|    Oct 24 Wed, 2018 4:41 am
FLASH NEWS

ബസ്സുകളുടെ മല്‍സര ഓട്ടം: ബസ്സുകളും ഡ്രൈവര്‍മാരെയും പോലിസ് കസ്റ്റഡിയിലെടുത്തു

Published : 15th September 2017 | Posted By: fsq

 

പേരാമ്പ്ര: സംസ്ഥാന പാതയില്‍ കുറ്റിയാടി – ഉള്ള്യേരി ഭാഗം അപകടമേഖലയായിട്ടും യാതൊരു നിയന്ത്രണവുമില്ലാതെ സ്വകാര്യബസുകളുടെ മത്സര ഓട്ടം തുടരുന്നു. യാത്രക്കാരുടെ ജീവന് യാതൊരു വിലയും കല്‍പ്പിക്കാതെയാണ് ബസുകള്‍ മത്സരിക്കുന്നത്. പെട്ടെന്നുളള ബ്രേക്കിടല്‍ മൂലം യാത്രക്കാര്‍ക്ക് വീണും കമ്പിക്ക് തട്ടിയും പരിക്കേല്‍ക്കുന്നതായും പരാതി ഉയര്‍ന്നിട്ടുണ്ട്്. എന്നാല്‍ യാത്രക്കാര്‍ പ്രതികരിക്കുമ്പോള്‍ മാത്രമെ അധികൃതര്‍ മത്സരയോട്ടം ശ്രദ്ധിക്കുന്നുള്ളൂ. കഴിഞ്ഞ ദിവസം കുറ്റിയാടി – കോഴിക്കോട് റൂട്ടില്‍ സര്‍വീസ് നടത്തുന്ന രണ്ട് സ്വകാര്യ ബസുകള്‍ കുറ്റിയാടി നിന്ന് തുടങ്ങിയ മല്‍സരം പേരാമ്പ്ര ബസ്സ്റ്റാന്റില്‍ എത്തി വാതില്‍ തുറക്കാന്‍ കഴിയാത്ത വിധം നിര്‍ത്തി ജീവനക്കാര്‍ തമ്മില്‍ വാഗ്വാദമായി. യാത്രക്കാര്‍ക്ക് ഇറങ്ങാന്‍ കഴിയാതെ ബഹളം വെച്ചതോടെ ഡ്യൂട്ടിയിലുണ്ടായിരുന്ന ഹോംഗാര്‍ഡ് പോലീസ് സ്റ്റേഷനില്‍ വിവരമറിയിക്കുകയും പോലീസ് എത്തി രണ്ട് സ്വകാര്യ ബസുകളും ഡ്രൈവര്‍മാരേയും കസ്റ്റഡിയിലെടുത്തു. ട്രിപ്പുകള്‍ റദ്ദാക്കിയ ബസിലെ യാത്രക്കാര്‍ ഇതുമൂലം പ്രയാസപ്പെട്ടു. സംസ്ഥാന പാതയിലെ മത്സര ഓട്ടത്തിനിടെ ജീവന്‍ പൊലിയുന്നവരുടെ എണ്ണം കൂടുമ്പോഴും ബസ് ജീവനക്കാരുടെ സ്വഭാവത്തില്‍ യാതൊരു മാറ്റവും ഉണ്ടാവുന്നില്ല. ബസുകളില്‍ കയറാന്‍ ശ്രമിക്കുന്ന വിദ്യാര്‍ത്ഥികളെ തളളി മാറ്റുന്നത്് ബസ് ജീവനക്കാരുടെ ഹോബിയായി മാറിയിട്ടുണ്ട്. അശ്രദ്ധയോടെ വാഹനമോടിച്ച് യാത്രക്കാരന്റെ കാലില്‍ക്കയറ്റി മുട്ടിന് താഴെ മുറിച്ചുമാറ്റിയ സംഭവം ഈയടുത്താണ് ഉണ്ടായത്. മത്സര ഓട്ടം നടത്തുകയും കുട്ടികളെ കയറ്റാന്‍ മടിക്കുന്ന വിഷയത്തിലും നാട്ടുകാര്‍ ബസുകള്‍ തടഞ്ഞ് താക്കീത് നല്‍കിയിരുന്നു. കെഎസ്ആര്‍ടിസി ബസുമായി സ്വകാര്യ ബസുകള്‍ കൊമ്പുകോര്‍ക്കുന്നതും ഇവിടെ പതിവാണ്. പരാതി പറയുന്ന യാത്രക്കാരെ പുഛത്തോടെയാണ് പോലീസും ഹോം ഗാര്‍ഡും കാണുന്നതെന്നും പരാതിയുണ്ട്. മല്‍സര ഓട്ടത്തിനും വിദ്യാര്‍ത്ഥികളെ കയറ്റാത്തവര്‍ക്കെതിരെയും ജനങ്ങള്‍ സംഘടിച്ച് പരിഹാരമുണ്ടാക്കുന്നതിന് നീക്കമാരംഭിച്ചിട്ടുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss