്‍മിക്കുന്നത് നിയമം പൂര്‍ണമായും പാലിച്ചാണെന്ന് ഉറപ്പ് വരുത്തുക എന്നതും നിര്‍ദ്ദേശത്തിലുള്‍പ്പെടുന്നു. ജില്ലാ കലക്ടര്‍ റിപോര്‍ട്ട് പരിശോധിച്ച് ഏറ്റവും എളുപ്പത്തില്‍ ചെയ്യാന്‍ കഴിയുന്ന സുരക്ഷാ സംവിധാനങ്ങള്‍ വരും ദിവസങ്ങളിലേര്‍പ്പെടുത്തുമെന്നാണ് സൂചന.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക