|    Apr 22 Sun, 2018 11:53 pm
FLASH NEWS

ബാഗും കുടയും പുസ്തകങ്ങളുമൊക്കെയായി ജില്ലയിലെ സ്‌കൂള്‍ വിപണി സജീവം

Published : 24th May 2016 | Posted By: SMR

കൊല്ലം: സ്‌കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ സ്‌കൂള്‍ വിപണി സജീവമാകുന്നു. ബാഗും കുടയും യൂനിഫോമുകളും ചെരിപ്പുമൊക്കെ കടകളില്‍ നിരന്നു കഴിഞ്ഞു. എന്നാല്‍, വിലയില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ പത്തുശതമാനമെങ്കിലും വര്‍ധനയുള്ളവ് രക്ഷിതാക്കളെ കുഴക്കുന്നുണ്ട്.

തിരഞ്ഞെടുപ്പു തിരക്കുകള്‍ക്കിടയില്‍ മന്ദതയായിരുന്ന വിപണി ഇപ്പോള്‍ സജീവമായിട്ടുണ്ട്. രക്ഷാകര്‍ത്താക്കളുടെ പോക്കറ്റും കുട്ടികളുടെ മനസ്സും അറിഞ്ഞുള്ള വിഭവങ്ങള്‍ കടകളിലുണ്ട്. ബാഗ്, കുട, നോട്ട് ബുക്ക്, പെന്‍സില്‍, പേന, ബോക്‌സ്, ലഞ്ച് ബോക്‌സ് തുടങ്ങിയവയിലെല്ലാം പല പരീക്ഷണങ്ങളാണു കമ്പനികള്‍ നടത്തുന്നത്. 180 രൂപ മുതല്‍ 2200 രൂപ വരെയുള്ള സ്‌കൂള്‍ ബാഗുകള്‍ വിപണിയിലുണ്ട്. ടിവിയിലും പത്രത്തിലും പരസ്യം കണ്ടു കുട്ടികള്‍ തങ്ങള്‍ക്ക് ആവശ്യമുള്ള ബാഗുകള്‍ ഏതാണെന്നു നേരത്തെ തന്നെ തീരുമാനിച്ചാണു കടയിലെത്തുന്നതെന്ന് ജീവനക്കാര്‍ പറയുന്നു.
250-500 രൂപ വിലയുള്ള ബാഗുകള്‍ക്കാണ് ആവശ്യക്കാര്‍ കൂടുതല്‍. ചില കടകള്‍ ബാഗിനൊപ്പം കുട്ടികള്‍ക്കാവശ്യമായ മറ്റുപകരണങ്ങള്‍ സൗജന്യമായി നല്‍കുന്ന ഓഫറുകളും വയ്ക്കുന്നുണ്ട്.
ബാഗിനൊപ്പം ട്യൂഷന്‍ കിറ്റ്, പുസ്തകം പൊതിയാനുള്ള കടലാസ്, പേന, പെന്‍സില്‍, പെന്‍സില്‍ ബോക്‌സ്, സ്‌നാക്‌സ് ബോക്‌സ് തുടങ്ങിയവ നല്‍കുന്ന കടകളുമുണ്ട്. ചിലര്‍ ബാഗുകള്‍ക്ക് ആറു മാസം സൗജന്യ സര്‍വീസ് വാറന്റിയും നല്‍കുന്നുണ്ട്.
ബാഗില്‍ ഡോറ, ആംഗ്രി ബേഡ്‌സ്, സ്‌പൈഡര്‍മാന്‍, ബാര്‍ബി ഗേള്‍ തുടങ്ങിയവയുടെ ചിത്രങ്ങളുള്ളവ കുട്ടികള്‍ ചോദിച്ചു വാങ്ങുന്നുണ്ട്. ചില സ്‌കൂളുകള്‍ എല്ലാ കുട്ടികള്‍ക്കും ബാഗും യൂനിഫോമും ഉള്‍പ്പെടെ ഒന്നിച്ചെടുത്തു നല്‍കുന്നതു കച്ചവടക്കാര്‍ക്കു തിരിച്ചടിയാകുന്നുണ്ട്. ബാഗിലും യൂനിഫോമിലും സ്‌കൂളിന്റെ പേരു പതിച്ചു നല്‍കാനാണ് ഇങ്ങനെ ചെയ്യുന്നത്.
190 രൂപ മുതല്‍ മുകളിലേക്കാണു സ്‌കൂള്‍ ഷൂസിന്റെ വില. ലേസ് കെട്ടുന്നവിധത്തിലുള്ളതും ഒട്ടിക്കുന്ന വിധത്തിലുള്ളതുമായ ഷൂസ് ആണു സ്‌കൂള്‍ കുട്ടികള്‍ക്ക് ആവശ്യം. പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കും പ്രത്യേകം പെന്‍സില്‍ ബോക്‌സ് ഉണ്ട്. പെന്‍സില്‍ ബോക്‌സിനുള്ളില്‍ കാല്‍ക്കുലേറ്റര്‍ വരുന്ന മോഡല്‍ ആണ് ഇപ്പോള്‍ ജനപ്രിയം.
250 രൂപയാണു വില. 50 രൂപ മുതല്‍ വിലയുള്ള പെന്‍സില്‍ ബോക്‌സുകളുണ്ട്. കാറിന്റെ രൂപത്തിലുള്ള പെന്‍സില്‍ ബോക്‌സുകള്‍ തുച്ഛമായ വിലയ്ക്കു കിട്ടുമ്പോള്‍ കുട്ടികള്‍ ചാടിവീണു വാങ്ങുമെന്നു കച്ചവടക്കാര്‍ക്കറിയാം. ഇതിനു പുറമേ, പല മോഡല്‍ പെന്‍സില്‍ പൗച്ചുകളും ഉണ്ട്. ലഞ്ച് ബേ ാക്‌സ് ഭക്ഷണം കൊണ്ടു പോയി കഴിക്കാന്‍ മാത്രമല്ല, വെറുതേയിരിക്കുമ്പോള്‍ ഗെയിം കളിക്കുകയും ചെയ്യാം. ബോക്‌സിന്റെ മുകളില്‍ പ്രത്യേകതരം ഗെയിം കളിക്കാനുള്ള സൗകര്യവുമായാണു ലഞ്ച് ബോക്‌സുകള്‍ തയാറാക്കിയിരിക്കുന്നത്.
വീട്ടിലുണ്ടാക്കുന്ന ഭക്ഷണം ചൂടാറാതെ കുട്ടികള്‍ കഴിക്കണമെന്നാണെങ്കില്‍ കാസറോള്‍ മാതൃകയിലുള്ള ലഞ്ച് ബോക്‌സുകള്‍ 250 രൂപ മുതല്‍ ലഭിക്കും. പലതരം വിഭവങ്ങള്‍ കലര്‍ന്നു പോകാതെ സ്‌കൂളില്‍ കൊണ്ടുപോയി കഴിക്കണമെങ്കില്‍ പല അറകളുള്ള സ്‌നാക്‌സ് ബോക്‌സുകളും ലഭിക്കും. നോട്ട് ബുക്കുകള്‍ 20 രൂപ മുതല്‍ ലഭിക്കും.ഗുണമേന്മ അനുസരിച്ചു വില കൂടും. സ്‌കൂള്‍ തുറക്കുന്നതിനു മുന്‍പേ മഴയെത്തിയതിനാല്‍ കുട വിപണിയും സജീവമായി. പ്രീെ്രെപമറി മുതല്‍ പ്ലസ് ടു വരെയുള്ള കുട്ടികളുടെ മനസ്സു കീഴടക്കുന്നവിധം വ്യത്യസ്തമായ കുടകള്‍ വിപണിയിലുണ്ട്. 150 രൂപ മുതല്‍ കുടകള്‍ ലഭ്യമാണ്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss