|    Dec 13 Wed, 2017 7:14 am
FLASH NEWS

ബസ് മറിഞ്ഞ് 12 പേര്‍ക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം

Published : 1st July 2016 | Posted By: SMR

കോട്ടയം: സ്വകാര്യ ബസ് മറിഞ്ഞ് 12 പേര്‍ക്ക് പരിക്കേറ്റു. ഇത്തിത്താനം പുളിമൂട്ടില്‍ ഇന്നലെ ഉച്ചകഴിഞ്ഞാണ് അപകടം.
ബസ് ഡ്രൈവര്‍ സച്ചിന്‍ (23), കണ്ടക്ടര്‍ സുരേഷ് തമ്പി (45), യാത്രക്കാരായ കുറിച്ചി സ്വദേശി മിനിമോള്‍ (43), ബസ്സിലെ ക്ലീനര്‍ ആര്‍പ്പൂക്കര സ്വദേശി ജയ്‌മോന്‍ (45), ആര്‍പ്പൂക്കര വില്ലൂന്നി സെന്റ് ഫിലോമിനാസ് ഗേള്‍സ് സ്‌കൂളിലെ അധ്യാപിക എമിലി ഇതേ സ്‌കൂളിലെ വിദ്യാര്‍ഥികളായ എയ്ഞ്ചല്‍ (13), സാനി (11), കുറിച്ചി സ്വദേശി മിന്നു (18), ഇത്തിത്താനം കേളന്‍കവല സ്വദേശി സനു (20), പി കെ ഓമന (56), കുമാരനല്ലൂര്‍ സ്വദേശി കെ വി മറിയാമ്മ (57), കുറിച്ചി മുന്‍ ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ സി കുഞ്ഞുമോന്‍ (65) എന്നിവര്‍ക്കാണ് പരിക്കേറ്റത്. പരിക്ക് ഗുരുതരമായതിനാല്‍ ഓമനയെ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ചങ്ങനാശ്ശേരിയില്‍ നിന്നു മെഡിക്കല്‍ കോളജിലേക്ക് പോവുമ്പോഴാണ് അപകടം ഉണ്ടായത്.
കണ്ണന്ത്രപ്പടി കഴിഞ്ഞ് ചെറിയ കയറ്റത്തില്‍ വച്ച് നിയന്ത്രണം വിട്ട് ഇടതുസൈഡിലൂടെ എത്തിയ ബസ് വലത്തേക്ക് തെന്നി മാറി അരയടി ഉയരത്തിലുള്ള കയ്യാലപുറത്തേക്ക് ഇടിച്ചു കയറിയ ശേഷം ഡോറിന്റെ സൈഡിലേക്ക് മറിയുകയായിരുന്നു. അപകടസമയത്ത് 20 ഓളം യാത്രക്കാര്‍ ബസ്സില്‍ ഉണ്ടായിരുന്നു. ബസ് വേഗതയില്‍ ആയിരുന്നു എന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. അപകട കാരണം ബസ്സിനെന്തെങ്കിലും സംഭവിച്ചതാണോ എന്ന് വിശദ പരിശോധനയ്ക്ക് ശേഷമേ പറയാന്‍ കഴിയൂ എന്ന് സംഭവസ്ഥലത്തെത്തിയ പോലിസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ചങ്ങനാശ്ശേരി, തൃക്കൊടിത്താനം എന്നിവിടങ്ങളില്‍ നിന്നു പോലിസും ചങ്ങനാശ്ശേരിയില്‍ നിന്നു ഫയര്‍ ഫോഴ്‌സും നാട്ടുകാരും രക്ഷാപ്രവര്‍ത്തനത്തിനു നേതൃത്വം നല്‍കി. അപകട വിവരം അറിഞ്ഞ് നൂറുകണക്കിനു നാട്ടുകാരും അപകടസ്ഥലത്ത് എത്തി.
ബസ് അപകടത്തില്‍പ്പെട്ടതിനെ തുടര്‍ന്ന് ഓടിക്കൂടിയ നാട്ടുകാര്‍ ബസ്സിന്റെ മുന്നിലെയും പിന്നിലെയും ഗ്ലാസുകള്‍ തകര്‍ത്ത് ബസ്സിനുള്ളില്‍ കുടുങ്ങിയ യാത്രക്കാരെയും ജീവനക്കാരെയും പുറത്തെടുത്ത് തൊട്ടടുത്ത ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക