|    Oct 18 Wed, 2017 9:29 am
FLASH NEWS

ബസ് വ്യവസായം പ്രതിസന്ധിയിലെന്ന് ബസ്സുടമകള്‍

Published : 12th August 2017 | Posted By: fsq

 

കണ്ണൂര്‍: ബസ് വ്യവസായ മേഖലയിലെ പ്രതിസന്ധികള്‍ പരിഹരിക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് നടപടികളെടുക്കാത്തതില്‍ പ്രതിഷേധിച്ച് 18ന് സംസ്ഥാനവ്യാപകമായി സ്വകാര്യ ബസുകള്‍ സൂചനാ പണിമുടക്ക് നടത്തുമെന്ന് പ്രൈവറ്റ് ബസ് ഓപറേറ്റേഴ്‌സ് കോണ്‍ഫെഡറേഷന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. തുടര്‍ന്നും നടപടികളുണ്ടായില്ലെങ്കില്‍ സപ്തംബര്‍ 14 മുതല്‍ അനിശ്ചിതകാല പണിമുടക്ക് സമരം തുടങ്ങും. സമരത്തിന്റെ മുന്നോടിയായി 16നു ജില്ലാ കേന്ദ്രങ്ങളില്‍ ധര്‍ണ നടത്തും. കഴിഞ്ഞ രണ്ടുവര്‍ഷത്തിനകം ഇന്‍ഷുറന്‍സ് പ്രീമിയത്തില്‍ മാത്രം 55 ശതമാനത്തിലധികം വര്‍ധനയുണ്ടായി. സ്വകാര്യബസ് സര്‍വീസ് നടത്തുന്ന മേഖലയില്‍ കെഎസ്ആര്‍ടിസി സര്‍വീസ് വ്യാപിപ്പിക്കുന്നത് സ്വകാര്യ-സര്‍ക്കാര്‍ മേഖലകളെ ഒരുപോലെ ഇല്ലാതാക്കുകയാണ്. ഡീസല്‍, സ്‌പെയര്‍ പാര്‍ട്‌സ്, ഇന്‍ഷുറന്‍സ് പ്രീമിയം, ജീവനക്കാരുടെ വേതനം, ചേസിസ്, ലൂബ്രിക്കന്റ്, ബോഡി നിര്‍മാണം, ടയര്‍, വര്‍ക്ക്‌ഷോപ്പ് കൂലി എന്നിവയിലെല്ലാം ഉണ്ടായ ഭീമമായ വര്‍ധനവ് കാരണം ബസ് വ്യവസായം പ്രതിസന്ധിയിലാണ്.ഈ സാഹചര്യത്തില്‍ വിദ്യാര്‍ഥികളുടെ യാത്രാനിരക്ക് ഉള്‍പ്പെടെ ബസ് ചാര്‍ജ് 25 ശതമാനം വര്‍ധിപ്പിക്കുക, 140 കിലോമീറ്ററില്‍ കൂടുതല്‍ ദൈര്‍ഘ്യമുള്ള സ്വകാര്യബസ് പെര്‍മിറ്റുകള്‍ റദ്ദ് ചെയ്ത നടപടി പിന്‍വലിക്കുക, സ്‌റ്റേജ് കാര്യേജുകള്‍ക്ക് വര്‍ധിപ്പിച്ച റോഡ് ടാക്‌സ് പിന്‍വലിക്കുക, പെട്രോളിയം ഉല്‍പ്പന്നങ്ങളെ ചരക്കുസേവന നികുതിയുടെ പരിധിയില്‍ കൊണ്ടുവരിക, ഇന്‍ഷുറന്‍സ് പ്രീമിയത്തിലുണ്ടായ വര്‍ധനവ് പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കഴിഞ്ഞ ജനുവരി 24ന് ബസുടമകള്‍ സര്‍വീസ് നിര്‍ത്തിവച്ച് സമരം ചെയ്തിരുന്നു. ഇതേതുടര്‍ന്ന് 27ന് ഗതാഗതമന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തില്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാമെന്ന് ഉറപ്പുനല്‍കിയെങ്കിലും നടപടിയൊന്നും ഉണ്ടായിട്ടില്ല. ഇതാണു പണിമുടക്കിലേക്കു നീങ്ങാന്‍ കാരണമെന്നും ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ കെ വേലായുധന്‍, എം വി വല്‍സലന്‍, കെ ഗംഗാധരന്‍, രാജ്കുമാര്‍ കരുവാരത്ത്, കെ പി മുരളീധരന്‍ പങ്കെടുത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക