|    Jan 19 Thu, 2017 4:28 pm
FLASH NEWS

ബഹിഷ്‌കരണത്തിനിടെ ബജറ്റ് പാസായി

Published : 28th June 2016 | Posted By: SMR

തിരുവനന്തപുരം: യുഡിഎഫിന്റെ പ്രതിഷേധത്തിലും തുടര്‍ന്ന് ബഹിഷ്‌കരണത്തിലും കലാശിച്ച ബജറ്റ് ചര്‍ച്ച 34 നെതിരെ 42 വോട്ടുകള്‍ക്ക് പാസാക്കി. 2016-17 വര്‍ഷത്തെ കോര്‍പറേഷന്‍ ബജറ്റാണ് രണ്ട് ദിവസംനീണ്ട ചൂടേറിയ ചര്‍ച്ചകള്‍ക്ക് വേദിയായത്. ബജറ്റ് തട്ടിപ്പാണെന്നും പുറംമോടിയാണെന്നും മുഖ്യപ്രതിക്ഷമായ ബിജെപിയും യുഡിഎഫും ചര്‍ച്ചകളില്‍ ആരോപിച്ചു. പല പദ്ധതികള്‍ക്കും ബജറ്റ് വിഹിതം അപര്യാപ്തമെന്നും പരാമര്‍ശങ്ങള്‍ ഉയര്‍ന്നു.
തുടര്‍ന്ന് ചര്‍ച്ചകള്‍ക്ക് മറുപടി നല്‍കി ഡെപ്യൂട്ടി മേയറും ധനകാര്യസ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷയുമായ രാഖി രവികുമാര്‍ മറുപടി പ്രസംഗത്തിന് എഴുന്നേറ്റപ്പോഴാണ് യുഡിഎഫ് അംഗങ്ങള്‍ ജോണ്‍സണ്‍ ജോസഫിന്റെ നേതൃത്വത്തില്‍ ബജറ്റ് ചര്‍ച്ച ബഹിഷ്‌കരിച്ച് മുദ്രാവാക്യം വിളിച്ചത്. നടുത്തളത്തിലിറങ്ങിയ അംഗങ്ങള്‍ പ്രതിഷേധമറിയിച്ചശേഷം കൗണ്‍സില്‍ ഹാളിന്റെ കവാടത്തിന് മുന്നി ല്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ബജറ്റിന്മേല്‍ രണ്ട്ദിവസം നടന്ന ചര്‍ച്ച വളരെ സജീവമായിരുന്നുവെന്നും അംഗങ്ങളില്‍ നിന്ന് ക്രിയാത്മ നിര്‍ദ്ദേശങ്ങള്‍ ഉയര്‍ന്നുവന്നുവെന്നും രാഖിരവികുമാര്‍ മറുപടി പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി.
എന്റെ നഗരം സുന്ദരനഗരം ഉള്‍പ്പെടെ പദ്ധതികള്‍ക്ക് തുക അപര്യാപ്തമെന്ന അംഗങ്ങളുടെ പരാമര്‍ശത്തിന്റെ അടിസ്ഥാനത്തില്‍ ആവശ്യമായ തുക അധികം നീക്കിവെക്കാന്‍ തയാറാണെന്ന് അവര്‍ അറിയിച്ചു. വിളപ്പില്‍ശാലയില്‍ പച്ചക്കറികൃഷിക്കും ഔഷധസസ്യവ്യാപനത്തിനും പ്രത്യേകം തുക നീക്കിവെക്കും. യോഗപരിശീലനം, ലഹരിവിമുക്ത പദ്ധതി തുടങ്ങി ചില പ്രോജക്ടുകള്‍ക്ക് തുക അപര്യാപ്തമെന്നും വിമര്‍ശമുണ്ടായി. അതിനും ആവശ്യമായ തുക നീക്കിവെക്കും. റവന്യൂ വരുമാനവുമായി ബന്ധപ്പെട്ട് ചില അംഗങ്ങള്‍ ചുണ്ടിക്കാട്ടിയ പിശക് പരിശോധിക്കും. തീരമേഖലയിലെ കുടിവെള്ളവിതരണം, സ്വീവറേജ് പദ്ധതിയുടെ വ്യാപനം എന്നിവക്ക് കേന്ദ്ര പദ്ധതിവിഹതം കൂടി ലഭിക്കുമെന്നതിനാല്‍ പണത്തിന്റെ അപര്യാപ്തത പ്രശ്‌നമാകില്ലെന്നും അവര്‍ പറഞ്ഞു.
പുതിയ നികുതി വരുമാനം കൂടികിട്ടിത്തുടങ്ങുമ്പോള്‍ തനത് വരുമാനത്തില്‍ കാര്യമായ വര്‍ധനയുണ്ടാകുകയും അത് വികസന പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ പ്രയോജനകരമാവുകയും ചെയ്യും.
വിനോദനികുതി, ആശുപത്രികള്‍ക്കുള്ള ഫീ, ട്യൂട്ടോറിയകോളജുകള്‍ പാരാമെഡിക്കല്‍ സ്ഥാപനങ്ങള്‍ എന്നിവയും ഫീസുകള്‍ പരിശോധിക്കുമെന്നും രാഖിരവികുമാര്‍ അറിയിച്ചു. ഭേദഗതികള്‍ വരുത്തി പുതുക്കിയ ബജറ്റും പുതിയ നിര്‍ദ്ദേശങ്ങളും ഒരാഴ്ചക്കകം പ്രത്യേകം പ്രസിധീകരിക്കുമെന്ന് മേയര്‍ അഡ്വ. വി കെ പ്രശാന്ത് അറിയിച്ചു.
അതേസമയം, ബജറ്റ് ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന പ്രത്യേക കൗ ണ്‍സില്‍ യോഗത്തില്‍ ഉദ്യോഗസ്ഥര്‍ക്കെതിരേ രൂക്ഷവിമര്‍ശനമാണ് കൗണ്‍സിലര്‍മാര്‍ ഉന്നയിച്ചത്. നികുതിപിരിവിലെ അനാസ്ഥയും ഉദ്യോഗസ്ഥ അലംഭാവവും രാഷ്ട്രീയഭേദമന്യേ എല്ലാ കൗണ്‍സിലര്‍മാരും ചൂണ്ടിക്കാട്ടി. കാര്യക്ഷമമായി ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിക്കാത്തതിനാലാണ് തനതു വരുമാനമായി കിട്ടാനുള്ള നികുതിവരുമാനത്തില്‍ വന്‍ ഇടിവ് സംഭവിച്ചത്. ഇതിനിടെ പദ്ധതികള്‍ വേര്‍തിരിച്ചുള്ള ചര്‍ച്ചകള്‍ നടന്നില്ലെന്ന വിമര്‍ശനവും വിവിധ കോണുകളില്‍ നിന്ന് ഉയര്‍ന്നു.
നികുതി പിരിക്കുന്നതിലെ അനാസ്ഥ പരിശോധിക്കുമെന്ന് മേയര്‍ വികെ പ്രശാന്ത് പറഞ്ഞു. കരം പിരിച്ചെടുക്കാന്‍ ചുമതലയുള്ള റവന്യൂ വിഭാഗം ഉല്‍സാഹം കാട്ടുന്നില്ലെന്ന പരാമര്‍ശവുമായി എല്‍ഡിഎഫ് കൗണ്‍സിലര്‍ പാളയം രാജനാണ് ചര്‍ച്ചയ്ക്ക് തുടക്കമിട്ടത്. ഇക്കാര്യത്തില്‍ ഉദ്യോഗസ്ഥര്‍ സ്വയംവിമര്‍ശത്തിന് വിധേയരാകണം. കോര്‍പറേഷന്റെ പക്കലുള്ള വസ്തുക്കളും അന്യാധീനപ്പെട്ടു കിടക്കുകയാണ്. അവ തിരിച്ചടുത്തു വരുമാനമാക്കാനുള്ള നടപടികള്‍ ഉണ്ടാകുന്നില്ല.
ഉദ്യോഗസ്ഥരുടെ അനാസ്ഥ പ്രധാന കാരണമാണ്. കോര്‍പറേഷന് ഒട്ടേറെ ബാധ്യതകള്‍ നിറവേറ്റാനുണ്ട്. വികസന പ്രവര്‍ത്തനം, മാലിന്യ സംസ്‌കരണം തുടങ്ങി ഭാരിച്ച ഉത്തരവാദിത്തമാണുള്ളത്. അതിന് ഓരോ ഉദ്യോഗസ്ഥര്‍ക്കും നല്‍കിയിരിക്കുന്ന ലക്ഷ്യം അവര്‍ പൂര്‍ത്തീകരിക്കണം. ചില റവന്യൂ ഇന്‍സ്‌പെക്ടര്‍മാരും അസി. റവന്യൂ ഇന്‍സ്‌പെക്ടര്‍മാരും സെക്ഷനുകളില്‍ പണിയെടുക്കാതെ കഴിയുകയാണെന്നും പാളയം രാജന്‍ കുറ്റപ്പെടുത്തി.
തിയേറ്റര്‍ നികുതി, പ്രദര്‍ശന നികുതി, ആശുപത്രികളുടെ രജിസ്‌ട്രേഷന്‍ ഫീ, ട്യൂഷന്‍ സെ ന്ററുകള്‍ക്ക് ചുമത്തിയിരിക്കുന്ന ടാക്‌സ്, പാരാമെഡിക്കല്‍ സെന്ററുകള്‍ക്കുള്ള രജിസ്‌ട്രേഷന്‍ ഫീസ് തുടങ്ങിയവ കാലാനുസൃതമായി പരിഷ്‌കരിക്കണം. ലോഡ്ജുകള്‍, സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് ഈടാക്കുന്ന നികുതി പരിഷ്‌കരിക്കണമെന്നും ആവശ്യം ഉയര്‍ന്നു. എല്‍ഡിഎഫ് ഭരിക്കുന്ന ഭരണസമിതിയില്‍ ഉദ്യോഗസ്ഥര്‍ അലംഭാവം കാട്ടുന്നുവെങ്കില്‍ അതിന് ഉത്തരവാദി കോര്‍പറേഷന്‍ ഭരണസമിതിയാണെന്നും ഭരണപരാജയം മറ്റാരുടെയും പേരില്‍ കെട്ടിവെക്കാന്‍ നോക്കരുതെന്നും ബിജെപി അംഗം എം ആര്‍ ഗോപന്‍ കുറ്റപ്പെടുത്തി.
കോര്‍പറേഷന്‍ ഭരണം ഇടതു സംഘടന ഏറ്റെടുത്തതിന്റെ ഫലമാണിത്. ബജറ്റില്‍ നിരവധി ഇടങ്ങളില്‍ പിശക് കടന്നുകൂടിയിട്ടുണ്ട്. അതും ഉദ്യോഗസ്ഥരുടെ അലംഭാവം കാരണം സംഭവിച്ചതാണ്. യഥാവിധി പണിയെടുക്കാത്ത ഉദ്യോഗസ്ഥരെ ശാസിക്കാന്‍ മേയര്‍ക്കാകുന്നില്ല. ബാത്ത്‌റൂമുകള്‍ക്കുള്ളില്‍ കയറിയാണ് ഇപ്പോള്‍ കൈക്കൂലി വാങ്ങുന്നത്. ഇച്ഛാശക്തിയുള്ള ഭരണകൂടം ഇല്ലാത്തതിനാലാണ് ഇതു സംഭവിക്കുന്നതെന്നും എം ആര്‍ ഗോപന്‍ പറഞ്ഞു. രണ്ടാംദിന ചര്‍ച്ചയിലും ബജറ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും സംസാരിക്കുന്നതില്‍ അര്‍ഥമില്ലെന്നും ഹെഡ് തിരിച്ചുള്ള ചര്‍ച്ചയാണ് ഇനി നടക്കാനുള്ളതെന്നും യുഡിഎഫിലെ നെടുമം മോഹന്‍ ചൂണ്ടിക്കാട്ടി. ബജറ്റ് നിര്‍ദേശങ്ങളിലെ പല പരാമര്‍ശങ്ങളും പെരുപ്പിച്ചുകാട്ടിയിരിക്കുന്നു. അവിശ്വസനീയമായ ഇത്തരം പരാമര്‍ശങ്ങള്‍ ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു. 2014-15 വര്‍ഷത്തെയും 2015-16 വര്‍ഷത്തെയും കുടിശ്ശിക ബജറ്റില്‍ ചേര്‍ത്തിട്ടില്ല.
തൊഴില്‍നികുതി 27 ലക്ഷമാണ് ലക്ഷ്യം. അത് രണ്ടു കോടിയായി കാണിച്ചിരിക്കുന്നു. വിനോദനികുതി അഞ്ചു കോടി 8.5 കോടിയായി പെരുപ്പിച്ചിട്ടുണ്ട്. തിയേറ്റര്‍ നികുതി അഞ്ചു കോടി എട്ടു കോടിയായും മുനിസിപ്പാലിറ്റി ചുമത്തുന്ന പിഴ 41 ലക്ഷം 2.5 കോടിയായും കൂട്ടിക്കാണിച്ചിട്ടുണ്ട്. ഇത് ഒരിക്കലും ലക്ഷ്യത്തിലെത്തിക്കാ ന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. പദ്ധതി തിരിച്ച് ചര്‍ച്ച ചെയ്യാത്ത ബജറ്റ് പൊള്ളയാണെന്നും എല്‍ ഡിഎഫ് ഭരണസമിതിയുടെ തട്ടിപ്പാണ് ബജറ്റിലൂടെ പുറത്തുവന്നതെന്നും യുഡിഎഫ് കൗണ്‍സിലര്‍ ജോ ണ്‍സണ്‍ ജോസഫ് അഭിപ്രായപ്പെട്ടു.
2015-16ല്‍ 70ഓളം പദ്ധതികളാണ് ബജറ്റില്‍ ഉള്‍പ്പെടുത്തിയിരുന്നതെന്നും അതിന് 619.75 കോടി നീക്കിവെച്ചിരുന്നുവെന്നും ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ അഡ്വ. ഗിരികുമാര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍, 2016-17 ബജറ്റില്‍ 80ഓളം പദ്ധതികള്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ആകെ ബജറ്റ് വിഹിതം 314.28 കോടി. 305 കോടിയോളം രൂപ ഇക്കുറി പദ്ധതിവിഹിതത്തില്‍ കുറവാണ് കാണിച്ചിരിക്കുന്നത്. ഇതിനര്‍ഥം പ്രഖ്യാപനങ്ങള്‍ മാത്രമേയുള്ളൂവെന്നും ഒന്നും നടപ്പാക്കാന്‍ വേണ്ടിയുള്ളതെന്നും ബോധ്യമാണെന്നും അദ്ദേഹം പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 40 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക