|    Dec 11 Mon, 2017 6:03 am

ബസ് സ്റ്റാന്‍ഡ് വിവാദം: ആരോപണങ്ങള്‍ അടിസ്ഥാന രഹിതമെന്ന് ഈരാറ്റുപേട്ട നഗരസഭ

Published : 25th January 2016 | Posted By: SMR

ഈരാറ്റുപേട്ട: ടൗണ്‍ ബസ് സ്റ്റാന്‍ഡ് നിര്‍ത്തലാക്കാന്‍ നഗരസഭ ശ്രമിക്കുന്നെന്ന വ്യാജപ്രചാരണത്തിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നവരുടെ രാഷ്ട്രീയ ലക്ഷ്യത്തിന് നിന്നുകൊടുക്കാന്‍ വ്യാപാരികള്‍ തയ്യാറാവരുതെന്ന് ചെയര്‍മാന്‍ ടി എം റഷീദും സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി എച്ച് ഹസീബും വാര്‍ത്താക്കുറിപ്പില്‍ ആവശ്യപ്പെട്ടു.
കടുവാമൂഴി ബസ് സ്റ്റാന്‍ഡിന്റെ അനുമതിക്കായി മുന്‍ പഞ്ചായത്ത് ഭരണ സമിതി സമര്‍പ്പിച്ച പ്രമേയത്തിന്‍മേല്‍ ആര്‍ടിഎ കൈക്കൊണ്ട തീരുമാനം ഫലത്തില്‍ ടൗണ്‍ ബസ് സ്റ്റാന്‍ഡിന്റെ നിലനില്‍പ്പിനെ തന്നെ ചോദ്യം ചെയ്യുന്ന വിധത്തിലായിരുന്നു. വാഗമണ്‍ ഭാഗത്തേക്ക് പോവുന്ന ബസ്സുകള്‍ മാത്രം ടൗണ്‍ ബസ് സ്റ്റാന്‍ഡില്‍ കയറിയാല്‍ മതിയെന്ന തീരുമാനം കൈക്കൊള്ളാന്‍ ആര്‍ടിഎയെ പ്രേരിപ്പിച്ചത് അന്നത്തെ പഞ്ചായത്ത് പ്രമേയത്തിന്റെ അടിസ്ഥാനത്തില്‍ നിലവിലുള്ള സ്റ്റാന്‍ഡ് അപകടാവസ്ഥയിലാണ് എന്ന റിപോര്‍ട്ടുമൂലമാണ്.
ഇതിനെതിരേ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച കേസില്‍ ഉണ്ടായ വിധി പ്രകാരം ഇത് പുനപ്പരിശോധനയ്ക്ക് അവസരമുണ്ടാക്കുകയും നഗരസഭാ കൗണ്‍സില്‍ വിശദമായി കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുകയും ചെയ്തു. ടൗണ്‍ ബസ് സ്റ്റാന്‍ഡിന്റെ നിലനില്‍പ്പുതന്നെ ചോദ്യം ചെയ്യപ്പെട്ട ഉത്തരവ് മാറ്റിക്കിട്ടുന്നതിന് സഹായകരമായ തീരുമാനമാണ് നഗരസഭാ കൗണ്‍സില്‍ കൈക്കൊണ്ടത്. തൊടുപുഴ, കാഞ്ഞിരപ്പള്ളി ബസ്സുകള്‍ ടൗണ്‍ ബസ് സ്റ്റാന്‍ഡില്‍ കയറേണ്ടതില്ലെന്ന മുന്‍ ആര്‍ടിഎ തിരൂമാനം മാറ്റി ഈരാറ്റുപേട്ടയില്‍ കൂടി സര്‍വീസ് നടത്തുന്ന എല്ലാ ബസ്സുകളും ടൗണ്‍ ബസ് സ്റ്റാന്‍ഡില്‍ കയറണമെന്ന തീരുമാനമാണ് നഗരസഭ കൈക്കൊണ്ടത്.
ഈ തീരുമാനത്തിനെതിരായി വിയോജന കുറിപ്പെഴുതാന്‍ മുസ്‌ലിം ലീഗ് കൗണ്‍സിലര്‍മാര്‍ തയ്യാറായതിന്റെ കാരണം വ്യക്തമല്ല. ഈരാറ്റുപേട്ടയില്‍ കൂടി കടന്നുപോവുന്ന ദീര്‍ഘ ദൂര ബസ്സുകള്‍ കടുവാമൂഴി സ്റ്റാന്‍ഡില്‍ പോവേണ്ടതില്ലെന്നും തൊടുപുഴ-കാഞ്ഞിരപ്പള്ളി ബസ്സുകള്‍ കടുവാമൂഴിയില്‍ നിന്നു പുറപ്പെട്ട് പഴയ സ്റ്റാന്‍ഡിലെത്തി മുന്‍ സമയ പ്രകാരം സര്‍വീസ് നടത്താനായിരുന്നു നഗരസഭ നിര്‍ദേശം.
ഈരാറ്റുപേട്ട ടൗണിന്റെ എല്ലാ പ്രദേശങ്ങള്‍ക്കും സന്തുലിത വികസനം സാധ്യമാവുന്ന നിലയില്‍ നിഷ്പക്ഷമായി നഗരസഭ പ്രവര്‍ത്തിക്കുമ്പോള്‍ വിഭാഗീയത വളര്‍ത്തി നാടിന്റെ വികസന നിര്‍മാണ പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തുന്ന നീക്കങ്ങള്‍ ആരു നടത്തിയാലും അംഗീകരിക്കില്ലെന്ന് നഗരസഭാധികൃതര്‍ വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക