|    Oct 24 Wed, 2018 8:08 am
FLASH NEWS

ബസ് നിയന്ത്രണം വിട്ട് മരത്തിലും ബസ്സിലും ഇടിച്ച് 17 പേര്‍ക്ക് പരിക്ക്

Published : 18th September 2017 | Posted By: fsq

 

ചങ്ങനാശ്ശേരി: എംസി റോഡില്‍ അമിതവേഗതയിലെത്തിയ സ്വകാര്യ ബസ് കെഎസ്ആര്‍ടിസി ബസ്സുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 17 പേര്‍ക്കു പരിക്കേറ്റു. കോട്ടയത്തു നിന്ന് തിരുവല്ലയിലേക്കു പോവുകയായിരുന്ന സ്വകാര്യ ബസ്സും ഹരിപ്പാട് നിന്നു കോട്ടയത്തേക്കു പോവുകയായിരുന്ന കെഎസ്ആര്‍ടിസി ഫാസ്റ്റ് പാസഞ്ചര്‍  ബസ്സും തമ്മിലാണു കൂട്ടിയിടിച്ചത്. ഇന്നലെ രാവിലെ 6.45ന് തുരുത്തി പുന്നമൂട് ജങ്ഷനിലുള്ള ബസ് സ്റ്റോപ്പിനു മുമ്പിലാണ് അപകടം. അമിത വേഗത്തില്‍ കോട്ടയം ഭാഗത്തു നിന്നു വന്ന സ്വകാര്യ ബസ് ബസ് സ്റ്റോപ്പിന് മുമ്പിലായുള്ള ഹോട്ടലിനു മുന്‍വശത്തു വച്ച് പെട്ടെന്നു ബ്രേക്ക് ചെയ്തു. ഈ സമയം ബസ്സിന്റെ പുറകുവശം തെന്നി നിരങ്ങി എതിര്‍ദിശയില്‍ നിന്നു വന്ന കെഎസ്ആര്‍ടിസി ബസ്സിന്റെ ഡീസല്‍ ടാങ്കിന്റെ ഭാഗത്തിടിക്കുകയും അവിടെ നിന്ന് മുന്നോട്ടു നിരങ്ങി നീങ്ങി ബസ് സ്റ്റോപ്പില്‍ നിന്ന പാലമരത്തില്‍ സ്വകാര്യ ബസ് ഇടിച്ചു നില്‍ക്കുകയുമായിരുന്നു. ഇടിയുടെ ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ പരിക്കേറ്റ യാത്രികരെ സ്വകാര്യ വാഹനങ്ങളില്‍ ചങ്ങനാശ്ശേരി ജനറല്‍ ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. തുരുത്തി 40ാം കവലയില്‍ മില്‍മ ബൂത്ത് നടത്തുന്ന കര്‍ണാടക സ്വദേശി ഹരീഷിന്റെ ഭാര്യ വിജയലക്ഷ്മി (22), ബസ്സിന്റെ ചെക്കര്‍ ഈര വാവൂര്‍ വിപിന്‍ (39), മിഷ്യന്‍പള്ളിയില്‍ താമസിക്കുന്ന അന്യസംസ്ഥാന തൊഴിലാളി ചന്ദ്രശേഖരന്‍ (34), ചിങ്ങവനം പോളച്ചിറ ശ്രീജിത്ത് (20), കുറിച്ചി എസ് പുരം ചാലുമാക്ക് തറയില്‍ പ്രണവ്് (24), ചങ്ങനാശ്ശേരി മലകുന്നം മൈലാടുംതറ കനകലത (52), ഇവരെ ഐസിയുവില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മണിമല പൊന്‍പുഴ ആനക്കല്ലില്‍ രാജമ്മ (50), കുറിച്ചി മാവേലി പറമ്പില്‍ ബിജു (38), തമിഴ്‌നാട് സ്വദേശി പിച്ചൈപാണ്ടി (50), തുരുത്തി ചെമ്പകശ്ശേരി ആശ (40), കുട്ടനാട് ചെറുകര കോവിലകം സുസ്മിത (64), ബസ് ജീവനക്കാരന്‍ വടക്കേക്കര സ്വദേശി രാഹൂല്‍ (25), അന്യസംസ്ഥാന തൊഴിലാളിയും തുരുത്തിയില്‍ താമസിക്കുന്നതുമായ ലക്ഷ്മിധന്‍ പ്രധാന്‍ (44), കുറിച്ചി വാഴത്തോട്ടം ശ്രീദേവി (43), തെങ്ങണ താന്നിമൂട്ടില്‍ ആദര്‍ശ് (26), കുറിച്ചി സ്വദേശി സജില്‍ (11), ഓറിസ സ്വദേശി ബാലകൃഷ്ണന്‍ (25) എന്നിവരാണ് ചികില്‍സയിലുള്ളത്. ഞായറാഴ്ച ദിവസമായതിനാല്‍ ജോലിക്കാരും സ്‌കൂള്‍, കോളജ് കുട്ടികളും അടങ്ങുന്ന പതിവു യാത്രക്കാര്‍ ബസ്സില്‍ കുറവായിരുന്നു. ചങ്ങനാശ്ശേരിയില്‍ നിന്ന് ഫയര്‍ഫോഴ്‌സും ഡിവൈഎസ്പി ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘവും സ്ഥലത്തെത്തി എംസി റോഡിലെ തടസ്സം നീക്കി ഗതാഗതം പുനസ്ഥാപിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss