|    Oct 23 Tue, 2018 11:33 pm
FLASH NEWS

ബാങ്കുകളുടെ കടുംപിടിത്തം : സര്‍ക്കാര്‍ പ്രഖ്യാപിച്ച സഹായം ലഭിക്കാതെ വിദ്യാഭ്യാസ വായ്പയെടുത്തവര്‍ ദുരിതത്തില്‍

Published : 23rd September 2017 | Posted By: fsq

 

തൃശൂര്‍: ബാങ്കുകളുടെ കടുംപിടിത്തം മൂലം സര്‍ക്കാര്‍ പ്രഖ്യാപിച്ച സഹായ പദ്ധതികള്‍ ലഭിക്കാതെ വിദ്യാഭ്യാസ വായ്പയെടുത്തവര്‍ ദുരിതത്തില്‍. വിദ്യാഭ്യാസ വായ്പ തിരിച്ചടവ് പദ്ധതിയില്‍ നിന്നു ഭൂരിഭാഗം പേരും പുറത്തായി. കേരളത്തില്‍ 4 ലക്ഷത്തോളം പേരാണ് വിദ്യാഭ്യാസ വായ്പയെടുത്ത് തിരിച്ചടയ്ക്കാനാവാതെ കടക്കെണിയിലായിരിക്കുന്നത്. തൃശൂര്‍ ജില്ലയില്‍ മാത്രം ഇത്തരത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ നാലായിരത്തോളം പേരുണ്ട്. പഠനം പൂര്‍ത്തിയായ ശേഷം സ്ഥിരമായ തൊഴിലും മെച്ചപ്പെട്ട വരുമാനവും ലഭിക്കാത്തതിനാല്‍ വായ്പ ബാധ്യത തിരിച്ചടയ്ക്കാനാവാത്തവരാണ് ബഹുഭൂരിപക്ഷം കുടുംബങ്ങളും. ഉന്നത വിദ്യാഭ്യാസത്തിന്റെ ചുമതല സര്‍ക്കാര്‍ കയ്യൊഴിഞ്ഞതും സ്വകാര്യ മേഖലയിലേക്ക് വിദ്യാഭ്യാസ മേഖലയെ തുറന്നുവിട്ടതുമാണ് വിദ്യാര്‍ഥികളേയും രക്ഷിതാക്കളേയും ചതിക്കുഴിയിലേക്ക് തള്ളിവിട്ടത്. ഇവിടെ ധാരാളം സ്വകാര്യ സ്വാശ്രയ സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കിയത് മാറിമാറി വരുന്ന സര്‍ക്കാരുകളാണ്. വായ്പയെടുത്ത നേഴ്‌സുമാര്‍ മാത്രമല്ല പ്രഫഷണല്‍ കോഴ്‌സുകള്‍ പഠിച്ചവരെല്ലാം ഇപ്പോള്‍ പ്രതിസന്ധിയിലാണ്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് ഉന്നത വിദ്യാഭ്യാസം നിഷേധിക്കുകയില്ല എന്ന ന്യായത്തില്‍ ബാങ്ക് വായ്പ ആധാരമാക്കി പഠനം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ അവസരമൊരുക്കുകയായിരുന്നു. എന്നാല്‍ ഇങ്ങനെ പഠിച്ചിറങ്ങിയവര്‍ക്ക് മെച്ചപ്പെട്ട തൊഴിലും ശമ്പളവും ഉറപ്പാക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് സാധിച്ചില്ല. അതുമാത്രമല്ല വായ്പാ തുക തിരിച്ചടക്കാന്‍ കഴിയുന്നവരെ സഹായിക്കാനായി സര്‍ക്കാര്‍ പ്രഖ്യാപിച്ച വിദ്യാഭ്യാസ വായ്പ തിരിച്ചടവ് സഹായ പദ്ധതിയില്‍ നിന്നും ബഹുഭൂരിപക്ഷവും പുറത്തായി. പദ്ധതി പ്രകാരം കിട്ടാക്കടമായി മാറിയ അക്കൗണ്ടുകള്‍ക്ക് എടുത്ത തുകയുടെ 40 ശതമാനം തുകയടച്ച് വായ്പ ബാധ്യത അവസാനിപ്പിക്കാനും കുടിശിക വരുത്തിയവര്‍ക്ക് 40 ശതമാനം തുകയടച്ച് വായ്പയുടെ തിരിച്ചടവ് ക്രമപ്പെടുത്താനുമാണ് സര്‍ക്കാര്‍ ലക്ഷ്യമിട്ടത്. എന്നാല്‍ ബാങ്കുകള്‍ പലിശ പൂര്‍ണമായും ഒഴിവാക്കാന്‍ തയ്യാറാകാത്തതിനാല്‍ ഈ ആനുകൂല്യവും പ്രയോജനപ്പെട്ടില്ല. വിദ്യാഭ്യാസ വായ്പ മൂലം കടക്കെണിയിലായവരുടെ മുഴുവന്‍ ബാധ്യതയും സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും വിദ്യാഭ്യാസ വായ്പ തിരിച്ചടവ് സഹായ പദ്ധതിയിലെ നിര്‍ധനരെ അവഗണിക്കുന്ന ഉപാധികള്‍ പിന്‍വലിക്കണമെന്നും ജപ്തി നിയമ നടപടികള്‍ അവസാനിപ്പിക്കണമെന്നുമാണ് ഇവരുടെ ആവശ്യം. ഇക്കാര്യമുന്നയിച്ച് ഈ മാസം 27ന് വിദ്യാര്‍ഥികളും രക്ഷിതാക്കളും ചേര്‍ന്ന് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കാനും സെക്രട്ടേറിയറ്റിന് മുന്നില്‍ പ്രതിഷേധ സംഗമം നടത്താനും തീരുമാനിച്ചിരിക്കുകയാണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss