|    May 30 Tue, 2017 9:11 am

ബസ് ജീവനക്കാര്‍ നിയമലംഘനം നടത്തുന്നു: ട്രാന്‍സ്‌പോര്‍ട്ട് ഓഫിസര്‍

Published : 7th October 2016 | Posted By: Abbasali tf

കാളികാവ്: കണ്‍സഷനില്‍ യാത്ര ചെയ്യുന്ന വിദ്യാര്‍ഥികളുടെ മേല്‍ ബസ് ജീവനക്കാര്‍ നിയമ ലംഘനം നടത്തുന്നതായി ട്രാന്‍സ്‌പോര്‍ട്ട് ഓഫിസര്‍. തൃശൂര്‍ റീജ്യനല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസര്‍ നല്‍കിയ വിവരാവകാശ രേഖയിലാണ് വിദ്യാര്‍ഥികള്‍ക്കെതിരേ ഒട്ടേറെ നിയമ ലംഘനങ്ങള്‍ നടക്കുന്നതായി കണ്ടെത്തിയത്. ഏതു ദിവസങ്ങളിലും സമയപരിധിയില്ലാതെ കണ്‍സഷന്‍ അനുവദിക്കണം. വിദ്യാര്‍ഥികളെ മറ്റു യാത്രക്കാരെ പോലെ ഇരുന്നു യാത്ര ചെയ്യാന്‍ അനുവദിക്കണം. അവധി ദിവസങ്ങളിലും കണ്‍സഷന്‍ നല്‍കണം. സ്റ്റാന്റില്‍ നിര്‍ത്തിയിടുന്ന ബസ് പുറപ്പെടുന്നതുവരെ ബസ്സില്‍ കയറാന്‍ വിദ്യാര്‍ഥികള്‍ കാത്തിരിക്കേണ്ടതില്ല. ദിവസവും കണ്‍സഷനില്‍ 40 കിലോമീറ്റര്‍ യാത്ര ചെയ്യാന്‍ വിദ്യാര്‍ഥിക്ക് അവകാശമുണ്ട് എന്നിവയാണ് ആര്‍ടിഒയുടെ കല്‍പ്പനയിലുള്ളത്. എല്ലാ നിയമങ്ങളും പാലിച്ചുകൊള്ളാമെന്ന നിബന്ധനയിലാണ് ബസ്സുകള്‍ക്കും ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്. എന്നാല്‍, മിക്ക ബസ് ജീവനക്കാരും വിദ്യാര്‍ഥികളോട് പ്രതികാര മനോഭാവത്തോടെയാണ് പെരുമാറുന്നത്. അവധി ദിവസങ്ങളില്‍ ഒരു ബസ്സും കണ്‍സഷന്‍ അനുവദിക്കാറില്ല. സീറ്റില്‍ ഇരുന്നു യാത്ര ചെയ്യുന്ന വിദ്യാര്‍ഥികളെ എഴുന്നേല്‍പ്പിക്കുകയും ശകാരിക്കുകയും ചെയ്യും. വൈകുന്നേരം അഞ്ചു കഴിഞ്ഞാല്‍ മിക്ക ജീവനക്കാരും കണ്‍സഷന്‍ നല്‍കാന്‍ വിസമ്മതിക്കുകയും ചെയ്യും. സ്റ്റാന്റില്‍ നിര്‍ത്തിയിട്ട ബസ്സില്‍ കയറാന്‍ അനുവദിക്കാതെ വിദ്യാര്‍ഥികളെ വെയിലത്ത് നിര്‍ത്തുന്നതും നിത്യ കാഴ്ചയാണ്. പരമാവധി 10 കിലോ മീറ്ററിലാണ് മിക്ക വിദ്യാര്‍ഥികളുടെയും യാത്ര. എന്നാല്‍, അതിനപ്പുറം യാത്ര ചെയ്യുന്ന വിദ്യാര്‍ഥികളെ കണ്‍സഷന്‍ നിഷേധിച്ച് പരസ്യമായി അപമാനിക്കുന്ന സംഭവങ്ങളുമുണ്ടാവുന്നുണ്ട്. ജീവനക്കാര്‍ നിയമ ലംഘനം നടത്തുന്നത് പരസ്യമായിട്ടാണെങ്കിലും അതിലിടപെടാന്‍ പോലിസൊ ട്രാന്‍സ്‌പോര്‍ട്ട് വകുപ്പോ തയ്യാറാവുന്നില്ല. ചോദ്യം ചെയ്യുന്ന വിദ്യാര്‍ഥികളെ മര്‍ദ്ദിക്കുകയൊ ബസ്സില്‍നിന്ന് ഇറക്കിവിട്ട കയോ ചെയ്ത സംഭവങ്ങളുമുണ്ടാവാറുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day