|    Aug 16 Wed, 2017 8:42 pm
FLASH NEWS
Home   >  Editpage  >  Lead Article  >  

ബാങ്കുവിളി നിയന്ത്രിക്കുന്നതെന്തിന്?

Published : 21st November 2016 | Posted By: SMR

റംസി  ബറൂദ്

ഗസയിലെ ഞങ്ങളുടെ അഭയാര്‍ഥിക്യാംപിനടുത്ത പള്ളിയില്‍നിന്നുള്ള ബാങ്കുവിളി കേട്ടാണ് ഞാന്‍ വളര്‍ന്നുവന്നത്. പുലര്‍കാലങ്ങളിലുള്ള ബാങ്കിന്റെ മധുരസ്വരം ഒരു സുരക്ഷിതത്വബോധം ഞങ്ങളിലുണ്ടാക്കിയിരുന്നു- പേടിക്കാതെ ഉറങ്ങാമെന്ന വിശ്വാസം. തീര്‍ച്ചയായും ക്രിസ്ത്യന്‍ പള്ളികളിലെ മണിനാദത്തെപോലെ ബാങ്കൊലിക്കും മതപരവും ആത്മീയപരവുമായ അര്‍ഥമുണ്ട്. 15 നൂറ്റാണ്ടായി ദിനേന അഞ്ചുപ്രാവശ്യം യാതൊരു ഇടപെടലുമില്ലാതെ ലോകത്തു ബാങ്കൊലികള്‍ മുഴങ്ങിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍, ഫലസ്തീനില്‍ ഈ ബാങ്കുവിളിക്ക് ആഴത്തിലുള്ള പ്രതീകാത്മകമായ ഒരര്‍ഥം കൂടിയുണ്ട്. സുബ്ഹി ബാങ്ക് കേള്‍ക്കുമ്പോള്‍ അഭയാര്‍ഥിക്യാംപുകളിലെ ജനങ്ങള്‍ മനസ്സിലാക്കുന്നത് ഭീകരമായ രാത്രിറെയ്ഡുകള്‍ അവസാനിപ്പിച്ച് ഇസ്രായേലി സൈന്യം സ്ഥലംവിട്ടിരിക്കുന്നുവെന്നാണ്; മുറിവേറ്റും കൊല്ലപ്പെട്ടും കിടക്കുന്ന അഭയാര്‍ഥികളെ ഉപേക്ഷിച്ച് അവര്‍ ബാങ്ക് വിളിക്കുന്ന മുഅദ്ദിനെ പള്ളിയുടെ തുരുമ്പിച്ച വാതിലുകള്‍ തുറന്ന് പുതിയ പ്രഭാതത്തിന്റെ വരവറിയിക്കാന്‍ അനുവദിച്ചിരിക്കുന്നുവെന്നാണ്. അധിനിവേശപ്രദേശത്ത് ഫലസ്തീന്‍ സമൂഹത്തിനു നേരെ നടന്ന കടുത്ത ശിക്ഷാനടപടികള്‍ക്കെതിരേ ഫലസ്തീനികള്‍ ആദ്യമായി പോരാട്ടം തുടങ്ങിയ കാലത്ത് ഞങ്ങള്‍ക്കു രാത്രി ഉറങ്ങാന്‍ കൂടി സാധിച്ചിരുന്നില്ല. മറ്റു പള്ളികളോടൊപ്പം ഞങ്ങള്‍ താമസിച്ചിരുന്ന മധ്യ ഗസയിലെ നുസൈറ അഭയാര്‍ഥിക്യാംപിലുള്ള പള്ളിയും റെയ്ഡ് ചെയ്ത് അവിടത്തെ ഇമാമിനെ അറസ്റ്റ് ചെയ്യുന്നതിനു മുമ്പായിരുന്നു അത്. സൈന്യത്തിന്റെ ഉത്തരവനുസരിച്ച് പള്ളികളുടെ വാതിലുകള്‍ അടച്ചുപൂട്ടി മുദ്രവച്ചിരുന്നു. സൈന്യം കര്‍ഫ്യൂ പ്രഖ്യാപിച്ചതിനാല്‍ വീടിന്റെ മേല്‍ക്കൂരയില്‍ കയറിനിന്ന് ബാങ്ക് വിളിച്ചാണ് സാധാരണജനങ്ങള്‍ ഇതിനെ നേരിട്ടത്. തന്റെ ജീവിതകാലത്ത് ഒരിക്കലും പള്ളിയില്‍ കയറിയിട്ടില്ലാത്ത കമ്മ്യൂണിസ്റ്റ് പോലും ബാങ്ക് വിളിക്കാന്‍ എത്താറുണ്ടായിരുന്നു. കാരണം അതൊരു മതപരമായ കാര്യമായിരുന്നില്ല. സൈനിക ഉത്തരവിനുപോലും ജനങ്ങളുടെ ശബ്ദത്തെ ഇല്ലാതാക്കാന്‍ കഴിയില്ലെന്ന കൂട്ടമായ പ്രഖ്യാപനം കൂടിയായിരുന്നു അത്. ബാങ്കുവിളിയുടെ അര്‍ഥം പല അടരുകളായാണു നിലകൊള്ളുന്നത്. അതു തുടര്‍ച്ചയാണ്, അതിജീവനമാണ്, പുനര്‍ജനിയാണ്, പ്രതീക്ഷയാണ്. അതിന്റെ അര്‍ഥം സത്യത്തില്‍ ആരും മനസ്സിലാക്കിയിട്ടില്ല. എന്നാല്‍ ഇസ്രായേലി സൈന്യം ഈ ശബ്ദത്തെ പേടിക്കുന്നുവെന്നതു സത്യമാണ്. അതുകൊണ്ടുതന്നെ പള്ളികള്‍ക്കു നേരെയുള്ള ആക്രമണം ഒരിക്കലും അവസാനിച്ചിട്ടില്ല.
സര്‍ക്കാരിന്റെയും മാധ്യമങ്ങളുടെയും റിപോര്‍ട്ടനുസരിച്ച്, 2014ലെ ഇസ്രായേലി യുദ്ധകാലത്താണ് ഗസയില്‍ മൂന്നാമത്തെ തവണ പള്ളികള്‍ തകര്‍ത്തത്. മിസൈലുകളും ബോംബുകളും ഉപയോഗിച്ച് 73 പള്ളികള്‍ പൂര്‍ണമായും 205 എണ്ണം ഭാഗികമായും തകര്‍ത്തു. ക്രി.ശേ. 649ല്‍ പണിത ഗസയിലെ അല്‍ ഉമരി മസ്ജിദും ഇതില്‍ ഉള്‍പ്പെടുന്നു. ഞാന്‍ എന്റെ ചെറുപ്പകാലത്ത് ബാങ്ക് കേട്ടിരുന്ന നുസൈറയിലെ പ്രധാന പള്ളിയും തകര്‍ത്തത് അക്കാലത്താണ്. ഇപ്പോള്‍ കിഴക്കന്‍ ജറുസലേമിലെ ഫലസ്തീന്‍ പള്ളികളില്‍നിന്നുള്ള ബാങ്കുവിളി നിരോധിക്കാനാണ് ഇസ്രായേല്‍ നീക്കം ആരംഭിച്ചിട്ടുള്ളത്. അധിനിവേശ പ്രദേശങ്ങളില്‍ ഇസ്രായേല്‍ നടത്തുന്ന അനധികൃത പ്രവര്‍ത്തനങ്ങള്‍ക്കെതിരേ യുനെസ്‌കോ പ്രമേയം പാസാക്കി ആഴ്ചകള്‍ കഴിഞ്ഞാണ് ഇസ്രായേലിന്റെ ഈ നീക്കം. അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിക്കുന്ന അത്തരം പ്രവൃത്തികള്‍ നിര്‍ത്താനാണ് യുനെസ്‌കോ പ്രമേയം ഇസ്രായേലിനോട് ആവശ്യപ്പെട്ടത്. പ്രദേശത്തിന്റെ ഏകദൈവവിശ്വാസ കേന്ദ്രീകൃതമായ സ്റ്റാറ്റസ്‌കോ മാറ്റാനുള്ള ശ്രമം ഉപേക്ഷിക്കണമെന്നും പ്രമേയം ആവശ്യപ്പെട്ടു. യുനെസ്‌കോയുടെ നിലപാട് സെമിറ്റിക് മതങ്ങള്‍ക്കെതിരാണെന്ന് ആരോപിച്ച് ഇസ്രായേല്‍ പ്രതിഷേധിച്ചിരുന്നുവെങ്കിലും അത് വിഫലമാവുകയാണുണ്ടായത്. യുനെസ്‌കോയുടെ പ്രമേയത്തിന്റെ പേരില്‍ ജറുസലേമിലെ ജൂതരല്ലാത്ത ജനങ്ങളെ ദ്രോഹിക്കുകയാണ് ഇസ്രായേലി ഉദ്യോഗസ്ഥര്‍ ഇപ്പോള്‍. അനധികൃതമായി കൂടുതല്‍ ജൂതവീടുകള്‍ നിര്‍മിക്കുക, അറബികളുടെ ആയിരക്കണക്കിന് വീടുകള്‍ തകര്‍ക്കുമെന്നു ഭീഷണിപ്പെടുത്തുക തുടങ്ങിയവയാണ് അവര്‍ നടപ്പാക്കുന്ന പ്രതികാര നടപടികള്‍. അക്കൂട്ടത്തില്‍ ഏറ്റവും പുതിയതാണ് ബാങ്കുവിളി നിരോധനം.
നവംബര്‍ 3ന് ജറുസലേമിലെ ഇസ്രായേലി മേയര്‍ നിര്‍ ബര്‍ക്കത്തിന്റെ വസതിക്കു മുന്നില്‍ പിസ്ഗത് സീവ് പ്രദേശത്തെ അനധികൃത കുടിയേറ്റക്കാരുടെ ഒരു ചെറിയ സംഘം പ്രതിഷേധം സംഘടിപ്പിച്ചതു മുതലാണ് അത് ആരംഭിച്ചത്. നഗരത്തിലെ പള്ളികളില്‍നിന്നുള്ള ശബ്ദമലിനീകരണം നിര്‍ത്തണമെന്നായിരുന്നു അവരുടെ ആവശ്യം. ക്രി.ശേ. 637 മുതല്‍ ബാങ്ക് വിളിക്കുന്ന പള്ളികളില്‍നിന്നുള്ള ശബ്ദമാണ് അടുത്തിടെ മാത്രം യൂറോപ്പില്‍ നിന്നു കുടിയേറിപ്പാര്‍ത്ത ഏതാനും ചിലര്‍ക്ക് ശബ്ദമലിനീകരണമായി അനുഭവപ്പെടുന്നത്! അക്കാലത്ത് ഇവിടെയെത്തിയ ഖലീഫ ഉമര്‍, മതവിശ്വാസങ്ങള്‍ നോക്കാതെ എല്ലാ വിഭാഗം ജനതയെയും ബഹുമാനിക്കണമെന്നായിരുന്നു ഉത്തരവിട്ടിരുന്നത്.
ഇസ്രായേലി മേയര്‍ ഒട്ടും സമയം പാഴാക്കാതെ ബാങ്കുവിളി നിരോധനത്തിന് ഉത്തരവിടുകയായിരുന്നു. ജറുസലേം നഗരത്തിലെ അബുദിസിലെ അല്‍ജാമിയ, അല്‍ റഹ്മാന്‍, അല്‍ തയ്‌ബെ തുടങ്ങിയ മസ്ജിദുകളില്‍ ഇസ്രായേലി സൈന്യം റെയ്ഡ് നടത്തി. സംഭവത്തെക്കുറിച്ച് ഇന്റര്‍നാഷനല്‍ ബിസിനസ് ടൈംസ് റിപോര്‍ട്ട് ചെയ്തത് ഇങ്ങനെയാണ്: പുലര്‍ച്ചെയ്ക്കു മുമ്പുതന്നെ സൈനിക ഉദ്യോഗസ്ഥര്‍ പള്ളികളിലെത്തി. ബാങ്ക് വിളിക്കുന്ന മുഅദ്ദിനുകളോട് ബാങ്കുവിളി നിരോധിച്ചതായി അറിയിച്ചു. പള്ളിയില്‍ പ്രാര്‍ഥനയ്‌ക്കെത്തുന്ന പ്രദേശവാസികളെ തടയുകയും ചെയ്തു.
അഞ്ചുനേരം പ്രാര്‍ഥിക്കുകയെന്നത് ഇസ്‌ലാമിന്റെ അഞ്ചു തൂണുകളില്‍ രണ്ടാമത്തേതാണ്. അതിനായി വിശ്വാസികളെ ഓര്‍മപ്പെടുത്തുന്നതിനു വേണ്ടിയാണ് മുഅദ്ദിനുകള്‍ ബാങ്ക് വിളിക്കുന്നത്. മാത്രമല്ല, ചര്‍ച്ചുകളില്‍നിന്നുള്ള മണിയൊച്ചയും ബാങ്കുവിളിയുടെ ശബ്ദവും ഇടയ്ക്കിടയ്ക്കു മുഴങ്ങുന്നത് ജറുസലേമിന്റെ സഹവര്‍ത്തിത്വത്തിന്റെയും സൗഹൃദത്തിന്റെയും സ്വത്വം വെളിപ്പെടുത്തുക കൂടി ചെയ്തിരുന്നു. എന്നാല്‍, ഇങ്ങനെയൊരു സഹവര്‍ത്തിത്വം അധിനിവേശ ജറുസലേമില്‍ രാഷ്ട്രീയ വൈരവും കടുത്ത ശിക്ഷാനടപടികളും കൈക്കൊള്ളുന്ന ഇസ്രായേല്‍ സൈന്യത്തിന്റെയും സര്‍ക്കാരിന്റെയും മേയറുടെയും സാന്നിധ്യത്തില്‍ നിലനില്‍ക്കാന്‍ സാധ്യതയില്ല. വ്രണിതമായ പരിശുദ്ധ നഗരത്തിനുമേലുള്ള ഇസ്രായേലിന്റെ ആധിപത്യമാണ് ബാങ്കുവിളിയുടെ നിരോധനത്തിലൂടെ വെളിവാകുന്നത്. എല്ലാ മേഖലകളിലും ഇസ്രായേലിന്റെ നിയന്ത്രണം വ്യാപിപ്പിക്കുന്നുവെന്നതിന്റെ സന്ദേശം കൂടിയാണിത്. ഇസ്രായേലിന്റെ കോളനിവല്‍ക്കരണം മുമ്പില്ലാത്ത വിധത്തില്‍ വര്‍ധിച്ച നിരക്കിലാണ് നടക്കുന്നത്. ഇതു നിയന്ത്രിക്കുന്നതിനു പകരം സമ്പൂര്‍ണ ആധിപത്യമാണ് നടക്കുന്നത്.
ഞാന്‍ താമസിച്ചിരുന്ന അഭയാര്‍ഥിക്യാംപിലെ പള്ളി തകര്‍ത്തതിനുശേഷം അവശിഷ്ടങ്ങളില്‍നിന്ന് ഏതാനും മൃതദേഹങ്ങള്‍ പുറത്തെടുത്തിരുന്നു. ആ അവശിഷ്ടങ്ങള്‍ക്കു പുറത്താണ് അഭയാര്‍ഥിക്യാംപിലെ ജനങ്ങള്‍ പ്രാര്‍ഥിച്ചത്. ഇത്തരം സാഹചര്യങ്ങള്‍ യുദ്ധകാലത്തു മാത്രമല്ല, ഇപ്പോഴും ഗസയില്‍ പലയിടത്തും ആവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. ഫലസ്തീനികള്‍ക്കു പ്രവേശനം നിഷേധിച്ച ജറുസലേമിലെ വിശുദ്ധ പ്രാര്‍ഥനാലയങ്ങളില്‍ കാവല്‍ നില്‍ക്കുന്ന ഇസ്രായേലിലെ സൈനികര്‍ക്കു പിന്നില്‍ കൂട്ടമായി എത്തിയാണ് ഫലസ്തീനികള്‍ ഇപ്പോള്‍ പ്രാര്‍ഥന നടത്തുന്നത്. ജറുസലേം ഇസ്രായേലി സൈന്യം കീഴടക്കിയതിനുശേഷം കഴിഞ്ഞ 50 വര്‍ഷമായി നടക്കുന്നതാണിത്. ഒരു തലത്തിലുമുള്ള ബലപ്രയോഗമോ കോടതി ഉത്തരവുകളോ ഇതിനു മാറ്റമുണ്ടാക്കിയിട്ടില്ല. ഇമാമുമാരെ അറസ്റ്റ് ചെയ്യാനും പള്ളികള്‍ തകര്‍ക്കാനും ബാങ്കുവിളി നിരോധിക്കാനും ഇസ്രായേലിന് ശക്തിയുണ്ടെങ്കിലും ഫലസ്തീനികള്‍ക്ക് അവരിലുള്ള വിശ്വാസം കരുത്താര്‍ജിച്ചിരിക്കുകയാണ്. ജറുസലേം നഗരം എക്കാലത്തും വിശ്വാസികളെ പ്രാര്‍ഥനയ്ക്ക് ക്ഷണിച്ചിരുന്നു; വിശ്വാസികള്‍ പ്രാര്‍ഥന ഒരിക്കലും മുടക്കിയിട്ടില്ലതാനും. സ്വാതന്ത്ര്യത്തിനും സമാധാനത്തിനും വേണ്ടിയായിരുന്നു എപ്പോഴും നഗരവാസികളുടെ പ്രാര്‍ഥന.

(പരിഭാഷ: കോയ കുന്ദമംഗലം)

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക