|    Jan 19 Thu, 2017 10:48 pm
FLASH NEWS

ബഹിരാകാശ നേട്ടങ്ങളെ അടുത്തറിയാന്‍ ഐഐഎമ്മില്‍ സ്‌പേസ് ഗാലറി

Published : 17th February 2016 | Posted By: SMR

കോഴിക്കോട്: പിഎസ്എല്‍വിയും മംഗള്‍യാനുമെല്ലാം കണ്ടും തൊട്ടും അറിഞ്ഞ് അറിവിന്റെ പുതിയ വാതായനങ്ങള്‍ തുറക്കാന്‍ അവസരമൊരുക്കി കോഴിക്കോട് ഐഐഎമ്മില്‍ ഇന്ത്യന്‍ സ്‌പേസ് ഗാലറി തുറന്നു. 1962 മുതല്‍ ഇന്നലെ വരെ ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ മേഖലയിലുണ്ടായ കുതിച്ചുചാട്ടം പ്രേക്ഷക മനസ്സില്‍ വളരെയെളുപ്പം സന്നിവേശിപ്പിക്കുന്ന തരത്തിലാണ് വിക്രം സാരാഭായ് ബഹിരാകാശ കേന്ദ്രത്തിന്റെ മലബാറിലെ പ്രഥമ പവലിയന്‍ കുന്ദമംഗലം ഐഐഎമ്മില്‍ ഒരുക്കിയത്.
വിക്രം സാരാഭായി സ്‌പേസ് സെന്ററും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റ് കോഴിക്കോടും സംയുക്തമായി ഒരുക്കിയിട്ടുള്ള ഇന്ത്യന്‍ സ്‌പേസ് ഗാലറി വിദ്യാര്‍ഥികള്‍ക്കും ശാസ്ത്രാന്വേഷകര്‍ക്കും ഒരുപോലെ ഉപകാരപ്പെടും. പിഎസ്എല്‍വി, ജിഎസ്എല്‍വി, ഇന്‍സാറ്റ്, ഐആര്‍എസ് തുടങ്ങിയവയുടെ മാതൃകകളും ഉപഗ്രഹങ്ങളും റോക്കറ്റുകളുമെല്ലാം നിര്‍മിക്കുന്നതിന്റെയും കൂട്ടിച്ചേര്‍ക്കുന്നതിന്റെയും വിക്ഷേപിക്കുന്നതിന്റെയും സചിത്ര വിവരണങ്ങളും ശാസ്ത്ര കുതുകികള്‍ക്ക് വലിയ മുതല്‍ക്കൂട്ടാവും.2014ല്‍ നടത്തിയ ചൊവ്വ പര്യവേഷണ യാത്രയുടെ വിവരണങ്ങളും മംഗള്‍യാന്‍ മാതൃകയും പവലിയനിലുണ്ട്. 2030ല്‍ നടത്താനുദ്ദേശിക്കുന്ന ബഹിരാകാശ യാത്രയെക്കുറിച്ചുള്ള ചിത്രം നല്‍കുന്ന സ്‌പേസ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ വിഷന്‍ 2030 ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ രംഗത്തു നാം കൈവരിച്ച നേട്ടങ്ങളുടെ നേര്‍ചിത്രം പ്രേക്ഷകര്‍ക്ക് നല്‍കും.
സ്‌പേസ് ഗാലറിയിലെ ടച്ച് സ്‌ക്രീനില്‍ തൊട്ടാല്‍ എങ്ങിനെയാണ് അത് പ്രവര്‍ത്തിക്കുന്നതെന്ന് തൊട്ടടുത്ത സ്‌ക്രീനില്‍ തെളിയും. സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ പ്രവര്‍ത്തിക്കുന്ന രീതിയും വിദ്യാഭ്യാസ മേഖലയില്‍ സാറ്റലൈറ്റ് സംവിധാനം വരുത്തിയ മാറ്റങ്ങളും വിഎസ്എസ്‌സി സമൂഹ നന്മയ്ക്കു വേണ്ടി ഒരുക്കിയിട്ടുള്ള വിവിധ കാര്യങ്ങളും ഇതുപോലെ ഒരു കരസ്പര്‍ശത്തില്‍ നമുക്ക് മുന്നിലെത്തും. ബഹിരാകാശ രംഗത്തെക്കുറിച്ചുള്ള ചിത്രീകരണങ്ങളുമായി പ്രത്യേക തിയേറ്ററും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. ആയിരം ചതുരശ്ര അടിയിലേറെ വിസ്തീര്‍ണത്തിലാണ് പവലിയന്‍ ഒരുക്കിയിരിക്കുന്നത്. വിഎസ്എസ്‌സിയുടെ ജനസമ്പര്‍ക്ക പരിപാടിയുടെ ഭാഗമായി സജ്ജീകരിച്ച പവലിയനിലേക്കുള്ള പ്രവേശനം സൗജന്യമായിരിക്കും. ഇന്ത്യന്‍ ബിസിനസ് മ്യൂസിയത്തിന്റെയും ഇന്ത്യന്‍ സ്‌പേസ് ഗാലറിയുടെയും ഉദ്ഘാടനം വിഎസ്എസ്‌സി ഡയറക്ടര്‍ ഡോ. കെ ശിവനും ഐഐഎംകെ ഡയറക്ടര്‍ പ്രഫ. കുല്‍ഭൂഷണ്‍ ബലൂണിയും സംയുക്തമായി നിര്‍വഹിച്ചു.
ഉദ്ഘാടനത്തിന് ശേഷം വിദ്യാര്‍ഥികളുമായി ഡോ. ശിവന്‍ സംവദിച്ചു. ഐഐഎംകെ ഡയറക്ടര്‍ പ്രഫ. കുല്‍ഭൂഷണ്‍ ബലൂണി അധ്യക്ഷത വഹിച്ചു. ഡോ. അറവമുതന്‍, പ്രഫ. കെയൂര്‍ പുരാനി, ഡോ. എം ജി ശ്രീകുമാര്‍, വിഎസ്എസ്‌സി ഗ്രൂപ്പ് ഹെഡ് എസ് ആര്‍ വിജയമോഹനകുമാര്‍ സംസാരിച്ചു.
ശാസ്ത്ര-സാങ്കേതിക രംഗത്തെ നേട്ടങ്ങള്‍ സാധാരണക്കാര്‍ക്ക് ഗുണകരമാവുന്ന തരത്തില്‍ എങ്ങനെ ഉപയോഗപ്പെടുത്താമെന്നതിനെക്കുറിച്ചാണ് ഐഎസ്ആര്‍ഒ ഗവേഷണം നടത്തുന്നതെന്ന് ഡോ. കെ ശിവന്‍ പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 123 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക