|    Jun 21 Thu, 2018 7:38 pm
FLASH NEWS
Home   >  Todays Paper  >  page 10  >  

ബാങ്കുകളിലെ കിട്ടാക്കടം 5,39,995 കോടി; സിംഹഭാഗവും വന്‍ കോര്‍പറേറ്റുകളുടേത്

Published : 24th July 2016 | Posted By: SMR

കൊച്ചി: 2002 മാര്‍ച്ചില്‍ 54,673 കോടിരൂപയായിരുന്ന പൊതുമേഖലാ ബാങ്കുകളിലെ നിഷ്‌ക്രിയ ആസ്തി(എന്‍പിഎ) എന്ന ഓമനപ്പേരില്‍ പറയുന്ന കിട്ടാക്കടം 2016ല്‍ 5,39,995 കോടി രൂപയായി ഉയര്‍ന്നു. ഇതില്‍ ബഹുഭൂരിഭാഗവും വരുത്തിയത് ധനാഢ്യ കോര്‍പറേറ്റുകളാണെന്ന് ഓള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍ പുറത്തുവിട്ട കണക്കുകള്‍ വെളിപ്പെടുത്തുന്നു.
2015ല്‍ 2,78,877 ആയിരുന്ന കിട്ടാക്കടം 2016 എത്തിയപ്പോഴേക്കും ഒറ്റവര്‍ഷം കൊണ്ട് 2,61,118 രൂപ വര്‍ധിച്ചാണ് 5,39,995 രൂപയില്‍ എത്തിയത്. എന്നാല്‍, ഈ പണം തിരിച്ചുപിടിക്കാന്‍ സര്‍ക്കാരോ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയോ ശ്രമിക്കുന്നില്ലത്രെ. 5610 അക്കൗണ്ടുകളിലായി 58,792 കോടിരൂപ മനപ്പൂര്‍വം വായ്പാകുടിശ്ശിക വരുത്തിയ വിഭാഗത്തില്‍പ്പെടുന്നു. ഇതില്‍ നാഷനലൈസ്ഡ് ബാങ്കുകളുടെ 3192 അക്കൗണ്ടുകളിലായി 28,775 കോടിയും എസ്ബിഐ ആന്റ് അസോസിയേറ്റ്‌സ് ബാങ്കുകളുടെ 1546 അക്കൗണ്ടുകളിലായി 18,576 കോടിയും പ്രൈവറ്റ് ബാങ്കുകളുടെ 792 അക്കൗണ്ടുകളിലായി 10,250 കോടിയും ധനകാര്യ സ്ഥാപനങ്ങളുടെ 42 അക്കൗണ്ടുകളിലായി 728 കോടിയും വിദേശ ബാങ്കുകളുടെ 38 അക്കൗണ്ടുകളിലായി 463 കോടിയും ഉള്‍പ്പെടുന്നു.
വന്‍ കിട്ടാക്കടങ്ങള്‍ തിരിച്ചുപിടിക്കാന്‍ കര്‍ശന നടപടി വേണം. മനപ്പൂര്‍വം വായ്പാകുടിശ്ശിക വരുത്തുന്നത് ക്രിമിനല്‍ കുറ്റമായതിനാല്‍ വന്‍ കുടിശ്ശികക്കാരുടെ പേരുവിവരങ്ങള്‍ പ്രസിദ്ധീകരിക്കണമെന്നും ഓള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍ ആവശ്യപ്പെട്ടു.
കിട്ടാക്കടം തിരിച്ചുപിടിക്കുന്നതിനുപകരം അത് കുറച്ചു കാണിക്കാനുള്ള തന്ത്രത്തിന്റെ ഭാഗമായാണ് എസ്ബിഐയും കനേഡിയന്‍ അസറ്റ് മാനേജ്‌മെന്റ് കമ്പനിയായ ബ്രൂക്ക്ഫീല്‍ഡും ചേര്‍ന്ന് ‘കിട്ടാക്കട നിധി’ ഉണ്ടാക്കാനുള്ള ധാരണ ഉണ്ടായിട്ടുള്ളത്.
ഇത് വന്‍കിട കോര്‍പറേറ്റ് കിട്ടാക്കടങ്ങള്‍ തിരിച്ചുപിടിക്കാതിരിക്കാനും മറച്ചുപിടിക്കാനും ഉദ്ദേശിച്ചുള്ള നീക്കമാണ്. ഇത് ഉപേക്ഷിച്ചേ മതിയാകൂ. പെരുകുന്ന കിട്ടാക്കടം തിരിച്ചുപിടിക്കുമ്പോള്‍ ‘ചെറുകിടക്കാര്‍ക്ക് ജപ്തിയും വന്‍കിടക്കാര്‍ക്ക് സ്വസ്തിയും’ എന്ന സമീപനമാണ് ബാങ്ക് മാനേജ്‌മെന്റുകളെയും ഗവണ്‍മെന്റിനെയും നയിക്കുന്നത്. ഇത് ദൗര്‍ഭാഗ്യകരമാണ്.
കേരളത്തിന്റെ പ്രീമിയര്‍ ബാങ്കായ എസ്ബിടി ഉള്‍പ്പെടെയുള്ള അഞ്ച് അസോസിയേറ്റ് ബാങ്കുകളെ ലയിപ്പിച്ചില്ലാതാക്കാനുള്ള നീക്കം കിട്ടാക്കട വിഷയത്തില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാനാണെന്നും അസോസിയേഷന്‍ കുറ്റപ്പെടുത്തുന്നു. നിയമസഭാ പ്രമേയവും പാര്‍ലമെന്റ് അംഗങ്ങളുടെ പ്രതിഷേധവും ബാങ്കിടപാടുകാരുടെയും ജനതയുടെയും എതിര്‍പ്പും കണക്കിലെടുത്ത് ലയനനീക്കത്തില്‍നിന്നു കേന്ദ്രസര്‍ക്കാര്‍ പിന്തിരിയണം.
വന്‍കിട കിട്ടാക്കടങ്ങള്‍ തിരിച്ചുപിടിക്കുക, ജനവിരുദ്ധ ബാങ്ക് ലയന-സ്വകാര്യവല്‍ക്കരണ പരിഷ്‌കാരങ്ങള്‍ ഉപേക്ഷിക്കുക, സ്വകാര്യമേഖലയില്‍ പുതിയ ബാങ്കുകള്‍ അനുവദിച്ച് പൊതുമേഖലാ ബാങ്കുകളുടെയും ശാഖകളുടെയും എണ്ണം കുറയ്ക്കുന്നതിനുള്ള നയങ്ങള്‍ തിരുത്തുക, സേവിങ് ബാങ്ക് നിക്ഷേപ പലിശനിരക്ക് ഉയര്‍ത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് രാജ്യത്തെ പൊതുമേഖല, സ്വകാര്യമേഖല, ഗ്രാമീണ്‍ ബാങ്ക്-സഹകരണ ബാങ്കിങ് മേഖലയിലെ മുഴുവന്‍ ജീവനക്കാരും ഓഫിസര്‍മാരും യുനൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂനിയന്‍സിന്റെ ആഭിമുഖ്യത്തില്‍ ഈ മാസം 29ന് അഖിലേന്ത്യാ പണിമുടക്ക് നടത്തുമെന്ന് ഓള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സി ഡി ജോസണ്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss