|    Jul 22 Sat, 2017 8:24 am
FLASH NEWS

ബഹുനില കെട്ടിടനിര്‍മാണം; കലക്ടറുടെ ഉത്തരവിനെതിരായ സര്‍ക്കാര്‍ നടപടിക്ക് സ്റ്റേ

Published : 3rd September 2016 | Posted By: SMR

കല്‍പ്പറ്റ: ജില്ലയില്‍ ബഹുനില കെട്ടിടനിര്‍മാണത്തിന് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി 2015 ജൂണ്‍ 30ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനും ജില്ലാ കലക്ടറുമായ വി കേശവേന്ദ്രകുമാര്‍ പുറപ്പെടുവിച്ച ഉത്തരവിനെതിരായ സര്‍ക്കാര്‍ നടപടി ഹൈക്കോടതി തടഞ്ഞു. വയനാട് പ്രകൃതി സംരക്ഷണ സമിതിക്കു വേണ്ടി പ്രസിഡന്റ് എന്‍ ബാദുഷ സമര്‍പ്പിച്ച ഹരജി പരിഗണിച്ചാണ് ആക്റ്റിങ് ചീഫ് ജസ്റ്റിസ് മോഹന്‍ എം സാന്തനഗൗഡറും ജസ്റ്റിസ് കെ ടി ശങ്കരനും അടങ്ങുന്ന ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്.
സമുദ്രനിരപ്പില്‍ നിന്ന് 700 മുതല്‍ 2100 വരെ മീറ്റര്‍ ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ജില്ലയില്‍ സംഭവിക്കാനിടയുള്ള പാരിസ്ഥിതിക ദുരന്തങ്ങള്‍ കണക്കിലെടുത്തായിരുന്നു ജില്ലാ കലക്ടറുടെ ഉത്തരവ്. ഇതനുസരിച്ച് ജില്ലയിലെ മുനിസിപ്പല്‍ പ്രദേശങ്ങളില്‍ അഞ്ചിലും (15 മീറ്റര്‍ ഉയരം) വൈത്തിരി പഞ്ചായത്ത് ഉള്‍പ്പെടുന്ന കുന്നത്തിടവക വില്ലേജില്‍ രണ്ടിലും (എട്ടു മീറ്റര്‍) ജില്ലയിലെ മറ്റു പ്രദേശങ്ങളില്‍ മൂന്നിലും (10 മീറ്റര്‍) അധികം നിലകളുള്ള കെട്ടിടങ്ങള്‍ നിര്‍മിക്കുന്നതിന് വിലക്കു വന്നു.
നിര്‍മാണത്തിനു നേരത്തേ അനുമതി ലഭിച്ചവര്‍ക്കും പുതിയ വ്യവസ്ഥകള്‍ ബാധകമായി. ഓരോ പ്രദേശത്തും നടന്നുവരുന്ന നിര്‍മാണങ്ങള്‍ നിശ്ചിത ഉയരത്തിനു മുകളിലെങ്കില്‍ നിര്‍ത്തിവയ്ക്കണമെന്നും ഉത്തരവിലുണ്ടായിരുന്നു. നിശ്ചയിച്ചതിലും കൂടുതല്‍ ഉയരത്തില്‍ കെട്ടിടനിര്‍മാണത്തിന് അനുമതി നല്‍കുന്നില്ലെന്ന് ഉറപ്പുവരുത്തേണ്ടത് മുനിസിപ്പല്‍, ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറിമാര്‍, ജില്ലാ ടൗണ്‍പ്ലാനര്‍, മലിനീകരണ നിയന്ത്രണ ബോര്‍ഡിലെ എന്‍വയോണ്‍മെന്റല്‍ എന്‍ജിനീയര്‍ എന്നിവരുടെ ചുമതലയാണെന്നും ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു.
2005ലെ ദുരന്തനിവാരണ നിയത്തിലെ സെക്ഷന്‍ 30 (2) (4), 30 (2) (5) എന്നിവ ഉപയോഗപ്പെടുത്തിയായിരുന്നു കലക്ടറുടെ ഉത്തരവ്. ദുരന്തങ്ങള്‍ തടയുന്നതിന് അവശ്യനടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റിയെ അധികാരപ്പെടുത്തുന്നതാണ് സെക്ഷന്‍ 30 (2)ലെ വ്യവസ്ഥകളും ഉപ വ്യവസ്ഥകളും. 2015 മെയ് 27നും ജൂണ്‍ 17നും ചേര്‍ന്ന ദുരന്തനിവാരണ അതോറിറ്റി യോഗങ്ങളിലായിരുന്നു കെട്ടിടനിര്‍മാണത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനുള്ള തീരുമാനം.
കലക്ടറുടെ ഉത്തരവ് ജില്ലയില്‍ പൊതുവെ സ്വാഗതം ചെയ്യപ്പെട്ടെങ്കിലും ബഹുനില കെട്ടിടനിര്‍മാണം  നടത്തുന്നവരുടെയും അതിനു പദ്ധതിയിട്ടവരുടെയും ശക്തമായ എതിര്‍പ്പിനു കാരണമായി. ഇവര്‍ നിരന്തരം ചെലുത്തിയ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് 2015 നവംബര്‍ 20നാണ് കലക്ടറുടെ ഉത്തരവ് സര്‍ക്കാര്‍ ദുര്‍ബലപ്പെടുത്തിയത്. ജില്ലാ ദുരന്തനിവാരണ അതോറിറ്റി ഇത്തരം ഉത്തരവുകള്‍ പാസാക്കേണ്ടതില്ലെന്നും നിലവിലെ മുനിസിപ്പല്‍, ഗ്രാമപ്പഞ്ചായത്ത് കെട്ടിടനിര്‍മാണ നിയമങ്ങള്‍ കണക്കിലെടുത്ത് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ഉത്തരവുകള്‍ പുറപ്പെടുവിക്കുന്നതാണ് അഭികാമ്യം എന്ന നിലപാടും   സര്‍ക്കാര്‍ സ്വീകരിച്ചു. ഈ പശ്ചാത്തലത്തിലാണ് പ്രകൃതി സംരക്ഷണ സമിതി ഹൈക്കോടതിയെ സമീപിച്ചത്.
ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ എന്ന നിലയില്‍ ജില്ലാ കലക്ടര്‍ പുറപ്പെടുവിച്ച ഉത്തരവ് ദുര്‍ബലപ്പെടുത്താന്‍ സര്‍ക്കാരിന് അധികാരമില്ലെന്ന വാദമാണ് പ്രകൃതി സംരക്ഷണ സമിതി ഹരജിയിലൂടെ ഉന്നയിച്ചത്. വയനാടിന്റെ ഭൂഘടന സംബന്ധിച്ച് ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ, നാഷനല്‍ സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സ് സ്റ്റഡീസ്, നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി (കോഴിക്കോട്), 2010ലെ ഇന്ത്യന്‍ ജിയോലിത്തിക് കോണ്‍ഫറന്‍സ് എന്നിവ പ്രസിദ്ധീകരിച്ച റിപോര്‍ട്ടുകളുടെ പകര്‍പ്പും സമിതി കോടതിയില്‍ ഹാജരാക്കി. ഹരജിക്കാര്‍ക്കു വേണ്ടി അഡ്വ. എം പ്രകാശന്‍ ഹാജരായി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക