|    Aug 16 Thu, 2018 11:43 am

ബാങ്കുകള്‍ വായ്പ ന ിഷേധിച്ചു; ദലിത് വിദ്യാര്‍ഥിയുടെ വിദേശ പഠനം വഴിമുട്ടി

Published : 3rd August 2018 | Posted By: kasim kzm

കോഴിക്കോട്: വിദ്യാഭ്യാസ വായ്പ ലഭിക്കാത്തതിനെ തുടര്‍ന്ന് പട്ടികജാതി വിദ്യാര്‍ഥിയുടെ വിദേശപഠനം വഴിമുട്ടി. പുലയ സമുദായത്തില്‍പെട്ട അത്തോളി അരിയോന്ന് കണ്ടി അഖില്‍കൃഷ്ണക്കാണ് വിദേശപഠനത്തിന് ബേങ്കുകള്‍ വായ്പ നിഷേധിച്ചത്. 15 ലക്ഷം രൂപ ആവശ്യപ്പെട്ട് അത്തോളിയിലെ ഫെഡറല്‍ ബേങ്കിനെയും ഗ്രാമീണ ബേങ്കിനെയും സമീപിച്ചെങ്കിലും ആനുപാതികമായ ആധാരം നല്‍കണമെന്നാണ് ആവശ്യപ്പെട്ടത്.
എന്നാല്‍ കോളനിയില്‍ താമസിക്കുന്ന അഖിലിനും കുടുംബത്തിനും നാല് സെന്റ് ഭൂമി മാത്രമേ ഉള്ളൂ. പിതാവ് കൃഷ്ണനും മാതാവ് ഗിരിജാ കൃഷ്ണനും കൂലിവേല ചെയ്താണ് മകന്റെ പഠനമുള്‍പ്പെടെയുള്ള കാര്യങ്ങള്‍ നോക്കിനടത്തുന്നത്. ഗ്രാമീണ ബേങ്കിനെ സമീപിച്ചപ്പോള്‍ കേന്ദ്രസര്‍ക്കാറിന്റെ വിദ്യാലക്ഷ്മി സൈറ്റ് മുഖേന അപേക്ഷിക്കാന്‍ നിര്‍ദേശിച്ചുവെന്ന് അഖില്‍ പറഞ്ഞു. ഇത് പ്രകാരം സൈറ്റില്‍ കയറിയെങ്കിലും വിദേശ പഠനത്തിനുള്ള ലിങ്ക് നിര്‍ജീവമാണ്. ഇതോടെ ആ നിലക്കുള്ള സാധ്യതയും അടഞ്ഞു.
കോഴിക്കോട് ദേവഗിരി കോളജില്‍ നിന്ന് ബി കോം പൂര്‍ത്തിയാക്കിയ അഖില്‍ വിദേശപഠനത്തിനുള്ള ഐഎല്‍ടി എസ് പ്രവേശന പരീക്ഷ പാസായിരുന്നു. കഴിഞ്ഞ വര്‍ഷം ജര്‍മനിയില്‍ അവസരം ലഭിച്ചിരുന്നെങ്കിലും യാത്രക്കുള്‍പ്പെടെ പണമില്ലാത്തതിനാല്‍ കോഴ്‌സിന് ചേര്‍ന്നില്ല. എന്നാല്‍ ഈ അധ്യയന വര്‍ഷം യുകെയിലെ ക്യൂന്‍സ് സര്‍വകലാശാലയില്‍ മാസ്റ്റര്‍ ഓഫ് സയന്‍സ് ഇന്‍ അക്കൗണ്ടിംഗ് ആന്‍ഡ് ഫിനാന്‍സിംഗ് കോഴ്‌സിന് ചേരാനാണ് അഖിലിന് അവസരം ലഭിച്ചിരിക്കുന്നത്.
വിദേശത്തെത്തി പഠനം ആരംഭിച്ചാല്‍ സംസ്ഥാന പട്ടികജാതി വികസന വകുപ്പിന്റെ 15 ലക്ഷം രൂപയുടെ ഗ്രാന്റ് ലഭിക്കും. എന്നാല്‍ വിസ, ഫീസ്, ടിക്കറ്റ്, താമസ സൗകര്യം എന്നീ ഇനങ്ങളില്‍ ആവശ്യമായ പണമാണ് അഖിലിന് ലഭിക്കേണ്ടത്. സംസ്ഥാന സര്‍ക്കാര്‍ ഗ്രാന്റ് നല്‍കുമെന്ന് വാഗ്ദാനം ചെയ്തിട്ടും വിദ്യാഭ്യാസ വായ്പ അനുവദിക്കാന്‍ ബേങ്കുകള്‍ വിമുഖത കാട്ടുന്നതായാണ് ആരോപണം. ബേങ്കുകള്‍ വായ്പ നിഷേധിച്ച സാഹചര്യത്തില്‍ ഉദാരമതികളുടെ സഹായഹസ്തത്തില്‍ മാത്രമേ ഇനി അഖിലിന് വിദേശത്ത് പഠനം സാധ്യമാകൂ. ഈ ആവശ്യമുന്നയിച്ച് മുഖ്യമന്ത്രി, പട്ടികജാതി വികസന മന്ത്രി, ജില്ലാ കലക്ടര്‍, ജില്ലാ പട്ടിക ജാതി വികസന വകുപ്പ് ഓഫിസര്‍ തുടങ്ങിയവര്‍ക്ക് പരാതി നല്‍കാനുള്ള തയ്യാറെടുപ്പിലാണ് അഖിലിന്റെ കുടുംബം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss