|    Nov 24 Fri, 2017 9:34 am
FLASH NEWS
Home   >  Todays Paper  >  page 9  >  

ബഹിരാകാശ നിലയം ഭൂമിയില്‍ പതിക്കുമെന്ന് മുന്നറിയിപ്പ്‌

Published : 12th November 2017 | Posted By: fsq

ലണ്ടന്‍: ചൈനീസ് ബഹിരാകാശ നിലയമായ ടിയാന്‍ഗോങ്1 ഭൂമിയില്‍ പതിക്കുമെന്ന് യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയുടെ മുന്നറിയിപ്പ്. നിയന്ത്രണം നഷ്ടപ്പെട്ടതിനെ തുടര്‍ന്നാണ് 12 മീറ്റര്‍ നീളവും 8500 കിലോ ഭാരവുമുള്ള നിലയം ഭൂമിയിലേക്കു പതിക്കുന്നത്. അടുത്ത വര്‍ഷം ജനുവരിക്കും മാര്‍ച്ചിനുമിടയില്‍ നിലയം ഭൂമിയിലേക്ക് ഇടിച്ചിറങ്ങുമെന്നാണു കരുതുന്നത്. എന്നാല്‍, നിയന്ത്രണം നഷ്ടപ്പെട്ട സാഹചര്യത്തില്‍ എന്നാണ് നിലംപതിക്കുകയെന്നു കൃത്യമായി പ്രവചിക്കാനാവില്ല.  ഭൗമാന്തരീക്ഷത്തില്‍ പ്രവേശിച്ചാല്‍ മാത്രമേ ഇക്കാര്യം വ്യക്തമാവുകയുള്ളൂ. നിലയത്തിന്റെ ഭൂരിഭാഗവും അന്തരീക്ഷത്തില്‍ത്തന്നെ കത്തിനശിക്കുമെങ്കിലും 100 കിലോയോളം ഭൂമിയില്‍ പതിക്കുമെന്നാണു കരുതുന്നത്. നിലയം പതിക്കാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ ഇന്ത്യയും ഉള്‍പ്പെടുന്നു. യുഎസ്, ജപ്പാന്‍, ചൈന, തുര്‍ക്കി, ഇറ്റലി, സ്‌പെയിന്‍, ആസ്‌ത്രേലിയ, ബ്രസീല്‍, ഇന്തോനീസ്യ, പോര്‍ച്ചുഗല്‍, ബള്‍ഗേറിയ, ഈജിപ്ത്, സിംഗപ്പൂര്‍, കെനിയ, ഗ്രീസ്, ജര്‍മനി തായ്‌ലന്‍ഡ്, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളും പരിധിയിലുള്‍പ്പെടുന്നു. ഭൗമാന്തരീക്ഷത്തില്‍ പ്രവേശിക്കുമ്പോള്‍ നിലയത്തിന്റെ ഒരു ഭാഗമെങ്കിലും ഘര്‍ഷണം മൂലം കത്തിയമരുമെന്നാണു ചൈനീസ് ബഹിരാകാശ ഏജന്‍സി പറയുന്നത്. ഇതു ജീവനും വസ്തുവകകള്‍ക്കും ക്ഷതമേല്‍പിക്കില്ലെന്നും ചൈന ഐക്യരാഷ്ട്രസഭയെ അറിയിച്ചു. 2011ലാണ് പേടകം വിക്ഷേപിച്ചത്. ടിയാന്‍ഗോങ് 1ന് പകരമായി ചൈന 2016 സപ്തംബറില്‍ ടിയാന്‍ഗോങ് 2 ബഹിരാകാശത്തെത്തിച്ചിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക