|    Mar 25 Sat, 2017 11:11 pm
FLASH NEWS

ബാങ്ക് ലയനങ്ങള്‍ക്കും കൂട്ടപിരിച്ചുവിടലുകള്‍ക്കുമെതിരേ ബെഫിയുടെ നേതൃത്വത്തില്‍ ജനകീയ മാര്‍ച്ച്

Published : 5th October 2016 | Posted By: Abbasali tf

കൊച്ചി: അസോസിയേറ്റ് ബാങ്കുകളുടെ ലയനത്തെതുടര്‍ന്ന് ആയിരക്കണക്കിന് താല്‍ക്കാലിക ജീവനക്കാരെ പിരിച്ചുവിടുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും ഇതിനെതിരേ ശക്തമായ പ്രക്ഷോഭം ആവശ്യമാണെന്നും ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ(ബെഫി) സംസ്ഥാന കമ്മിറ്റി. പ്യൂണ്‍, സ്വീപ്പര്‍ തസ്തികകളിലായി രണ്ടായിരത്തോളം താല്‍ക്കാലിക ജീവനക്കാര്‍ എസ്ബിടിയില്‍ മാത്രം പണിയെടുക്കുന്നുണ്ട്. ഒക്‌ടോബര്‍ 31ന് അവരെ കൂട്ടത്തോടെ പിരിച്ചുവിടാനാണ് സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നിര്‍ദേശം വന്നിട്ടുള്ളത്. ഈ നീക്കങ്ങള്‍ക്കെതിരേ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ക്ക് നേതൃത്വം കൊടുക്കാന്‍ ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചുവെന്നും സംസ്ഥാന ജനറല്‍ സെക്രട്ടറി സി ജെ നന്ദകുമാര്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. ആദ്യപടിയായി ഒക്‌ടോബര്‍ 15നും 22നുമിടയില്‍ എല്ലാ ജില്ലകളിലും സ്‌റ്റേറ്റ് ബാങ്ക് ശാഖകള്‍ക്കു മുന്നിലേക്ക് ജനകീയ മാര്‍ച്ച് സംഘടിപ്പിക്കും. ബാങ്ക് സ്വകാര്യവല്‍ക്കരണ വിരുദ്ധ ജനകീയ സമിതിയുടെ പിന്തുണ അഭ്യര്‍ത്ഥിക്കുന്നതിനും സംസ്ഥാന കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്. ചെറുകിട ഇടത്തരം സംരംഭ കര്‍ഷകരുടെ 20 കോടി രൂപയില്‍ അധികമുള്ള വായ്പാ അപേക്ഷകള്‍ എസ്ബിഐ ബോര്‍ഡിന്റെ അനുമതിക്കുവിടണമെന്ന നിര്‍ദേശത്തിനെതിരേ കര്‍ണ്ണാടക/കേരള ചേംബറുകള്‍ രംഗത്തുവന്നിട്ടുണ്ട്. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ കിട്ടാക്കടം നൂറുശതമാനത്തിലധികം വര്‍ധിച്ച് 56,000 കോടിയില്‍നിന്ന് 113,000 കോടി രൂപയായി എത്തിനില്‍ക്കുകയാണ്. നല്ല പ്രകടനം കാഴ്ചവയ്ക്കുന്ന അസോസിയേറ്റ് ബാങ്കുകളെ ലയിപ്പിച്ച് ഈ പ്രതിസന്ധി മറികടക്കാനാണ് എസ്ബിഐ ശ്രമം. മുപ്പതു ശതമാനം ശാഖകള്‍ അടച്ചുപൂട്ടേണ്ടിവരുമെന്നും 13,000ത്തോളം ജീവനക്കാര്‍ അധികപ്പറ്റാവുമെന്നും ബാങ്കധികാരികള്‍ക്കു തന്നെ സമ്മതിക്കേണ്ടിവന്നിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ബാങ്ക് ലയന നീക്കങ്ങളില്‍നിന്ന് കേന്ദ്ര സര്‍ക്കാരും എസ്ബിഐയും പിന്മാറണമെന്നും ബെഫി സംസ്ഥാന കമ്മിറ്റി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

(Visited 21 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക