|    Dec 14 Fri, 2018 4:13 am
FLASH NEWS

ബസ് സ്റ്റാന്റ് താല്‍ക്കാലിക മാലിന്യ സംഭരണ കേന്ദ്രമാക്കാനുള്ള തീരുമാനത്തില്‍ നിന്ന് പഞ്ചായത്ത് ഭരണസമിതി പിന്‍മാറി

Published : 21st May 2018 | Posted By: kasim kzm

കരുവാരകുണ്ട്: നിര്‍മാണത്തിലിരിക്കുന്ന രണ്ടാമത്തെ ബസ് സ്റ്റാന്റ് താല്‍ക്കാലിക മാലിന്യ സംഭരണ കേന്ദ്രമാക്കാനുള്ള ഗ്രാമപ്പഞ്ചായത്ത് തീരുമാനത്തില്‍ നിന്ന് ഭരണസമിതി പിന്‍മാറി.  സിപിഎം നേതൃത്വത്തിലുള്ള ഭരണ സമിതി, പാര്‍ട്ടിയുടെ അറിവോടെയല്ല തീരുമാനമെടുത്തതെന്ന് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ആദ്യം തന്നെ പറഞ്ഞിരുന്നു.
ബോര്‍ഡ് തീരുമാനത്തിനെതിരേ ഗ്രാമപ്പഞ്ചായത്ത് മാര്‍ച്ചുമായി മുസ്‌ലിം ലീഗും ലീഗ് മാര്‍ച്ചിന് പിന്തുണയുമായി വ്യാപാരി വ്യവസായി ഏകോപന സമിതിയും രംഗത്തുവന്നിരുന്നു. ഇതിനു പിന്നാലെയാണ് ബോര്‍ഡ് തീരുമാനം പുനപ്പരിശോധിക്കണമെന്ന് പാര്‍ട്ടി നിര്‍ദേശിച്ചിരുന്നത്. ഇതേ തുടര്‍ന്ന് ശനിയാഴ്ച ചേര്‍ന്ന ഗ്രാമപ്പഞ്ചായത്ത് ബോര്‍ഡ് യോഗത്തില്‍ ബസ് സ്റ്റാന്റിലെ മാലിന്യ സംഭരണം വീണ്ടും അജണ്ടയാക്കിയെടുത്ത് തീരുമാനത്തില്‍ നിന്ന് പിന്‍മാറുകയായിരുന്നു ഭരണ സമിതി. കോണ്‍ഗ്രസ് പിന്തുണയോടെ ലീഗില്‍ നിന്നും ഗ്രാമപ്പഞ്ചായത്ത് ബോര്‍ഡ് പിടിച്ച സിപിഎം വന്‍ പ്രചാരണം നല്‍കി നടപ്പാക്കുന്ന ആദ്യ പദ്ധതിയാണ് ‘കഌന്‍ കരുവാരകുണ്ട്. വീടുകളില്‍ നിന്നും ഖരമാലിന്യങ്ങള്‍ ശേഖരിച്ച് വേര്‍തിരിക്കുകയും ശേഷം കയറ്റി അയയ്ക്കുകയും ചെയ്യുന്ന പദ്ധതിയാണിത്. ഈ മാലിന്യം താല്‍ക്കാലികമായി ശേഖരിക്കാനും വേര്‍തിരിക്കാനുമായി കിഴക്കെത്തലയില്‍ നിര്‍മാണത്തിലിരിക്കുന്ന രണ്ടാമത്തെ ബസ് സ്റ്റാന്റ് ഉപയോഗിക്കാമെന്ന് കഴിഞ്ഞ ബോര്‍ഡ് യോഗം തീരുമാനിച്ചതാണ്. ലീഗിലെ ഒരംഗമൊഴിച്ച് ബാക്കിയുള്ളവരെല്ലാം ഇതിനെ പിന്തുണച്ചിരുന്നു. ലീഗ് ഇതിനെതിരേ മാര്‍ച്ചും ധര്‍ണയും നടത്തിയെങ്കിലും തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുമെന്ന് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ്് പറയുകയും ചെയ്തു. ഇതിനിടെയാണ് ഇന്നുചേരുന്ന ബോര്‍ഡ് യോഗത്തില്‍ വിഷയം വീണ്ടും അജണ്ടയായിരിക്കുന്നത്. കോണ്‍ഗ്രസാണ് ഈ തീരുമാനത്തിന് പിന്നിലെന്ന് ആരോപണമുയര്‍ന്നിരുന്നു. പാര്‍ട്ടിയുമായി കൂടിയാലോചിക്കാതെ പെട്ടെന്ന് തീരുമാനമെടുത്തതില്‍ പ്രസിഡന്റ്് ഉള്‍പ്പെടെയുള്ള അംഗങ്ങളോട് സിപിഎമ്മിനും നീരസമുണ്ട്. ചില മുതിര്‍ന്ന നേതാക്കള്‍ ഇതിന്റെ പ്രായോഗികതയില്‍ സംശയിക്കുകയും ചെയ്തിരുന്നു. സ്വകാര്യ വ്യക്തി ദാനാധാര പ്രകാരം കൈമാറിയ 70 സെന്റ് ഭൂമിയിലാണ് സ്റ്റാന്റ്് നിര്‍മിക്കുന്നത്. ഭൂമാഫിയക്കു വേണ്ടിയാണ് പദ്ധതിയെന്നും ചില നേതാക്കള്‍ക്ക് സൗജന്യ ഭൂമിയും പാര്‍ട്ടി നേതൃത്വങ്ങള്‍ക്ക് വന്‍തുക സംഭാവനയും കിട്ടിയതായും തുടക്കത്തിലേ ആരോപണമുയര്‍ന്നിരുന്നു. ലീഗ് നടത്തിയ മാര്‍ച്ചിനെ പരിഹസിച്ച് സാമൂഹിക മാധ്യമങ്ങളില്‍ ട്രോളുകളുമുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് സിപിഎമ്മിന്റെ ചുവടുമാറ്റം.
കിഴക്കേ തലയിലെ വിവാദമായ രണ്ടാമത്തെ ബസ്റ്റാന്റിനായുള്ള ഭൂമിയില്‍ വാര്‍ഡുകളില്‍ നിന്ന് ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിക്കാനുള്ള പഞ്ചായത്ത് ഭരണസമിതി എടുത്തിട്ടുള്ള തീരുമാനത്തില്‍ നിന്ന് സമ്മര്‍ദ്ദത്തെ തുടര്‍ന്ന് പിന്‍മാറി. നിലവില്‍ സിപിഎം സ്വതന്ത്രന്‍ മഠത്തില്‍ അബ്ദുള്‍ ലത്തീഫ് പ്രസിഡന്റും സിപിഎമ്മിലെ ബിജിന വൈസ് പ്രസിഡന്റുമായ ഭരണസമിതിയില്‍ സ്വതന്ത്രനടക്കം സിപിഎമ്മിന് അഞ്ച് അംഗങ്ങളാണുള്ളത്. യുഡിഎഫ് ബന്ധം തകര്‍ന്ന കരുവാരകുണ്ടില്‍ ഏഴ് അംഗങ്ങളുള്ള കോണ്‍ഗ്രസിന്റെ പിന്തുണയോടെയാണ് ഭരണം തുടരുന്നത്. മുസ്്‌ലിം ലീഗിന് ഒന്‍പത് അംഗങ്ങളുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss