|    Oct 19 Fri, 2018 4:18 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

ബസ് നിര്‍മാണത്തിന് പുറംകരാര്‍ : ജീവനക്കാര്‍ക്ക് ആശങ്ക

Published : 11th September 2017 | Posted By: fsq

 

തിരുവനന്തപുരം: ബസ് ബോഡി നിര്‍മാണത്തില്‍ നിന്നു കെഎസ്ആര്‍ടിസി പിന്‍മാറുന്നു. ഒരിടവേളയ്ക്കു ശേഷം ബോഡി നിര്‍മാണത്തിനു വീണ്ടും പുറംകരാര്‍ നല്‍കാനാണ് തീരുമാനം. ഇതിനായി കോര്‍പറേഷന്‍ ടെന്‍ഡര്‍ ക്ഷണിച്ചു. ആദ്യം നിര്‍മിച്ചു കൈമാറേണ്ടത് 100 ബസ്സുകളാണെന്നും ടെന്‍ഡറില്‍ പറയുന്നു. സ്വന്തം വര്‍ക്‌ഷോപ്പുകളിലെ ബസ് ബോഡി നിര്‍മാണം അവസാനിപ്പിച്ച് ബസ്സുകള്‍ പൂര്‍ണമായും സ്വകാര്യ മേഖലയില്‍ നിന്നു വാങ്ങുന്നതോടെ കോര്‍പറേഷന്റെ അഞ്ച് റീജ്യനല്‍ വര്‍ക്‌ഷോപ്പുകള്‍ അടച്ചുപൂട്ടലിന്റെ വക്കിലേക്ക് നീങ്ങുകയാണ്. എന്നാല്‍, സ്ഥിരമായി പുതിയ ബസ്സുകള്‍ വാങ്ങുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്നും ഒറ്റത്തവണത്തേക്കു മാത്രമാണെന്നും കെഎസ്ആര്‍ടിസി വിശദീകരിക്കുന്നുണ്ടെങ്കിലും തങ്ങളുടെ തൊഴില്‍ നഷ്ടപ്പെടുമോയെന്ന ആശങ്കയിലാണ് വര്‍ക്‌ഷോപ്പുകളിലെ ജീവനക്കാര്‍. 20 സൂപ്പര്‍ഫാസ്റ്റ് ബസ്സുകള്‍ക്കും 80 ഫാസ്റ്റ് പാസഞ്ചര്‍ ബസ്സുകള്‍ക്കുമാണ് ടെന്‍ഡര്‍ ക്ഷണിച്ചിരിക്കുന്നത്. പൂര്‍ണമായി നിര്‍മിച്ച ബസ്സുകളാണ് വാങ്ങുകയെന്ന് ടെന്‍ഡറില്‍ പ്രത്യേകം പറയുന്നു. ചുരുക്കത്തില്‍, ടെന്‍ഡര്‍ സമര്‍പ്പിക്കുന്ന ഷാസി നിര്‍മാതാക്കള്‍ ബോഡിയും നിര്‍മിച്ചുനല്‍കണം. ഇതോടെ സംസ്ഥാനത്തെ അഞ്ച് കെഎസ്ആര്‍ടിസി വര്‍ക്‌ഷോപ്പുകളിലെ ജീവനക്കാരുടെ തൊഴില്‍ പ്രതിസന്ധിയിലാവും. തിരുവനന്തപുരം, മാവേലിക്കര, ആലുവ, എടപ്പാള്‍, കോഴിക്കോട് വര്‍ക്‌ഷോപ്പുകളിലെ മൂവായിരത്തോളം ജീവനക്കാര്‍ ആശങ്കയിലാണുള്ളത്. കോര്‍പറേഷന്റെ തൊഴിലാളിവിരുദ്ധ നടപടികളുടെ ഭാഗമായാണ് തീരുമാനമെന്നും അടുത്തിടെ വന്‍തോതില്‍ എംപാനല്‍ ജീവനക്കാരെ കൂട്ടമായി പിരിച്ചുവിട്ടത് ഇത്തരമൊരു നീക്കത്തിന്റെ ഭാഗമായാണെന്നും ജീവനക്കാര്‍ പറയുന്നു. സ്ഥിരം ജീവനക്കാര്‍ക്ക് വിആര്‍എസ് നല്‍കാനും അവശേഷിക്കുന്ന എംപാനലുകാരെ പിരിച്ചുവിടാനുമാണ് നീക്കമെന്നും സൂചനയുണ്ട്. നിലവിലെ തീരുമാനം താല്‍ക്കാലികമെന്നാണ് കോര്‍പറേഷന്‍ ഉദ്യോഗസ്ഥരുടെ വിശദീകരണം. നിലവിലെ ടെന്‍ഡര്‍ പ്രകാരം ടാറ്റാ, ലെയ്‌ലന്‍ഡ്, ഐഷര്‍ എന്നീ മൂന്ന് കമ്പനികള്‍ ടെന്‍ഡര്‍ സമര്‍പ്പിക്കാന്‍ യോഗ്യരാണ്. 18നാണ് ടെന്‍ഡര്‍ സമര്‍പ്പിക്കാനുള്ള അവസാന തിയ്യതി. നടപടികള്‍ വേഗത്തില്‍ നടന്നാല്‍ മൂന്നു മാസത്തിനുള്ളില്‍ ഈ ബസ്സുകള്‍ നിരത്തില്‍ പ്രതീക്ഷിക്കാം. 2001-2006 കാലയളവില്‍ ബോഡി നിര്‍മാണത്തിന് പുറംകരാര്‍ നല്‍കിയതിനെതിരേ ഇടതു സംഘടനകള്‍ പ്രതിഷേധിച്ചിരുന്നു. പിന്നീട് വന്ന ഇടതു സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കുകയായിരുന്നു. എന്നാല്‍, എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് ഇപ്പോള്‍ ബസ്സുകള്‍ വാങ്ങുന്നതെന്നതു ശ്രദ്ധേയമാണ്. സര്‍ക്കാരില്‍ നിന്ന് പദ്ധതിവിഹിതമായി കിട്ടിയ 19 കോടി രൂപ ലാപ്‌സ് ആവാതിരിക്കാനാണിതെന്നാണ് കെഎസ്ആര്‍ടിസി വിശദീകരണം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss