|    Nov 19 Mon, 2018 2:11 am
FLASH NEWS
Home   >  Todays Paper  >  page 9  >  

ബഹ്‌റയ്‌നില്‍ പ്രതിപക്ഷ നേതാക്കള്‍ക്ക് ജീവപര്യന്തം

Published : 5th November 2018 | Posted By: kasim kzm

മനാമ: ഖത്തറിനു വേണ്ടി ചാരവൃത്തി നടത്തിയെന്ന കേസില്‍ ബഹ്‌റയ്‌നില്‍ മൂന്നു പ്രതിപക്ഷ നേതാക്കളെ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. നിയമവിരുദ്ധമായി പ്രഖ്യാപിച്ച അല്‍ വഫഖ് പാര്‍ട്ടിയുടെ നേതാവ് ശെയ്ഖ് അലി സല്‍മാന്‍ പ്രതിപക്ഷ കക്ഷി നേതാക്കളായ ശെയ്ഖ് ഹസന്‍ സുല്‍ത്താന്‍, അലി അല്‍ അസ്വാദ് എന്നിവരെയാണ് ബഹ്‌റയ്ന്‍ അപ്പീല്‍ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്.
മൂന്നു നേതാക്കളും ബഹ്‌റയ്‌നെതിരേ ശത്രുതാപരമായ നിലപാടെടുത്തതായും രാജ്യത്തെ ഭരണഘടനാ വാഴ്ച അട്ടിമറിക്കുന്നതിനായി ഖത്തറി ഉദ്യോഗസ്ഥരുമായി ആശയവിനിമയം പുലര്‍ത്തിയിരുന്നതായും സര്‍ക്കാരിനു വേണ്ടി ഹാജരായ പബ്ലിക് പ്രോസിക്യൂട്ടര്‍ കോടതിയില്‍ വാദിച്ചു. ശെയ്ഖ് അലി സല്‍മാന്‍ നിലവില്‍ രാജ്യത്തിനെതിരേ വിദ്വേഷം പ്രചരിപ്പിച്ചെന്ന മറ്റൊരു കേസില്‍ ശിക്ഷിക്കപ്പെട്ട് നാലു വര്‍ഷം തടവില്‍ കഴിയുകയാണ്. രാജ്യത്തെ സുന്നി രാജവംശത്തിനെതിരേ 2011 മുതല്‍ നടന്നുവരുന്ന ശിയാ പ്രക്ഷോഭങ്ങളുടെ പേരിലായിരുന്നു സല്‍മാന്‍ ശിക്ഷിക്കപ്പെട്ടത്.
കോടതിയുടെ ശിക്ഷാവിധിയില്‍ മനുഷ്യാവകാശ സംഘടനകള്‍ പ്രതിഷേധിച്ചു. കോടതി വിധി അസംബന്ധമാണെന്ന് ആംനെസ്റ്റി ഇന്റര്‍നാഷനല്‍ പ്രതിനിധി സിമ വാല്‍ടിങ് പ്രതികരിച്ചു. ബഹ്‌റയ്‌നിലെ രാഷ്ട്രീയ പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള ചര്‍ച്ചകളില്‍ മധ്യസ്ഥത വഹിക്കാന്‍ ആവശ്യപ്പെട്ട് 2011ലാണ് ഖത്തരി വിദേശകാര്യ ഉദ്യോഗസ്ഥരോട് സല്‍മാന്‍ ടെലിഫോണില്‍ ബന്ധപ്പെട്ടതെന്നും ഇതിനെ ആറുവര്‍ഷത്തിനു ശേഷം ചാരക്കേസിനുള്ള തെളിവായി ഉപയോഗിക്കുകയാണെന്നും വാല്‍ടിങ് പറഞ്ഞു.
ഈ മാസം 24ന് ബഹ്‌റയ്‌നില്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് പ്രതിപക്ഷ നേതാക്കള്‍ക്കെതിരായ കോടതി വിധി പുറത്തുവന്നത്. അല്‍ വഫഖിനെയും നിരോധിക്കപ്പെട്ട മറ്റു പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികളെയും തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതില്‍ നിന്നു സര്‍ക്കാര്‍ വിലക്കിയിട്ടുണ്ട്.
രാജ്യത്ത് ഭരണഘടന പ്രകാരമുള്ള ഭരണ സംവിധാനവും തിരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രിയും വേണമെന്ന് ആവശ്യപ്പെട്ട് 2011 മുതല്‍ ശിയാ വിഭാഗക്കാരുടെ പ്രക്ഷോഭം തുടരുകയാണ്. ഇതിനെത്തുടര്‍ന്ന് സര്‍ക്കാര്‍ രാജ്യത്തെ പ്രതിപക്ഷ സംഘടനകളെ നിയമവിരുദ്ധമായി പ്രഖ്യാപിക്കുകയും നിരവധി പേരെ ശിക്ഷിക്കുകയും പൗരത്വം റദ്ദാക്കുകയും ചെയ്തിട്ടുണ്ട്. സിവിലിയന്‍മാര്‍ക്കെതിരേ ഭീകരപ്രവര്‍ത്തന കുറ്റം ചുമത്താന്‍ സൈനിക കോടതികള്‍ക്ക് അധികാരം നല്‍കിക്കൊണ്ടുള്ള ഭരണഘടനാ ഭേദഗതിക്ക് കഴിഞ്ഞ വര്‍ഷം ബഹ്‌റയ്ന്‍ അംഗീകാരം നല്‍കിയിരുന്നു. ഇറാനാണ് രാജ്യത്തെ ശിയാ പ്രക്ഷോഭങ്ങള്‍ക്ക് പിന്നിലെന്നാണ് യുഎസ് സഖ്യകക്ഷിയായ ബഹ്‌റയ്‌ന്റെ ആരോപണം. എന്നാല്‍, ആരോപണങ്ങള്‍ ഇറാന്‍ നിഷേധിച്ചിരുന്നു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss