|    Mar 21 Wed, 2018 7:01 am
FLASH NEWS
Home   >  Editpage  >  Editorial  >  

ബാങ്ക് ലയനവും ഒ രാജഗോപാലും

Published : 20th July 2016 | Posted By: mi.ptk

എസ്ബിടിയെ എസ്ബിഐയില്‍ ലയിപ്പിക്കരുതെന്നാണ് കേരളത്തിന്റെ പൊതുവികാരം. സംസ്ഥാന നിയമസഭയില്‍ ലയനത്തിനെതിരായി മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രമേയം അവതരിപ്പിച്ചപ്പോള്‍ ഭരണകക്ഷിയിലെയും പ്രതിപക്ഷമുന്നണിയിലെയും അംഗങ്ങള്‍ ഒറ്റമനസ്സോടെ അതിനെ അനുകൂലിച്ചു. എന്നാല്‍, സഭയിലെ ഒരേയൊരു ബിജെപി അംഗമായ ഒ രാജഗോപാല്‍ ലയനം വേണ്ടെന്ന നിലപാടില്‍ രാഷ്ട്രീയം കണ്ടെത്തുകയാണു ചെയ്തത്. മോദിവിരുദ്ധ വികാരം കമ്മ്യൂണിസ്റ്റുകള്‍ ആവിഷ്‌കരിക്കുകയും കോണ്‍ഗ്രസ്സുകാര്‍ ഏറ്റുപിടിക്കുകയും ചെയ്യുകയാണെന്നു പറഞ്ഞ് അദ്ദേഹം പ്രമേയത്തെ എതിര്‍ത്തു. കേരളത്തിന്റെ പൊതുപ്രശ്‌നങ്ങളില്‍ ഹിന്ദുത്വരാഷ്ട്രീയത്തിന്റെ നിലപാട് എന്തായിരിക്കാം എന്നതിന്റെ പ്രത്യക്ഷ സൂചനയാണ് ഒ രാജഗോപാലിന്റെ നിലപാടില്‍ കാണാനുള്ളത്. എല്‍ഡിഎഫ്-യുഡിഎഫ് വീതംവയ്പില്‍ നിന്ന് കേരളത്തെ വിമുക്തമാക്കി പുതിയൊരു രാഷ്ട്രീയബോധവും അതുവഴി സാമൂഹികമുന്നേറ്റവും എന്ന കാഴ്ചപ്പാടാണ് ബിജെപി കൊട്ടിഘോഷിക്കാറുള്ളത്. അതൊരു വീണ്‍വാക്കാണെന്നും കേരളത്തിന്റെ പൊതുതാല്‍പര്യങ്ങളേക്കാള്‍ ബിജെപിയെ സംബന്ധിച്ചിടത്തോളം ഉത്തരേന്ത്യന്‍ ബ്രാഹ്മണ്യവരേണ്യതയുടെ ആശയങ്ങളുടെ പ്രതിനിധാനങ്ങളാണ് പ്രധാനം എന്നും ഒ രാജഗോപാലിന്റെ എതിര്‍പ്പ് വ്യക്തമാക്കിത്തന്നു. കേരളത്തിന് സ്വന്തമായ സംസ്‌കാരവും സാമൂഹികബോധവും ജീവിതവീക്ഷണവും പ്രബുദ്ധതയുമുണ്ട്. ഇവിടെ നിലനില്‍ക്കുന്ന മതസൗഹാര്‍ദവും പുരോഗമനചിന്തയും ജീവിതരീതിയുമെല്ലാം ഈ മലയാളിത്തത്തിന്റെ ഉപോല്‍പന്നങ്ങളാണ്. അവ ഉണ്ടാക്കിവച്ച ഈടുവയ്പുകളില്‍നിന്നാണ് കേരളത്തിന്റേതായ പൊതുവികാരങ്ങള്‍ രൂപപ്പെടുന്നത്. ബിജെപിക്ക് അതുമായി പൊരുത്തപ്പെടാനാവുകയില്ലെന്നു തിരിച്ചറിയാന്‍ ഒ രാജഗോപാലിന്റെ നിലപാടുമൂലം സാധിച്ചു. കേരളത്തിന്റെ പ്രബുദ്ധതയ്ക്കും മതസൗഹാര്‍ദത്തിനും അനുയോജ്യമായ ആരോഗ്യകരമായ സമീപനങ്ങള്‍ ബിജെപിയുടെ ഈ തലമുതിര്‍ന്ന നേതാവ് പുലര്‍ത്തുന്നില്ലെന്നതിനു വേറെയും തെളിവുകളുണ്ട്. ഈയിടെ ഒരു ആഴ്ചപ്പതിപ്പിനു നല്‍കിയ അഭിമുഖത്തില്‍ ”റമദാന്‍ കാലത്ത് മലപ്പുറം ജില്ലയില്‍ ഹിന്ദുക്കളുടെ കട തുറക്കാന്‍ പറ്റില്ല, ഹിന്ദുക്കളായ മല്‍സ്യത്തൊഴിലാളികള്‍ക്ക് വെള്ളിയാഴ്ച കടലില്‍ പോവാന്‍ അനുവാദമില്ല” എന്നൊക്കെയുള്ള മുട്ടന്‍നുണകള്‍ എഴുന്നള്ളിച്ചിരിക്കുന്നു അദ്ദേഹം. തീര്‍ത്തും വസ്തുതാവിരുദ്ധമായ ഈ വാക്കുകള്‍ അദ്ദേഹം പറയാന്‍ കാരണം, കേരളത്തിന്റെ സവിശേഷതയായ മതസൗഹാര്‍ദത്തിലധിഷ്ഠിതമായ സാമൂഹികഘടനയുമായി അദ്ദേഹത്തിന്റെ തീവ്രഹിന്ദുത്വ മനസ്സിന് പൊരുത്തപ്പെടാനാവാത്തതാണ്. ഹിന്ദുത്വരാഷ്ട്രീയം കേരളീയ പൊതുബോധത്തിന് അന്യമാണെന്നാണ് ഇതിന്റെ ചുരുക്കം. എസ്ബിടിയുടെ ലയനകാര്യം നിയമസഭയില്‍ വന്നപ്പോള്‍ പുറത്തുവന്നതും ഈ പൊരുത്തക്കേടാണ്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss