|    Jun 25 Mon, 2018 1:52 pm

ബാങ്കുകള്‍ക്കു മുമ്പില്‍ നീണ്ടനിര; ദുരിതം മാറാതെ ജനം

Published : 11th November 2016 | Posted By: SMR

കണ്ണൂര്‍: കള്ളപ്പണം തടയാനെന്ന പേരില്‍ 500, 1000 രൂപയുടെ നോട്ടുകള്‍ പിന്‍വലിച്ചതിനെ തുടര്‍ന്നുള്ള ദുരിതം തുടരുന്നു. ഇന്നലെ ബാങ്കുകളില്‍ നിന്നും പോസ്‌റ്റോഫിസുകളില്‍ നിന്നും പണം മാറിക്കിട്ടുമെന്നറിഞ്ഞ് അതിരാവിലെ മുതല്‍ നഗര-ഗ്രാമ വ്യത്യാസമില്ലാതെ ബാങ്കുകള്‍ക്കു മുന്നില്‍ നീണ്ട നിരയാണു പ്രത്യക്ഷപ്പെട്ടത്. കൈക്കുഞ്ഞുമായി സ്ത്രീകളുള്‍പ്പെടെയുള്ളവര്‍ ബാങ്കുകള്‍ക്കു മുന്നില്‍ മണിക്കൂറുകള്‍ വരി നില്‍ക്കുകയായിരുന്നു. എസ്ബിടി, എസ്ബിഐ, സിന്‍ഡിക്കേറ്റ്, ഫെഡറല്‍ തുടങ്ങിയ ദേശസാല്‍കൃത ബാങ്കുകള്‍ക്കും കേരള ഗ്രാമീണ്‍ ബാങ്കുകള്‍ക്കും പോസ്‌റ്റോഫിസുകള്‍ക്കും മുന്നിലാണ് പണം മാറാന്‍ നിരവധി പേരെത്തിയത്. ഗ്രാമങ്ങളിലുള്ള സ്ത്രീകളുള്‍പ്പെടെയുള്ളവര്‍ സഹകരണ ബാങ്കുകളിലെത്തിയെങ്കിലും അസാധുവാക്കിയ പണം സ്വീകരിക്കാന്‍ നിര്‍ദേശം ലഭിച്ചില്ലെന്നും പണം എത്തിയില്ലെന്നും പറഞ്ഞ് തിരിച്ചയച്ചതോടെ പലയിടത്തും വാക്കേറ്റവും തര്‍ക്കവും ഉടലെടുത്തു. പണം കൈമാറാന്‍ പൂരിപ്പിക്കേണ്ട പ്രത്യേക ഫോറത്തിനായി തിക്കുംതിരക്കും കൂട്ടിയത് പലയിടത്തും ഉന്തും തള്ളിനുമിടയാക്കി. പലയിടത്തും പോലിസ് ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്.  ജില്ലയില്‍ 20 കോടി രൂപയുടെ കറന്‍സി നോട്ടുകള്‍ ഇന്നലെ രാവിലെ ജില്ലയിലെ വിവിധ ബാങ്കുകളിലേക്ക് എസ്ബിഐ മുഖേന എത്തിച്ചെങ്കിലും ഇത് തീര്‍ത്തും പരിമിതമായിരുന്നു. ഒരു കോടി രൂപ നല്‍കണമെന്ന പോസ്‌റ്റോഫിസിന്റെ ആവശ്യം അംഗീകരിക്കാതെ ജില്ലയിലെ പോസ്‌റ്റോഫിസുകള്‍ക്കായി ആകെ 35 ലക്ഷം രൂപ മാത്രമാണ് നല്‍കിയത്. ഫോറം പൂരിപ്പിച്ച ബാങ്കില്‍ നിന്നു കറന്‍സികള്‍ മാറ്റികിട്ടാന്‍ മണിക്കൂറുകളുടെ കാത്തിരിപ്പാണ് അനുഭവപ്പെടുന്നത്. എസ്ബിഐ, എസ്ബിടി ശാഖകളില്‍ മാത്രമാണ് ആദ്യം പണം വിതരണം നടത്തിയത്. പിന്നീട് ഏറെ വൈകിയാണ് മറ്റിടങ്ങളില്‍ പണം ലഭ്യമായത്. വീട് നിര്‍മാണം, ചെറുകിട കച്ചവടം, വിവാഹാവശ്യം തുടങ്ങിയവയ്ക്കായി സ്വരുക്കൂട്ടി വച്ച പണവുമായി സ്ത്രീകളുള്‍പ്പെടെയുള്ളവര്‍ ബാങ്കുകളില്‍ കയറിയിറങ്ങി. സ്റ്റേറ്റ് ബാങ്കിന്റെ പ്ലാസയിലുള്ള ഓഫിസിനു മുന്നിലെ നിര റോഡും കടന്നു വന്‍നിരയായി രൂപപ്പെട്ടു. പൊരിവെയിലത്തും ഇടപാടുകാര്‍ ദുരിതം മറന്ന് പണം മാറാനെത്തി. വൈകീട്ട് ആറുവരെ ബാങ്കുകള്‍ പ്രവര്‍ത്തിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും കണ്ണൂര്‍ നഗരത്തിലേതുള്‍പ്പെടെ പലയിടത്തും അഞ്ചിനു മുമ്പ് തന്നെ അടച്ചു. പണമില്ലെന്നു പറഞ്ഞാണ് പലരെയും മടക്കി അയച്ചത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss