|    Jan 21 Sat, 2017 6:44 pm
FLASH NEWS

ബസ്‌വേ സമ്പ്രദായത്തിനെതിരേ ടൗണ്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍

Published : 27th July 2016 | Posted By: SMR

കോതമംഗലം: ആയിരക്കണക്കിന് യാത്രികരെയും വ്യാപാരികളേയും ദുരിതത്തിലാക്കുന്ന അശാസ്ത്രീയമായ  ബസ് വേ തീരുമാനത്തിനെതിരേ ടൗണ്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രക്ഷോഭ സമരത്തിലേക്ക്.
കോതമംഗലത്ത് ബസ് വേ ആരംഭിക്കണമെന്നാവശ്യപ്പെട്ട് പാസഞ്ചേഴ്‌സ് അസോസിയേഷന്റെ പേരില്‍ ഹൈക്കോടതിയില്‍ സമര്‍പിച്ച പരാതിയില്‍ തീര്‍പുകല്‍പിക്കുന്നതിനായി അടുത്തമാസം 12നാണ് അദാലത്ത്.
കോതമംഗലം സ്വകാര്യ ബസ് സ്റ്റാന്റിലെ വര്‍ഷങ്ങളായിട്ടുള്ള പാര്‍ക്കിങ്ങ് സമയം നിലവില്‍ ദീര്‍ഘദൂര ബസ്സുകള്‍ക്ക് 5 മിനിറ്റും ഹ്രസ്വദൂര ബസ്സുകള്‍ക്ക് 3 മിനുട്ടുമാണ്. ഹൈറേഞ്ച്, മൂവാറ്റുപുഴ, പെരുമ്പാവൂര്‍, എറണാകുളം ഭാഗത്തേക്കുള്ള സ്വകാര്യ ബസ്സുകള്‍ പ്രധാന സ്റ്റാന്റില്‍നിന്നാണ് ഇപ്പോള്‍ പുറപ്പെടുന്നത്.
പടിഞ്ഞാറ് ഭാഗത്തേക്കുള്ള ബസ്സുകള്‍ ഹൈറേഞ്ചു ബസ് സ്റ്റാന്‍ഡില്‍നിന്നും, കിഴക്കന്‍ മേഖലകളിലേക്കുള്ള ബസ്സുകള്‍ തങ്കളം അഡീഷനല്‍ ബസ് സ്റ്റാന്റില്‍നിന്നും പുറപ്പെടുന്നതിന് സൗകര്യകരമായ വിധത്തില്‍ ബസ് വേ ആരംഭിക്കണമെന്നാവശ്യപ്പെട്ടാണ് പാസഞ്ചേഴ്‌സ് അസോസിയേഷന്റ പേരില്‍ പരാതി സമര്‍പിച്ചിട്ടുള്ളത്. ഈ ആവശ്യം നടപ്പായാല്‍ പ്രധാന ബസ് സ്റ്റാന്റില്‍ ബസ്സുകളുടെ പാര്‍ക്കിങ്ങ് സമയം ഒരു മിനിറ്റായി കുറയും. അതേ സമയം പ്രധാന ബസ് സ്റ്റാന്റില്‍ ഒരു മിനുട്ട് സമ്പ്രദായം നടപ്പായാല്‍ യാത്രക്കാര്‍ക്ക് ദുരിതമായിരിക്കും ഫലമെന്നാണ് ടൗണ്‍ മര്‍ച്ചന്റ് അസോസിയേഷന്‍ ചൂണ്ടി കാണിക്കുന്നത്.
ഒരു മിനിറ്റ് സമ്പ്രദായം നടപ്പായാല്‍ ബസ്സുകള്‍ക്ക് പ്രധാന ബസ് സ്റ്റാന്‍ഡില്‍ കയറിയിറങ്ങാന്‍ പോലും സമയമുണ്ടാവില്ലെന്ന് ഭാരവാഹികള്‍ പറഞ്ഞു. പ്രധാന സര്‍ക്കാര്‍ ഓഫിസുകളും സര്‍ക്കാര്‍ ആശുപത്രിയും നഗരസഭ ഓഫിസും പ്രധാന ബസ് സ്റ്റാന്റിന് സമീപമായാണ് പ്രവര്‍ത്തിക്കുന്നത്. കോളജുകളിലടക്കം പ്രധാനപ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കെത്തണമെങ്കിലും യാത്രക്കാര്‍ക്ക് പ്രധാന ബസ് സ്റ്റാന്റിനെ ആശ്രയിക്കേണ്ടിവരും. ഹൈറേഞ്ച് ഭാഗങ്ങളിലേക്കുള്ള യാത്രക്കാര്‍ക്ക് തങ്കളം അഡീഷനല്‍ ബസ് സ്റ്റാന്‍ഡിലും പടിഞ്ഞാറന്‍ മേഖലകളിലേക്കും മൂവാറ്റുപുഴ ഭാഗത്തേക്കും ഉള്ള യാത്രക്കാര്‍ ഹൈറേഞ്ച് ബസ് സ്റ്റാന്റിലും എത്തിയിട്ടു വേണം യാത്ര ചെയ്യാന്‍. ഇതിനു പുറമെ പ്രധാന ബസ് സ്റ്റാന്റിനോട് അനുബന്ധിച്ചുള്ള വ്യാപാര ഇടപാടുകളും ശോഷിക്കും.
8 ലക്ഷം രുപയാണ് പ്രധാന ബസ് സ്റ്റാന്റിനോട് അനുബന്ധിച്ചുള്ള വ്യാപാര സ്ഥാപനങ്ങളില്‍ നിന്നും വാടകയിനത്തില്‍ മാത്രം നഗരസഭ പ്രതിമാസം ഈടാക്കുന്നതെന്ന് മര്‍ച്ചന്റ് അസോസിയേഷന്‍ ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി. സമയ കുറവ് മൂലം ബസ് സ്റ്റാന്റില്‍ കയറാതെ സമീപത്ത് റോഡരികില്‍ ആളുകളെ കയറ്റാനായി ബസ് നിര്‍ത്തിയിടാന്‍ നിര്‍ബന്ധിതരാവുമെന്നാണ് ബസ് ഓണേഴ്‌സിന്റെ അഭിപ്രായം. ഇത് വന്‍ ഗതാഗതക്കുരുക്കിന് വഴിയൊരുക്കം.
12ന് നടക്കുന്ന അദാലത്തിലേക്ക് നഗരസഭ, പോലിസ്, പാസഞ്ചേഴ്‌സ് അസോസിയേഷന്‍, ആര്‍ടിഒ അധികൃതര്‍ എന്നിവരെയാണ് ക്ഷണിച്ചിട്ടുള്ളത്.
ആയിരക്കണക്കിന് വിദ്യാര്‍ഥികളേയും മലയോരവാസികളേയും കര്‍ഷകരേയും പെരുവഴിയിലാക്കുന്നതും വര്‍ഷങ്ങളായി നടന്നു പോവുന്ന കച്ചവട സമ്പ്രദായത്തേയും ഇല്ലായ്മ ചെയ്യുന്ന ഭരണ പരിഷ്‌ക്കാരം നടപ്പാക്കിയാല്‍ നഗരത്തിലെ കടകള്‍ അടച്ച് ശക്തമായ സമരത്തിലേക്കിറങ്ങുമെന്ന് വ്യാപാരി വ്യാവസായി ഏകോപന സമിതി നേതാക്കള്‍ അറിയിച്ചു.
അനുകൂല തീരുമാനത്തിനായി അദാലത്തില്‍ പങ്കെടുക്കുന്ന വിവിധ കക്ഷികളോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്ന് മര്‍ച്ചന്റസ് ഭാരവാഹികളായ ഇ എം ജോണി, മാമച്ചന്‍ ജോസഫ്, പി എം മക്കാര്‍, പ്രസാദ് പുലരി, പി എം പൗലോസ്, ദീപു ശാന്താറാം അറിയിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 32 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക