|    Feb 21 Wed, 2018 11:06 am
FLASH NEWS

ബസ് സ്റ്റാന്റ് കം ഷോപ്പിങ് കോംപ്ലക്‌സിന്റെ നിര്‍മാണം വീണ്ടും സ്തംഭിച്ചു

Published : 18th January 2017 | Posted By: fsq

 

മൂവാറ്റുപുഴ: കിഴക്കന്‍ മേഖലയുടെ വികസന പ്രതീക്ഷകളിലൊന്നായ മൂവാറ്റുപുഴ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റ് കം ഷോപ്പിങ് കോംപ്ലക്‌സിന്റെ നിര്‍മാണം വീണ്ടും സ്തംഭിച്ചു. നവംബര്‍ അവസാനം നിലച്ച നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കാന്‍ ഇതുവരെ നടപടിയുണ്ടായിട്ടില്ല. കഴിഞ്ഞ ഒക്ടോബറിലും നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നിലച്ചിരുന്നു. തുടര്‍ന്നു നടന്ന ചര്‍ച്ചകളിലും യോഗങ്ങളിലും ഉണ്ടായ തീരുമാനങ്ങള്‍ പാലിക്കപ്പെടാത്തതാണ് വീണ്ടും നിര്‍മാണം തടസപ്പെടാന്‍ കാരണം. കരാറുകാരനു ലഭിക്കാനുള്ള കുടിശ്ശിക ഉടന്‍ നല്‍കുമെന്ന വാഗ്ദാനം നടപ്പായിട്ടില്ല. ഈ സാഹചര്യത്തില്‍ നിര്‍മാണവുമായി മുന്നോട്ടുപോവാന്‍ സാധിക്കില്ലെന്ന നിലപാടിലാണ് കരാറുകാരന്‍. ആദ്യം നിര്‍മാണം തടസപ്പെട്ടതിനെ തുടര്‍ന്നു എല്‍ദോ ഏബ്രഹാം എംഎല്‍എയുടെ നേതൃത്വത്തില്‍ ഗതാഗത മന്ത്രിയുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നു. പിന്നീട് കെഎസ്ആര്‍ടിസി എംഡി എം ജി രാജമാണിക്യവും ഡിപ്പോയിലെത്തി ചര്‍ച്ചകള്‍ നടത്തി. ഇതിനു ശേഷമുണ്ടായ തീരുമാനങ്ങള്‍ ഒന്നും നടപ്പായിട്ടില്ല. നിലവില്‍ ഷോപ്പിങ് കോംപ്ലക്‌സിന്റെ റോളിങ് ഷട്ടര്‍ പിടിപ്പിക്കാനും ഫ്‌ളോറിങ്, പ്ലംബിങ്, പെയിന്റിങ് എന്നീ ജോലികളാണ് പൂര്‍ത്തിയാവാനുള്ളത്. കിഴക്ക ന്‍മേഖലയിലെ ആദ്യത്തേതാണ് മൂവാറ്റുപുഴ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റ് കം ഷോപ്പിങ് കോംപ്ലക്‌സ്. ഷോപ്പിങ് കോംപ്ലക്‌സിന്റെ റൂമുകളുടെ ടെന്‍ഡറിന്റെ ആദ്യഘട്ടത്തില്‍ തന്നെ നാലുകോടിയോളം രൂപ കെഎസ്ആര്‍ടിസിയ്ക്ക് വരുമാനമുണ്ടായിട്ടുണ്ട്. പണി പൂര്‍ത്തിയാവുമ്പോള്‍ തന്നെ മുടക്ക് മുതല്‍ തിരിച്ചു കിട്ടുന്ന കേരളത്തിലെ ആദ്യത്തെ ബസ് സ്റ്റാന്റാണ് മൂവാറ്റുപുഴയിലേത്. എന്നിട്ടും കരാറുകാരന് പണം കൊടുക്കാതിരുന്നതാണ് നിര്‍മാണം തടസപ്പെട്ടതിനു പ്രധാന കാരണം.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss