|    Nov 14 Wed, 2018 6:16 am
FLASH NEWS
Home   >  Editpage  >  Lead Article  >  

ബഹിഷ്‌കരണം വധശിക്ഷ തന്നെ!

Published : 12th August 2018 | Posted By: kasim kzm

അവകാശങ്ങള്‍ നിഷേധങ്ങള്‍ – ബി എസ് ബാബുരാജ്

അതു പറയുമ്പോള്‍ ദിനേശന്റെ (പേര് മാറ്റിയിരിക്കുന്നു) മുഖം ഞാന്‍ പ്രത്യേകം ശ്രദ്ധിച്ചു. നിസ്സഹായതയുടെയോ അവിശ്വാസത്തിന്റെയോ നിഴല്‍ അദ്ദേഹത്തിന്റെ മുഖത്തു നിന്ന് എനിക്ക് വായിച്ചെടുക്കാനായി. തന്നെപ്പോലുള്ള ഏജന്റുമാര്‍ക്കും ഫോണ്‍ വന്നതായി ആത്മഗതമെന്നോണം അദ്ദേഹം പറഞ്ഞു. മാതൃഭൂമി പ്രസിദ്ധീകരണങ്ങളുടെ വിതരണം തടസ്സപ്പെടുത്തുന്നതിനുള്ള രഹസ്യ ശ്രമങ്ങള്‍ നടക്കുന്നുവെന്നായിരുന്നു അദ്ദേഹം നല്‍കിയ വിവരം.
കഴിഞ്ഞ ദിവസം വൈകീട്ട് മറുവാക്ക് മാസികയുടെ എഡിറ്റര്‍ അംബികയുമായാണ് ഞാന്‍ ദിനേശനെ കണ്ടത്. കോഴിക്കോട് ജില്ലയിലെ പത്ര-മാസികാ വിതരണരംഗത്തെ പ്രധാന ഏജന്റുമാരിലൊരാളാണ് അദ്ദേഹം. മറുവാക്കിന്റെ വിതരണത്തെക്കുറിച്ച് ചില കാര്യങ്ങള്‍ സംസാരിക്കുകയായിരുന്നു ഉദ്ദേശ്യം. സംസാരം തുടങ്ങി ഏറെ കഴിയുന്നതിനു മുമ്പ് അദ്ദേഹം മാസികകള്‍ നടത്തിക്കൊണ്ടുപോകാനുള്ള ബുദ്ധിമുട്ടുകളെക്കുറിച്ച് സൂചിപ്പിച്ചു. പ്രത്യേകിച്ചും മാതൃഭൂമി നേരിടുന്നതുപോലുള്ള ബഹിഷ്‌കരണ ആഹ്വാനങ്ങള്‍ അന്തരീക്ഷത്തില്‍ നിറഞ്ഞുനില്‍ക്കുമ്പോള്‍. ഒരു പത്രമാസികാ ഏജന്റെന്ന നിലയില്‍ ആദ്യമായാണ് സംഘടിതമായ ഇത്തരമൊരു ശ്രമം ദിനേശന്‍ കാണുന്നത്.
മാതൃഭൂമിയുമായി ബന്ധപ്പെട്ട നോവല്‍ വിവാദം പഴയ വാര്‍ത്തയാണ്. അതേക്കുറിച്ച് ചര്‍ച്ച ചെയ്യുകയല്ല ഈ കുറിപ്പിന്റെ ഉദ്ദേശ്യം. അതിനോടുള്ള ചില വിഭാഗങ്ങളുടെ പ്രതികരണത്തെക്കുറിച്ചാണ് ചര്‍ച്ച. നോവലിലെ വിവാദമായ സംഭാഷണം അച്ചടിച്ചു വന്ന അതേ ആഴ്ചയില്‍ തന്നെ നമ്പൂതിരി സഭയുടെ വിയോജനക്കുറിപ്പ് പുറത്തുവന്നു. തീര്‍ച്ചയായും ഒരു സര്‍ഗസൃഷ്ടിയോട് നമുക്ക് യോജിപ്പും വിയോജിപ്പും ഉണ്ടാവാം. അത് പ്രകടിപ്പിക്കുകയുമാവാം. മുമ്പ് സന്തോഷ് ഏച്ചിക്കാനത്തിന്റെ കഥ ‘ബിരിയാണി’ മാതൃഭൂമിയില്‍ അച്ചടിച്ചുവന്നപ്പോള്‍ അത് വലിയ ഒച്ചപ്പാടുണ്ടാക്കി. കഥ മുസ്‌ലിം സമുദായത്തെ മോശമായി ചിത്രീകരിക്കുന്നു എന്നായിരുന്നു ആരോപണം. ഇതിനെ ‘വിമര്‍ശന ഭീകരത’ എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചതെങ്കിലും വിമര്‍ശകര്‍ ജനാധിപത്യപരമായാണ് പെരുമാറിയത്.
മാതൃഭൂമിയല്ല വിവാദച്ചുഴിയില്‍ പെടുന്ന ആദ്യ പ്രസിദ്ധീകരണം. രാഷ്ട്രീയ പക്ഷപാതിത്വത്തിന്റെയും തെറ്റായ റിപോര്‍ട്ടിങിന്റെയും ബാധ്യതയില്‍ നിന്ന് ആര്‍ക്കും ഒഴിഞ്ഞുനില്‍ക്കാനാവില്ല. ഗുജറാത്ത് കലാപത്തെ പരിപോഷിപ്പിക്കുന്നതില്‍ പത്രങ്ങള്‍ വഹിച്ച പങ്ക് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ്. ഇതേ മാതൃഭൂമി പത്രത്തിലെ ചില റിപോര്‍ട്ടര്‍മാര്‍ വര്‍ഗീയ പക്ഷപാതിത്വത്തോടെ പെരുമാറിയതിനെ കുറിച്ചുള്ള സര്‍ക്കാര്‍ അന്വേഷണ റിപോര്‍ട്ട് പുറത്തുവന്നിട്ട് അധികമായില്ല.
പഴയ കാലത്തു നിന്നു വ്യത്യസ്തമായി ‘മീശ’ വിവാദം പല തലങ്ങളിലാണ് പ്രവര്‍ത്തിച്ചത്. വിമര്‍ശനത്തേക്കാള്‍ ബഹിഷ്‌കരണമായിരുന്നു ഇത്തവണത്തെ തുറുപ്പുചീട്ട്. മാതൃഭൂമിയെ ബഹിഷ്‌കരിക്കാന്‍ നായന്മാരുടെ സംഘടന തീരുമാനിച്ചുവെന്ന വാര്‍ത്ത പുറത്തുവന്നിട്ടുണ്ട്. അതിന്റെ ഭാഗമായിരിക്കണം ദിനേശനെ പോലുള്ള പത്ര ഏജന്റുമാരെ തേടി ‘അജ്ഞാത’ സന്ദേശങ്ങള്‍ വരുന്നത്.
വര്‍ഷങ്ങളായി പത്രത്തിനു പരസ്യം കൊടുത്തുകൊണ്ടിരിക്കുന്ന ഭീമ ജ്വല്ലേഴ്‌സ് ഈ പ്രശ്‌നത്തിന്റെ പേരില്‍ പരസ്യം പിന്‍വലിക്കാന്‍ തീരുമാനിച്ച വാര്‍ത്തയും വന്നു. ഉപഭോക്താക്കളുടെ സമ്മര്‍ദമാണത്രേ തീരുമാനത്തിനു പിന്നില്‍. തങ്ങളുടെ എഫ്ബി പേജില്‍ അവര്‍ കുറിച്ചു: ”ഒരു മലയാളം ദിനപത്രത്തില്‍ ഞങ്ങള്‍ പരസ്യം നല്‍കിയത് ശരിയായില്ല എന്ന് ഞങ്ങളുടെ ഫേസ്ബുക് പേജില്‍ കുറേ അധികം പേര്‍ പരാമര്‍ശിക്കുകയുണ്ടായി. ആ അഭിപ്രായങ്ങളെ ഞങ്ങള്‍ വളരെ ഗൗരവപൂര്‍വം കാണുന്നു. ഞങ്ങളുടെ പരസ്യങ്ങള്‍ എവിടെ, ഏതു പത്രത്തില്‍, എപ്പോള്‍ കൊടുക്കണം എന്ന് നിര്‍ദേശിക്കുന്നത് ഞങ്ങളുടെ പരസ്യ ഏജന്‍സിയാണ്… നിങ്ങളുടെ ഉത്കണ്ഠയും നിങ്ങള്‍ ഞങ്ങളുടെ ഫേസ്ബുക് പേജില്‍ പ്രതിപാദിച്ച വിഷയങ്ങളും വളരെ ഗൗരവപൂര്‍വം ഞങ്ങളുടെ പരസ്യ ഏജന്‍സിയെ ഉടനടി അറിയിക്കുകയും, താല്‍ക്കാലികമായി ഈ പത്രത്തിലേക്കുള്ള പരസ്യങ്ങള്‍ നിര്‍ത്തിവയ്ക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.”
ഏവരും പരസ്യം നല്‍കുന്നത് പലവിധ പരിഗണനകളും വച്ചുകൊണ്ടാണെന്നതില്‍ സംശയമില്ല. മാധ്യമങ്ങളെ ഇതിന്റെ പേരില്‍ രഹസ്യമായി നിയന്ത്രിക്കാറുണ്ടെന്നതും ശരി തന്നെ. പക്ഷേ, ഇത്തരമൊരു പ്രസ്താവന നല്‍കി പരസ്യം നിര്‍ത്തിവയ്ക്കുന്നത് പുതിയ കാര്യമാണ്. അതിന് ഊരുവിലക്കിന്റെ സ്വഭാവമാണുള്ളത്.
മാധ്യമങ്ങളെ ഇത്തരത്തില്‍ കൈകാര്യം ചെയ്യുന്ന നിരവധി സംഭവങ്ങള്‍ അടുത്ത കാലത്ത് ഉയര്‍ന്നുവരുകയുണ്ടായി. നബിയുമായി ബന്ധപ്പെട്ട വിവാദത്തിന്റെ പേരിലും മാതൃഭൂമിക്കെതിരേ ബഹിഷ്‌കരണ ആഹ്വാനം നടക്കുകയുണ്ടായി.
ചെന്നൈയില്‍ നടന്ന ഒരു പത്രസമ്മേളനത്തില്‍ നിന്ന് റിപബ്ലിക് ചാനല്‍ റിപോര്‍ട്ടര്‍മാരെ ആക്റ്റിവിസ്റ്റായ ജിഗ്‌നേഷ് മേവാനി പുറത്താക്കിയിരുന്നു. റിപബ്ലിക് ടിവിയുടെ റിപോര്‍ട്ടിങില്‍ പ്രതിഷേധിച്ചുകൊണ്ടായിരുന്നു തീരുമാനം. ഈ ബഹിഷ്‌കരണ ആഹ്വാനം ഇരുതല മൂര്‍ച്ചയുള്ള വാളാണെന്ന് അന്നേ മാധ്യമ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടി. ഇതേ ഷൂസില്‍ കയറ്റി നിര്‍ത്തി തങ്ങള്‍ക്ക് ഇഷ്ടമില്ലാത്ത ആരെയും ആര്‍ക്കും പുറത്തു നിര്‍ത്താമല്ലോ. വിയോജിപ്പുകളോടുള്ള പ്രതികരണവും ജനാധിപത്യപരമാവണം എന്നാണ് പറഞ്ഞുവരുന്നത്. ി

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss