|    Mar 26 Sun, 2017 5:16 am
FLASH NEWS

ബാങ്ക്, പോസ്‌റ്റോഫിസ് അക്കൗണ്ടുകളിലേക്ക് മാറ്റി; തീരാതെ പെന്‍ഷന്‍ ദുരിതം

Published : 13th March 2016 | Posted By: SMR

ചെന്ത്രാപ്പിന്നി: ക്ഷേമ പെന്‍ഷനുകള്‍ ലഭിക്കാന്‍ സംവിധാനങ്ങള്‍ പലതും ചെയ്തിട്ടും ഗുണ ഭോക്താക്കള്‍ക്ക് ഇപ്പോഴും ദുരിതം ബാക്കി. നേരത്തെ ഇത്തരം പെന്‍ഷനുകള്‍ പോസ്റ്റ്മാന്മാര്‍ വീട്ടില്‍ എത്തിച്ചു നല്‍കുകയായിരുന്നു. അപ്പോഴില്ലാത്ത പ്രശ്‌നങ്ങളാണ് പോസ്‌റ്റോഫിസ്, ബാങ്ക് അക്കൌണ്ടുകളിലേക്ക് മാറ്റിയപ്പോള്‍ ഗുണഭോക്താക്കള്‍ അനുഭവിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദ്ദേശ പ്രകാരം ക്ഷേമ പെന്‍ഷനുകള്‍ പോസ്‌റ്റോഫീസുകളിലേക്ക് മാറ്റിയതോടെ വികലാംഗര്‍ക്കും വയോധികര്‍ക്കും അടക്കം ഇരട്ടി ദുരിതം പേറേണ്ടി വന്നിരുന്നു. പൊതുവേ ജീവനക്കാര്‍ കുറവായ പോസ്‌റ്റോഫിസുകളില്‍ പെന്‍ഷന്‍ വിതരണം കൂടി വന്നതോടെ അവശരായ ആളുകള്‍ മണിക്കൂറുകള്‍ കാത്തിരിക്കേണ്ട അവസ്ഥയായിരുന്നു. പോസ്‌റ്റോഫീസ് ജീവനക്കാര്‍ ഫോറം പൂരിപ്പിച്ചു നല്‍കരുതെന്ന് കര്‍ശനമായ ഉത്തരവ് നിലനില്‍ക്കെ എഴുത്തും വായനയും വേണ്ടത്ര വശമില്ലാത്തവരും കാഴ്ച കുറവുള്ളവരുമായ പെന്‍ഷന്‍കാര്‍ ‘പണം പിന്‍വലിക്കല്‍ ഫോറം’പൂരിപ്പിക്കാനാവാതെ നട്ടം തിരിയുകയുണ്ടായി. പൂരിപ്പിച്ചു കിട്ടുന്ന അപേക്ഷകള്‍ ഒപ്പ് അടക്കം ഒത്തുനോക്കി പരിശോധിച്ച ശേഷമാണ് പണം നല്‍കാന്‍ കഴിയുക. പ്രായമായവരുടെ ഒപ്പ് പലപ്പോഴും വ്യത്യാസപ്പെടുന്നതും വിരലടയാളം പതിക്കുന്നവര്‍ക്ക് സാക്ഷ്യപ്പെടുത്താന്‍ പരിചയക്കാര്‍ വേണമെന്നതും പ്രശ്‌നമായിരുന്നു. ഈ സാഹചര്യത്തില്‍ നിരവധി പരാതികള്‍ വന്നതോടെ പെന്‍ഷനുകള്‍ ദേശസാല്‍കൃത ബാങ്ക് അക്കൌണ്ടിലേക്ക് മാറ്റാന്‍ സംവിധാനമുണ്ടാക്കി. ഇതോടെ നൂറുകണക്കിനാളുകള്‍ ബാങ്കുകളില്‍ അക്കൗണ്ട് തുടങ്ങി. പെന്‍ഷന്‍ തുക പഞ്ചായത്തുകള്‍ ചെക്കുകളായി ഗുണഭോക്താക്കള്‍ക്ക് നല്‍കി. അവര്‍ ഈ ചെക്കുകള്‍ ബാങ്കുകളിലും പോസ്‌റ്റൊഫിസിലും കൊടുത്തു. എന്നാല്‍, ചെക്ക് നല്‍കി മാസം ഒന്നു കഴിഞ്ഞിട്ടും വളരെ കുറച്ചുപേര്‍ക്ക് മാത്രമാണ് പണം ലഭിച്ചിട്ടുള്ളത്. മാസാമാസം ലഭിക്കുന്ന പെന്‍ഷന്‍ പണം കൊണ്ട് മരുന്നും മറ്റുചെലവുകളും നടത്തിയിരുന്ന പാവപ്പെട്ട ഗുണഭോക്താക്കളാണ് വെട്ടിലായത്. പ്രതിദിനം പെന്‍ഷന്‍ തുക അക്കൗണ്ടില്‍ എത്തിയോ എന്നന്വേഷിച്ച് വയോധികരും ഭിന്നശേഷിക്കാരും ബാങ്കിലും പോസ്‌റ്റൊഫിസിലും എത്തുന്ന ദയനീയ കാഴ്ച കരലളിയിപ്പിക്കുന്നതാണ്. ഇതു സംബന്ധമായി പോസ്‌റ്റോഫിസ് അധികൃതരെ ബന്ധപ്പെട്ടപ്പോള്‍ ചെക്കുകളുടെ എണ്ണപ്പെരുപ്പവും ഹെഡ് ഓഫിസുകളിലേക്കയച്ച ചെക്കുകള്‍ ക്ലിയറന്‍സ്(കലക്ഷന്‍) ആയി വരാനുള്ള താമസവുമാണ് പ്രശ്‌നത്തിന് കാരണം എന്നാണ് മറുപടി. എടത്തിരുത്തി പഞ്ചായത്തില്‍ മാത്രം 3330 പേര്‍ക്ക് ഇതുപോലെ ചെക്കുകള്‍ നല്‍കിയിട്ടുണ്ട്. പണം കിട്ടാത്ത പരാതിയുമായെത്തുന്നവരുടെ വിഷയത്തില്‍ അടിയന്തിരമായി ഇടപെടുമെന്ന് പഞ്ചായത്ത് അധികൃതര്‍ ഉറപ്പു നല്‍കി.

(Visited 65 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക