|    Jun 22 Fri, 2018 10:46 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

ബഹളം: ഇരുസഭകളും ഇന്നലെയും സ്തംഭിച്ചു

Published : 23rd November 2016 | Posted By: SMR

ന്യൂഡല്‍ഹി: നോട്ട് പിന്‍വലിച്ച വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സഭയിലെത്തി നേരിട്ട് മറുപടി പറയണമെന്ന ആവശ്യത്തില്‍ പ്രതിപക്ഷം ഉറച്ചുനിന്നതോടെ, പാര്‍ലമെന്റിന്റെ ഇരുസഭകളും ഇന്നലെ ബഹളംമൂലം സ്തംഭിച്ചു. ഇതോടെ ശീതകാല സമ്മേളനത്തിന്റെ അഞ്ചാംദിവസവും പാര്‍ലമെന്റ് പ്രത്യേക നടപടിക്രമങ്ങളൊന്നും പൂര്‍ത്തിയാക്കാനാവാതെ ഇരുസഭകളും പിരിഞ്ഞു.
പണത്തിനായി എടിഎമ്മുകള്‍ക്കു മുന്നില്‍ ക്യൂ നിന്ന് മരിച്ച 70 പേരുടെ ആശ്രിതര്‍ക്കു പത്തു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് പ്രതിപക്ഷം രാജ്യസഭയില്‍ ആവശ്യപ്പെട്ടു. നോട്ട് നിരോധനത്തിനെതിരേ രാജ്യസഭയില്‍ ഇന്നലെയും പ്രതിപക്ഷം ഒറ്റക്കെട്ടായി പ്രതിഷേധിച്ചു. കോണ്‍ഗ്രസ്സിനൊപ്പം തൃണമൂല്‍, എസ്പി, ബിഎസ്പി, ഇടത് അംഗങ്ങളും മുദ്രാവാക്യം മുഴക്കി നടുത്തളത്തിലിറങ്ങി. സഭ ചേര്‍ന്നയുടനെ ജെഡിയു നേതാവ് ശരദ് യാദവാണു പണത്തിനായി ക്യൂ നില്‍ക്കവേ മരിച്ചവരുടെ ആശ്രിതര്‍ക്കു പത്തുലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ടത്. ബിഎസ്പി നേതാവ് മായാവതിയും ഇതേ ആവശ്യം ഉന്നയിച്ചു. തന്റെ തീരുമാനംകൊണ്ട് ജനങ്ങള്‍ക്കുണ്ടായ വേദന നേരിട്ടു മനസ്സിലാക്കാന്‍ മോദി തയ്യാറാവണമെന്നും മായാവതി ആവശ്യപ്പെട്ടു. പ്രധാനമന്ത്രി സഭയിലെത്തിയാല്‍ മാത്രം ചര്‍ച്ചയ്ക്കു തയ്യാറാണെന്ന് പ്രതിപക്ഷനേതാവ് ഗുലാം നബി ആസാദ് വ്യക്തമാക്കി. ഇതിനെതിരേ ശബ്ദമുയര്‍ത്തി ഭരണപക്ഷം എഴുന്നേറ്റു. അതിനിടെ സാമ്പത്തിക അടിയന്തരാവസ്ഥ എന്നെഴുതിയ പ്ലക്കാര്‍ഡുകളുമായി തൃണമൂല്‍ എംപിമാര്‍ നടുത്തളത്തിലേക്കിറങ്ങി. പിന്നാലെ കോണ്‍ഗ്രസ് അംഗങ്ങളും നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിച്ചു.
ഇതിനിടെ, രാജ്യസഭയില്‍ ഭരണപക്ഷത്തെ ബിജെപി അംഗങ്ങള്‍ ബഹളം വയ്ക്കുന്നതിനെ രാജ്യസഭ ഉപാധ്യക്ഷന്‍ പി ജെ കുര്യന്‍ ശക്തമായ വിമര്‍ശനമുയര്‍ത്തി. പ്രതിപക്ഷവും ഭരണപക്ഷവും ഒരുപോലെ സഭാ നടപടികള്‍ തടസ്സപ്പെടുത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷം ചര്‍ച്ചയ്ക്കു തയ്യാറാണെന്നും പ്രധാനമന്ത്രി സഭയിലെത്തണമെന്നും ഗുലാം നബി ആവര്‍ത്തിച്ചു. പ്രഖ്യാപനം നടത്തിയത് പ്രധാനമന്ത്രിയാണെന്നും അദ്ദേഹംതന്നെ ഈ വിഷയത്തില്‍ സഭയില്‍ മറുപടി നല്‍കണമെന്നും സിപിഎം നേതാവ് സീതാ റാം യെച്ചൂരിയും വ്യക്തമാക്കി. പ്രതിപക്ഷ ബഹളം രൂക്ഷമായതോടെ ഉച്ചയ്ക്കു മുമ്പായി രാജ്യസഭ മൂന്നുവട്ടം പിരിഞ്ഞു. സഭ വീണ്ടും ചേര്‍ന്നപ്പോള്‍ ഉപാധ്യക്ഷന്‍ സിപിഎം നേതാവ് ടി കെ രംഗരാജനെ സംസാരിക്കാന്‍ ക്ഷണിച്ചു. എന്നാല്‍, പ്രധാനമന്ത്രി വന്നാല്‍ മാത്രമേ തനിക്കു സംസാരിക്കാനുള്ളൂവെന്ന നിലപാടില്‍ അദ്ദേഹം ഉറച്ചുനിന്നു.
അതേസമയം, ലോക്‌സഭയില്‍ ഇന്നലെ പ്രതിപക്ഷ പ്രതിഷേധത്തിനൊപ്പം എഐഎഡിഎംകെയും അണിചേര്‍ന്നതോടെ നോട്ട് വിഷയത്തില്‍ പ്രതിപക്ഷ പ്രതിഷേധം ശക്തമായി. വിഷയത്തില്‍ സഭാനടപടികള്‍ നിര്‍ത്തിവച്ച് ചര്‍ച്ചയ്ക്ക് തങ്ങളും നോട്ടീസ് നല്‍കിയിട്ടുണ്ടെന്ന് എഐഎഡിഎംകെ നേതാവ് പി വേണുഗോപാല്‍ വ്യക്തമാക്കി. തുടര്‍ന്ന് പ്രതിപക്ഷം മുദ്രാവാക്യം മുഴക്കി നടുത്തളത്തിലിറങ്ങി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss