|    Nov 18 Sat, 2017 4:30 am

ബാങ്ക് ലോണ്‍ എടുത്തു നല്‍കാമെന്ന് പറഞ്ഞ് യുവാവ് കബളിപ്പിച്ചതായി പരാതി

Published : 10th August 2017 | Posted By: fsq

 

തൃശൂര്‍: അഗതി മന്ദിരത്തിന് ഹോസ്റ്റല്‍ നടത്തുന്ന ആവശ്യത്തിലേക്ക് ലോണിനായി ആക്‌സിസ് ബാങ്കിനെ സമീപിച്ച യുവതിയേയും കൂട്ടുകാരികളേയും ലോണ്‍ ശരിയാക്കിതരാമെന്ന് പറഞ്ഞ് സ്വകാര്യ വ്യക്തി പണം തട്ടിയെടുത്ത് കബളിപ്പിച്ചതായി പരാതി. തട്ടിപ്പുമായി ബന്ധപ്പെട്ട് തൃശൂര്‍ ഈസ്റ്റ് പോലിസിലും ജില്ലാ പോലിസ് മേധാവിക്കും പരാതി നല്‍കിയതായി നടത്തറ പൂച്ചെട്ടി പൊന്നൂക്കാരന്‍ ഡേവിഡിന്റെ മകള്‍ അച്ചു എന്നു വിളിക്കുന്ന ആശ (34) വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കാളത്തോട് തണല്‍ അഗതി മന്ദിരം നടത്തിവരുന്ന റുക്കിയാബി റഹീം, ഏങ്ങണ്ടിയൂര്‍ സദ്ഭവന്‍ അഗതി മന്ദിരം നടത്തിവരുന്ന സതിയും ആശയും ചേര്‍ന്ന് അഗതി മന്ദിരത്തിന് ഹോസ്റ്റല്‍ വാങ്ങുന്നതിന്റെ ആവശ്യത്തിലേക്കായി തൃശൂര്‍ സിറ്റി സെന്ററിനുള്ളിലെ ആക്‌സിസ് ബാങ്ക് അധികൃതരെ സമീപിക്കുകയായിരുന്നു. ഐ.ടി ഇല്ലാത്തതിനാല്‍ സഹകരണ ബാങ്കില്‍ നിന്നും ലോണ്‍ അനുവദിച്ചുതരാമെന്ന് പറഞ്ഞ് അവര്‍ ചാലക്കുടി കൊടകര വില്ലേജ് ഫോറസ്റ്റ് ചെക്‌പോസ്റ്റിന് സമീപം താമസിക്കുന്ന പൊന്നാത്ത് ജയപ്രകാശിന്റെ മകന്‍ സൂരജ് (25) എന്നയാളുടെ നമ്പര്‍ നല്‍കുകയായിരുന്നു. തൃശൂര്‍ സെന്റ് തോമസ് കോളജിന് സമീപം എസ്.എല്‍ സൊല്യൂഷന്‍സ് എന്ന പേരിലാണ് സൂരജിന്റെ ഓഫീസ് പ്രവര്‍ത്തിച്ചിരുന്നത്. തുടര്‍ന്ന് 8 കോടി രൂപ വായ്പയായി വാങ്ങിത്തരാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച സൂരജ് അതിനായി പ്രൊജക്ട് റിപ്പോര്‍ട്ട് നല്‍കണമെന്ന് പറഞ്ഞ് അഡ്വാന്‍സായി 3 ലക്ഷം രൂപയും പിന്നീട് രണ്ട് തവണയായി ഒന്നരലക്ഷം രൂപ വീതവും ജൂണ്‍ 12 ന് കൈപ്പറ്റിയിരുന്നു. എന്നാല്‍ പിന്നീട് സൂരജിനെ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ എടുക്കാതിരിക്കുകയും ഓഫീസ് പൂട്ടിയ നിലയില്‍ കാണുകയുമായിരുന്നു.സംഭവത്തേക്കുറിച്ച് പരാതി നല്‍കിയതോടെ സൂരജ് ഫോണില്‍ വിളിച്ച് സഭ്യമല്ലാത്ത രീതിയില്‍ സംസാരിക്കുകയും കൊല്ലുമെന്നും മറ്റും ഭീഷണിമുഴക്കുകയുമായിരുന്നു. തുടര്‍ന്ന് തൃശൂര്‍ ഈസ്റ്റ് പോലിസില്‍ ക്രൈം നമ്പര്‍ 1376/2017 നമ്പറായി ജൂലായ് 28 ന് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. സൂരജ് എന്ന വ്യക്തി നിരവധി പേരെ ഇത്തരത്തില്‍ കബളിപ്പിച്ചതായും ഇയാളെ പോലിസ് പിടികൂടി നിയമത്തിനു മുമ്പില്‍ കൊണ്ടുവരണമെന്നും നഷ്ടപ്പെട്ട പണം തിരികെ ലഭിക്കാനാവശ്യമായ നടപടി വേണമെന്നും ആശ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക