|    Jul 22 Sun, 2018 4:32 pm
FLASH NEWS

ബസ് പണിമുടക്ക് പൂര്‍ണം; ഗ്രാമീണ മേഖലകളിലെ യാത്രക്കാര്‍ വലഞ്ഞു

Published : 16th September 2017 | Posted By: fsq

 

തൃശൂര്‍: മുതുവറ ജംഗ്ഷനിലെ റോഡിലെ ഗര്‍ത്തങ്ങള്‍ നികത്തണമെന്നും ഗതാഗതക്കുരുക്കിന് അറുതിവരുത്തണമെന്നുമാവശ്യപ്പെട്ട് തൃശൂര്‍-കുന്നംകുളം റൂട്ടില്‍ ഇന്നലെ സ്വകാര്യബസുകള്‍ നടത്തിയ പണിമുടക്ക് പൂര്‍ണം. പണിമുടക്കില്‍ അക്ഷരാര്‍ഥത്തില്‍ ജനങ്ങള്‍ വലഞ്ഞു. പുഴയ്ക്കല്‍, മുതുവറ ഭാഗങ്ങളില്‍ മാസങ്ങളായി തകര്‍ന്നു കിടക്കുന്ന റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കാത്തതില്‍ പ്രതിഷേധിച്ചാണ് സ്വകാര്യബസുകള്‍ പണിമുടക്കിയത്. ബി.എം.എസിന്റെ നേതൃത്വത്തില്‍ ആഹ്വാനം ചെയ്ത പണിമുടക്കില്‍ എല്ലാ ജീവനക്കാരും പങ്കെടുത്തതോടെ ഇതുവഴിയുള്ള സ്വകാര്യബസുകളൊന്നും നിരത്തിലിറങ്ങിയില്ല. തൃശൂര്‍-കുന്നംകുളം, ഗുരുവായൂര്‍, കോഴിക്കോട്, അടാട്ട് റൂട്ടുകളിലെയും അമല വഴി പാവറട്ടി, ചാവക്കാട്, ഗുരുവായൂര്‍ എന്നിവിടങ്ങളിലേയും സ്വകാര്യ ബസുകളും പണിമുടക്കില്‍ പങ്കെടുത്തതോടെ സമരം പൂര്‍ണമായി. സ്വകാര്യവാഹനങ്ങള്‍ ധാരാളമായി നിരത്തിലിറങ്ങിയതിനാല്‍ മുതുവറ പുഴയ്ക്കല്‍ റോഡില്‍ സാധാരണയിലും വലിയ ഗതാഗതകുരുക്കാണ് അനുഭവപ്പെട്ടത്. ഇന്നലെ പുലര്‍ച്ചെ പുഴയ്ക്കലില്‍ കാര്‍ പുഴയിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചിരുന്നു. വീതികൂടിയ റോഡില്‍ നിന്ന് ഇടുങ്ങിയ പാലത്തിലേക്ക് വാഹനങ്ങള്‍ കയറുമ്പോള്‍ ഗതാഗതകുരുക്കും അപകടസാധ്യതയും ഏറിവരികയാണ്. മാധ്യമങ്ങള്‍ നിരവധി തവണ റിപ്പോര്‍ട്ട് ചെയ്തിട്ടും പ്രതിഷേധ സമരങ്ങള്‍ പലതു കഴിഞ്ഞിട്ടും പുഴയ്ക്കല്‍ മുതുവറ ഭാഗത്തെ റോഡിന്റെ അവസ്ഥ അത്യന്തം ദുരിതപൂര്‍ണമായി തുടരുകയാണ്. ദിവസങ്ങള്‍ക്കു മുന്‍പ് പേരിനുള്ള ഓട്ടയടക്കല്‍ അറ്റകുറ്റപ്പണികള്‍ ആരംഭിച്ചെങ്കിലും രണ്ടുദിവസംകൊണ്ട് അത് അവസാനിപ്പിക്കുകയായിരുന്നു. ബസ് പണിമുടക്കിനെതുടര്‍ന്ന് ഭൂരിഭാഗംപേരും സ്വകാര്യവാഹനങ്ങളെയും ദീര്‍ഘദൂര കെ.എസ്. ആര്‍.ടി.സി ബസുകളെയുമാണ് ആശ്രയിച്ചത്. അതേസമയം ബസ് സമരം ഏറ്റവും വലച്ചത് ഗ്രാമീണ റൂട്ടുകളേയാണ്. അമല വഴി പാവറട്ടി, ചാവക്കാട് പോകുന്നവരേയും അടാട്ട് റൂട്ടിലെ യാത്രക്കാരേയുമാണ് ബസ് സമരം ഏറെ വലച്ചത്. അടാട്ട് റൂട്ടിലെ ബസുകള്‍ ആദ്യഘട്ടത്തില്‍ സമരത്തില്‍ പങ്കെടുക്കില്ലെന്നാണ് പറഞ്ഞിരുന്നെങ്കിലും മറ്റ് ബസുകാരുടെ പ്രതിഷേധത്തേത്തുടര്‍ന്ന് അവരും സമരത്തില്‍ പങ്കെടുക്കുകയായിരുന്നു. സ്വകാര്യ ബസുകളൊഴികേ കെഎസ്ആര്‍ടിസി സര്‍വീസില്ലാത്ത ഈ റൂട്ടുകളില്‍ നിരവധി പേര്‍ക്കാണ് ബസ് പണിമുടക്ക് മൂലം ഓട്ടോ സര്‍വീസുകളെ ആശ്രയിക്കേണ്ടിവന്നത്. എന്നാല്‍ ഗുരുവായൂര്‍, കുന്നംകുളം റൂട്ടില്‍ കെഎസ്ആര്‍ടിസി അഡീഷണല്‍ സര്‍വീസുകള്‍ നടത്തിയതുമൂലം യാത്രക്കാര്‍ വലിയ പ്രയാസമനുഭവിക്കേണ്ടിവന്നില്ല.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss