|    Sep 23 Sat, 2017 5:55 am
FLASH NEWS

ബാങ്കുകള്‍ക്കു മുമ്പില്‍ നീണ്ടനിര

Published : 11th November 2016 | Posted By: SMR

തൃശൂര്‍: അസാധുവാക്കിയ 500, 1000 രൂപ നോട്ടുകള്‍ മാറ്റിയെടുക്കാന്‍ ബാങ്കുകളില്‍ ജനം തിക്കിതിരക്കി. രാവിലെ മുതല്‍ എല്ലാ ബാങ്ക് ശാഖകളിലേക്കും ജന പ്രവാഹമായിരുന്നു. എന്നാല്‍ പോസ്‌റ്റോഫിസുകളില്‍ നോട്ടുകള്‍ മാറാനെത്തിയവര്‍ നിരാശരായി മടങ്ങി. ബാങ്ക് ശാഖകള്‍ തുറക്കും മുമ്പ് തന്നെ ആളുകള്‍ ക്യൂ നില്‍ക്കാന്‍ തുടങ്ങിയിരുന്നു. നോട്ടുകള്‍ മാറ്റി നല്‍കാന്‍ പ്രത്യേക സംവിധാനങ്ങള്‍ എല്ലായിടത്തും ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ തുടക്കത്തില്‍ പലയിടത്തും ആശയക്കുഴപ്പമുണ്ടായി. 2000 രൂപ നോട്ടുകള്‍ നല്‍കുമെന്ന് അധികൃതര്‍ പ്രഖ്യാപിച്ചിരുന്നുവെങ്കിലും തുടക്കത്തില്‍ പല ബാങ്കുകളിലും പുതിയ നോട്ടുകള്‍ നല്‍കിയില്ല. 100 രൂപ നോട്ടുകളാണ് പ്രധാനമായും നല്‍കിയത്. പിന്നീട് 11 മണിയോടെയാണ് 2000 രൂപയുടെ നോട്ടുകളെത്തിയത്. പുതിയ നോട്ടുകള്‍ എത്താന്‍ വൈകിയത് ബാങ്ക് ജീവനക്കാര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കി. ബാങ്ക് ശാഖകളില്‍ മൂന്ന് ക്യൂ ആയാണ് ഇടപാടുകാരെ കൈകാര്യം ചെയ്തത്. പണം മാറ്റിയെടുക്കുന്നവര്‍ക്കും അക്കൗണ്ടില്‍ പണം നിക്ഷേപിക്കുന്നവര്‍ക്കും അക്കൗണ്ടില്‍ നിന്നു പണം എടുക്കുന്നവര്‍ക്കും പ്രത്യേകം കൗണ്ടറുകള്‍ പ്രവര്‍ത്തിച്ചു. എന്നാല്‍ ബാങ്കിലെത്തിയ പലര്‍ക്കും നടപടി ക്രമങ്ങളെ കുറിച്ച് കൃത്യമായ ധാരണയില്ലാത്തത് പ്രശ്‌നം സൃഷ്ടിച്ചു. പണം തീര്‍ന്നു പോവുമോ എന്ന ആശങ്ക തിരക്കും ബഹളവും വര്‍ധിപ്പിച്ചു. കറന്‍സി നോട്ടുകള്‍ 4000 രൂപ വരെയാണ് മാറ്റി നല്‍കുന്നത്. തിരിച്ചറിയല്‍ കാര്‍ഡിന്റെ ഒറിജിനല്‍ കാണിച്ച് ബാങ്കില്‍ നിന്ന് ലഭിക്കുന്ന പ്രത്യേക ഫോമില്‍ മാറ്റേണ്ട  കറന്‍സി നമ്പര്‍ എഴുതി കൊടുക്കണം. തിരക്ക് നിയന്ത്രണാതീതമായതോടെ പല ശാഖകളും പോലിസ് സഹായത്തോടെയാണ് പ്രവര്‍ത്തിച്ചത്. ഇന്നു വൈകീട്ട് ആറു വരെ ഇടപാടികള്‍ നടത്താന്‍ അവസരമുണ്ട്. അവധി ദിവസങ്ങളായ ശനി, ഞായര്‍ ദിവസങ്ങള്‍ ബാങ്ക് ശാഖകള്‍ പ്രവര്‍ത്തിക്കുമെന്നും അധികൃതര്‍ അറിയിച്ചു. ആശുപത്രികളിലും ഇന്നും ആശയകുഴപ്പം തുടര്‍ന്നു. പണം നല്‍കാനാവാതെ ശസ്ത്രക്രിയകള്‍ മുടങ്ങി. ആശുപത്രികളിലും പെട്രോള്‍ പമ്പുകളിലും മറ്റും മൂന്നു ദിവസത്തേക്ക് പഴയ 500, 1000 രൂപ നോട്ടുകല്‍ വാങ്ങണണെന്ന് കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശമുണ്ട്. ബാക്കി തുക തിരികെ നല്‍കാന്‍ കഴിയാത്തതാണ് പലയിടത്തേയും പ്രശ്‌നം. റെയില്‍വേ സ്റ്റേഷനുകലിലും ചില്ലറ ക്ഷാമം തുടര്‍ന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക