|    May 23 Tue, 2017 12:48 pm
FLASH NEWS

ബാംഗ്ലൂര്‍ തീവ്രവാദ കേസ്: പ്രതികള്‍ ‘കുറ്റം സമ്മതിച്ചു’ ; മോചനത്തിന് വഴി തെളിയുന്നു

Published : 18th October 2016 | Posted By: SMR

ബംഗളൂരു: ബാംഗ്ലൂര്‍ തീവ്രവാദ കേസുമായി ബന്ധപ്പെട്ട് ജയിലില്‍ അടയ്ക്കപ്പെട്ട കര്‍ണാടകയിലെ ഹൂബ്ലി സ്വദേശികളായ 13 യുവാക്കള്‍ തങ്ങള്‍ നിരപരാധികളാണെന്ന വാദം മാറ്റി കുറ്റം സമ്മതിച്ചതോടെ അനന്തമായി നീളുമായിരുന്ന നടപടികളില്‍ നിന്നു രക്ഷപ്പെട്ട് ജയില്‍ മോചനത്തിലേക്കു നീങ്ങുന്നു. 2012 ആഗസ്ത് മുതല്‍ യുഎപിഎ പ്രകാരം ജയിലിലടയ്ക്കപ്പെട്ട ഇവര്‍ മോചനം ലഭിക്കുന്നതിനു വേണ്ടിയാണ് കുറ്റം സമ്മതിക്കാന്‍ തീരുമാനിച്ചത്.
കേസിന്റെ വിചാരണ തുടങ്ങിയപ്പോള്‍ പ്രതികളാക്കപ്പെട്ട യുവാക്കള്‍ കുറ്റം സമ്മതിക്കുന്നുവെന്ന് കോടതിയെ അറിയിക്കുകയായിരുന്നു. നിരപരാധികളാണെന്ന വാദത്തില്‍ ഉറച്ചു നിന്നാല്‍  വര്‍ഷങ്ങളോളം ജയിലില്‍ കിടക്കേണ്ടി വരുമെന്നതും കണ്ടാണ് യുവാക്കള്‍ തങ്ങള്‍ കുറ്റക്കാരാണെന്ന് കോടതിയെ ബോധിപ്പിച്ചത്.
എംബിഎ ബിരുദധാരികളുള്‍പ്പെടെ പ്രഫഷനല്‍ കോഴ്‌സ് കഴിഞ്ഞവരാണ് ജയിലിലടയ്ക്കപ്പെട്ട മിക്ക യുവാക്കളും. തങ്ങളുടെ നിരപരാധിത്വം തെളിയിച്ച് പുറത്തുവരാമെന്നാണ് ഇതുവരെ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍, മുമ്പുണ്ടായ പല തീവ്രവാദ കേസുകളെയും പോലെ വര്‍ഷങ്ങള്‍ നീളുന്ന വിചാരണ തീരുന്നതുവരെ ജയിലില്‍ കിടക്കേണ്ടി വരുമെന്ന് കണ്ടാണ് നിരപരാധികളാണെങ്കില്‍ പോലും കോടതി മുമ്പാകെ ഇവര്‍ കുറ്റം   സമ്മതിച്ചതെന്ന് അറിയുന്നു. കുറ്റക്കാരാണെന്ന് സമ്മതിച്ചാലുണ്ടാവുന്ന ഭവിഷ്യത്തുകളെ കുറിച്ച് എന്‍ഐഎ സ്‌പെഷ്യല്‍ കോടതി ജഡ്ജ് ബി മുതലിയാര്‍ പൈ യുവാക്കളെ ബോധ്യപ്പെടുത്തിയിരുന്നു. ഇങ്ങനെ ചെയ്താല്‍ പ്രഫഷനല്‍ ബിരുദധാരികളായ അവര്‍ക്ക് ഒരിക്കലും സര്‍ക്കാര്‍ ജോലി ലഭിക്കില്ലെന്നും യുവാക്കളെ അദ്ദേഹം ബോധ്യപ്പെടുത്തി.  എങ്ങിനെയെങ്കിലും തടവറയില്‍ നിന്നു പുറത്തുകടന്നാല്‍ മതിയെന്ന നിലപാടില്‍ യുവാക്കള്‍ ഉറച്ചു നില്‍ക്കുകയായിരുന്നു. പുനരാലോചനക്ക് രണ്ടു ദിവസത്തെ സാവകാശം ജഡ്ജി നല്‍കുകയും ചെയ്തു.
പ്രതികള്‍ കുറ്റം സമ്മതിച്ചതോടെ വിചാരണ നടപടികള്‍ പെട്ടെന്ന് അവസാനിച്ചു. ഇതോടെ കോടതി പ്രതികളെ അഞ്ചുവര്‍ഷം തടവിന് ശിക്ഷിക്കുകയായിരുന്നു. വിചാരണത്തടവുകാരായി നാലു വര്‍ഷത്തിലേറെ ജയിലില്‍ കഴിഞ്ഞ പ്രതികള്‍ക്ക് ഇനി മാസങ്ങള്‍ക്കകം പുറത്തിറങ്ങാനാവും. യുഎപിഎ ചുമത്തിയ കേസില്‍ ആദ്യമായാണ് പ്രതികളെല്ലാവരും കുറ്റം സമ്മതിക്കുന്നതെന്ന് എന്‍ഐഎ വൃത്തങ്ങള്‍ പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day