|    Apr 27 Thu, 2017 12:40 pm
FLASH NEWS

ബാങ്ക് മാനേജരെ മര്‍ദിച്ച കേസ്: നിശാന്തിനി അടക്കമുള്ളവര്‍ക്കെതിരേ നടപടി വേണ്ടെന്ന ഉത്തരവ് ഹൈക്കോടതി റദ്ദാക്കി

Published : 1st December 2016 | Posted By: SMR

കൊച്ചി: ബാങ്ക് മാനേജരെ മര്‍ദിച്ച സംഭവത്തില്‍ ഐപിഎസ് ഉദ്യോഗസ്ഥ നിശാന്തിനിയടക്കമുള്ളവര്‍ക്കെതിരേ നടപടി വേണ്ടെന്ന സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. പോലിസ് ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി വേണ്ടെന്ന സര്‍ക്കാര്‍ ഉത്തരവു ചോദ്യംചെയ്ത് ബാങ്ക് മാനേജര്‍ പേഴ്‌സി ജോസഫ് നല്‍കിയ ഹരജിയിലാണ് സിംഗിള്‍ബെഞ്ചിന്റെ ഉത്തരവ്.
ആഭ്യന്തര വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഹരജിക്കാരന്റെയും എതിര്‍കക്ഷികളുടെയും വിശദീകരണം കേട്ടശേഷം നാലുമാസത്തിനുള്ളില്‍ ഇക്കാര്യത്തില്‍ ഉചിതമായ തീരുമാനമെടുക്കണമെന്നും ഉത്തരവില്‍ പറയുന്നു.
യൂനിയന്‍ ബാങ്കിന്റെ തൊടുപുഴ ശാഖയില്‍ സീനിയര്‍ മാനേജരായിരുന്ന പേഴ്‌സി ജോസഫ് ഡെസ്മണ്ടിനെ 2011 ജൂൈല 26നു തൊടുപുഴ എഎസ്പിയായിരുന്ന നിശാന്തിനിയുടെ നേതൃത്വത്തില്‍ പോലിസ് കസ്റ്റഡിയിലെടുത്ത് മര്‍ദിച്ചുവെന്നാണു പരാതി. ഒരു പോലിസുകാരിയോട് അപമര്യാദയായി പെരുമാറിയെന്നാരോപിച്ചാണ് കസ്റ്റഡിയിലെടുത്തത്. ഇതു വ്യാജ പരാതിയാണെന്നു ചൂണ്ടിക്കാട്ടി ഹരജിക്കാരന്‍ മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചിരുന്നു.
തുടര്‍ന്നു സംഭവത്തെക്കുറിച്ച് അന്വേഷിച്ചു നടപടിയെടുക്കാന്‍ കമ്മീഷന്‍ ഡിജിപിക്ക് നിര്‍ദേശം നല്‍കി. പിന്നീട് പേഴ്‌സി ജോസഫ് ഹൈക്കോടതിയില്‍ നല്‍കിയ ഹരജിയില്‍ കുറ്റക്കാരായ പോലിസുകാര്‍ക്കെതിരേ നടപടിയെടുത്തെങ്കിലും കേസ് നിലനില്‍ക്കുന്നതിനാല്‍ ഇതു മരവിപ്പിച്ചുവെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ വൈകാതെ അന്തിമ തീരുമാനം എടുക്കുമെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ ഉറപ്പുനല്‍കി. പിന്നീട് പേഴ്‌സി ജോസഫിനെതിരെ രജിസ്റ്റര്‍ ചെയ്ത കേസ് തൊടുപുഴ കോടതി തള്ളി.
കുറ്റക്കാരായ പോലിസ് ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള ക്രിമിനല്‍ കേസ് നടപടികള്‍ കോടതിയുടെ പരിഗണനയിലുമാണ്. ഈ സാഹചര്യത്തില്‍ ക്രിമിനല്‍ കേസുള്ളതിനാല്‍ അച്ചടക്കനടപടിയെടുക്കാനാവില്ലെന്ന സര്‍ക്കാരിന്റെ വാദം ശരിയല്ലെന്ന് ഹൈക്കോടതി വിലയിരുത്തി.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day