|    Nov 20 Tue, 2018 11:49 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

ബാംഗ്ലൂര്‍ സ്‌ഫോടനം: വിചാരണയുടെ അവസാന ഘട്ടത്തില്‍ പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റി

Published : 3rd November 2018 | Posted By: kasim kzm

ബംഗളൂരു: ബാംഗ്ലൂര്‍ സ്‌ഫോടനക്കേസില്‍ വിചാരണാ നടപടികള്‍ അവസാന ഘട്ടത്തിലേക്ക് കടന്നിരിക്കേ കര്‍ണാടക സര്‍ക്കാര്‍ പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റി. വിചാരണാ നടപടികള്‍ രണ്ടു മാസത്തിനകം പൂര്‍ത്തിയാക്കണമെന്ന് കര്‍ണാടക ഹൈക്കോടതി സപ്തംബര്‍ 20ന് ഉത്തരവിട്ടിരുന്നു. ഇതിനു പിന്നാലെയാണ് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന സദാശിവമൂര്‍ത്തിയെ മാറ്റി മുന്‍ പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന കെ രുദ്രസ്വാമിയെ നിയമിച്ചത്.
കേസില്‍ കോടതി ഇതുവരെ 2000 സാക്ഷികളെ വിസ്തരിച്ചിട്ടുണ്ട്. 6000 രേഖകളും പരിശോധിച്ചു. പുതിയ പ്രോസിക്യൂട്ടര്‍ വ്യാഴാഴ്ച കോടതിയില്‍ എത്തിയെങ്കിലും കേസിലെ സാക്ഷിവിസ്താരം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പഠിക്കാന്‍ സമയമെടുക്കും. ഇത് കേസിന്റെ വിചാരണാ നടപടികള്‍ ഇഴയാന്‍ കാരണമാക്കുമെന്ന ആശങ്ക ഉദ്യോഗസ്ഥര്‍ക്കിടയിലും ശക്തമാണ്.
ദേശീയ താല്‍പര്യമുള്ള ഒരു കേസിന്റെ അന്തിമ വിചാരണാവേളയില്‍ പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റുന്നത് ദൗര്‍ഭാഗ്യകരമാണ്. മുന്‍ പ്രോസിക്യൂട്ടര്‍ ഫലപ്രദമായായിരുന്നു വിചാരണാ നടപടികള്‍ മുന്നോട്ടുകൊണ്ടുപോയതെന്നാണ് കേസുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഒരു പോലിസ് ഉദ്യോഗസ്ഥന്‍ നടപടിയോട് പ്രതികരിച്ചത്.
അതേസമയം, കേസില്‍ നിന്ന് തന്നെ ഒഴിവാക്കിയെന്നും ഫലപ്രദമായാണ് താന്‍ കാര്യങ്ങള്‍ ചെയ്തിരുന്നതെന്നും മുന്‍ പ്രോസിക്യൂട്ടര്‍ സദാശിവമൂര്‍ത്തി പറഞ്ഞു. സര്‍ക്കാരിന് അവരുടേതായ പരിഗണനകളുണ്ടാകാം. ചില വിഷയങ്ങളില്‍ താന്‍ സഹകരിക്കുന്നില്ലെന്നാണ് സര്‍ക്കാര്‍ പറയുന്ന ന്യായമെന്നും സദാശിവമൂര്‍ത്തി കൂട്ടിച്ചേര്‍ത്തു.
2008 ജൂലൈ 25ന് നടന്ന സ്‌ഫോടനത്തില്‍ ഒരു സ്ത്രീ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. കേസില്‍ അബ്ദുന്നാസിര്‍ മഅ്ദനി അടക്കമുള്ളവരാണ് പ്രതിപ്പട്ടികയിലുള്ളത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss