|    Jan 17 Tue, 2017 12:37 pm
FLASH NEWS

ബസ് സര്‍വീസ് നിര്‍ത്തി; ഇരിക്കൂര്‍-ബ്ലാത്തൂര്‍ റൂട്ടില്‍ യാത്രാക്ലേശം

Published : 6th October 2016 | Posted By: Abbasali tf

ഇരിക്കൂര്‍: ടൗണ്‍ മുതല്‍ ബ്ലാത്തൂര്‍ ടൗണ്‍ വരെയുള്ള ഒമ്പത് കിലോ മീറ്റര്‍ ദൂരം തകര്‍ന്ന് കുണ്ടും കുഴികളുമായതില്‍ പ്രതിഷേധിച്ച് ഇരിക്കൂര്‍-കല്യാട്-ബ്ലാത്തൂര്‍ റൂട്ടിലോടുന്ന ബസ്സുകള്‍ സര്‍വീസ് നിര്‍ത്തിവച്ചതോടെ മേഖലയില്‍ യാത്രാക്ലേശം രൂക്ഷമായി. കണ്ണൂരില്‍ നിന്നും ഇരിക്കൂര്‍ വഴി കല്യാട് ബ്ലാത്തൂര്‍ ഊരത്തൂര്‍-ഉളിക്കല്‍-തിരൂര്‍ മേഖലകള്‍ ഒറ്റപ്പെട്ടു. ബസ് ഉടമ സംഘടനയുടെ തീരുമാനപ്രകാരം ബസ്സുകള്‍ സര്‍വീസ് പൂര്‍ണമായും നിര്‍ത്തിവച്ചതോടെ നാട്ടുകാരും വിദ്യാര്‍ഥികളും ഉദ്യോഗസ്ഥരും രോഗികളുമെല്ലാം ദുരിതത്തിലായി. അനശ്ചിതകാലത്തേക്കാണ് ബസ് സമരം നടക്കുന്നത്. റൂട്ടില്‍ വിവിധ ഭാഗങ്ങളിലേക്ക് ഓടുന്ന 20ഓളം ബസ്സുകളാണ് പണിമുടക്കുന്നത്. ബസ്സുകളെല്ലാം ഇരിക്കൂര്‍ ബസ്്സ്റ്റാന്റിലെത്തി അടുത്ത ട്രിപ്പ് ആവുന്നതുവരെ നിര്‍ത്തിയ ശേഷം തിരിച്ച് കണ്ണൂരില്‍ തന്നെ പോവുകയാണ്. ജില്ലയിലെ തന്നെ ഏറ്റവും വലിയ ചെങ്കല്‍ ക്വാറിയും ഖനനവും നടക്കുന്ന മേഖലകൂടിയാണിത്. ദിവസവും ചെങ്കല്‍ കയറ്റിപ്പോവുന്ന ആയിരത്തിലധികം ലോറികളും ഇതിലൂടെയാണ് പോവുന്നത്. റൂട്ടിലോടുന്ന ബസ്സുകളെല്ലാം മാസത്തില്‍ പലതവണ അറ്റകുറ്റപ്പണി നടത്തേണ്ടി വരുന്നുവെന്നാണ് ഉടമകള്‍ പറയുന്നത്. ടയറുകള്‍ പൊട്ടുന്നതും നിത്യസംഭവമാണ്. നിരവധി സംഘടനകള്‍ പലപ്പോഴായി പിഡബ്ലുഡി ഓഫിസ് ഉപരോധിക്കുകയും ധര്‍ണയും ഉപരോധവും മുന്‍ മന്ത്രി കെ സി ജോസഫിന്റെ കോലം കത്തിച്ചുള്ള പ്രതിഷേധങ്ങളും നടത്തിയെങ്കിലും അധികൃതര്‍ കണ്ണുതുറന്നിട്ടില്ല.വര്‍ഷങ്ങള്‍ക്കു മുമ്പ് റോഡ് വികസനത്തിനായി 2.30 കോടി രൂപയും കഴിഞ്ഞ വര്‍ഷം അറ്റകുറ്റപ്പണിക്കായി 490 ലക്ഷം രൂപയും അനുവദിച്ചതായി അറിയിച്ചിരുന്നെങ്കിലുേം റോഡ് കൂടുതല്‍ തകര്‍ന്നുകൊണ്ടിരിക്കുകയാണ്. ഇരിക്കൂര്‍-മട്ടന്നൂര്‍ നിയോജക മണ്ഡലങ്ങളില്‍പ്പെട്ട ഈ ഭാഗം പടിയൂര്‍-ഇരിക്കൂര്‍ പഞ്ചായത്തുകളെയും ബന്ധിപ്പിക്കുന്നു. പുതിയ ഇടതുസര്‍ക്കാര്‍ റോഡിന് ബജറ്റില്‍ 10 കോടി രൂപ വകയിരുത്തിയെങ്കിലും തുടര്‍നടപടിയായിട്ടില്ല. എല്‍പി മുതല്‍ ഹയര്‍സെക്കന്‍ഡറി വരെ നിരവധി വിദ്യാലയങ്ങളും കോളജ്, ധനകാര്യ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ ഓഫിസുകള്‍, ഗവ. പിഎച്ച്‌സി, മൃഗാശുപത്രി തുടങ്ങി ധാരാളം സ്ഥാപനങ്ങളണ് മേഖലയിലുള്ളത്. മലയോര മേഖലയിലേക്കും നിര്‍ദിഷ്ട കണ്ണൂര്‍ വിമാനത്താവളത്തിലേക്കുമുള്ള റോഡു കൂടിയായിട്ടും അധികൃതര്‍ അവഗണന തുടരുകയാണ്. ബസ് സര്‍വീസ് നിര്‍ത്തുമെന്നറിയിച്ചിട്ടും ചര്‍ച്ചയ്ക്ക് പോലും അധികൃതര്‍ താല്‍പര്യം കാണിക്കാത്തതും യാത്രക്കാര്‍ക്ക് ദുരിതം വര്‍ധിപ്പിച്ചിട്ടുണ്ട്.തല്‍ക്കാലം കുഴിയടച്ചാല്‍ തന്നെ സമരം ഒഴിവാക്കാമായിരുന്നുവെന്നാണ് യാത്രക്കാരുടെയും അഭിപ്രായം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 23 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക