|    Apr 25 Wed, 2018 4:23 pm
FLASH NEWS

ബസ്സുകളുടെ അമിത വേഗത നിയന്ത്രിക്കാന്‍ നടപടി സ്വീകരിക്കും

Published : 10th July 2016 | Posted By: SMR

പട്ടാമ്പി: പട്ടാമ്പി-പെരിന്തല്‍മണ്ണ റൂട്ടില്‍ ഓടുന്ന ബസ്സുകളുടെ അമിതവേഗത്തിന് പരിഹാരമുണ്ടാക്കാന്‍ പട്ടാമ്പി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടരുടെ സാനിധ്യത്തില്‍ ചേര്‍ന്ന ജന പ്രതിനിധികളുടേയും രാഷ്ട്രീയപ്പാര്‍ട്ടികളുടേയും ബസ്സ് ഓണേഴ്‌സ് അസോസിയേഷന്റേയും ബസ് തൊഴിലാളി യൂനിയനുകളുടേയും സംയുക്ത യോഗത്തില്‍ തീരുമാനമായി.
കരിങ്ങനാട് നടന്ന അപകടത്തിന്റെ പശ്ചാത്തലത്തിലാണ് പുതിയ നടപടികള്‍ കൈകൊണ്ടത്. കഴിഞ്ഞ ദിവസം ബസ് ഇടിച്ച് മുസ്‌ലിം ലീഗ് പട്ടാമ്പി മണ്ഡലം വൈസ് പ്രസിഡന്റ് വി പി അബൂബക്കര്‍ മരിച്ചിരുന്നു. രോഷാകുലരായ പൊതുജനം അപകടം വരുത്തിയ ‘സന’ ബസിന്റെ ഗ്ലാസുകള്‍ അടിച്ചുതകര്‍ത്തിരുന്നു. ഇതില്‍ പ്രതിഷേധിച്ച് ബസ്സുടമകളുംതൊഴിലാളികളും വെള്ളിയാഴ്ച്ച സര്‍വീസ് നിര്‍ത്തിവച്ച് സമരം നടത്തിയപ്പോള്‍ ശനിയാഴ്ച്ച ബസ്സുകളെ തടയാന്‍ സര്‍വ കക്ഷിയോഗവും തീരുമാനമെടുത്തിരുന്നു. ബസ്സുകള്‍ക്ക് പുലാമന്തോള്‍ ടോള്‍ ബൂത്തില്‍ പഞ്ചിംങ് സംവിധാനം ഏര്‍പ്പെടുത്തുക, ‘സന’ ബസ്സ് ഇനിയൊരു അപകടം വരുത്തിയാല്‍ പെര്‍മിറ്റ് പൂര്‍ണമായി റദ്ദാക്കുക, ബസ്സുകളുടെ സമയം പുന:പ്പരിശോധിക്കുക, ബസ്സ് ജീവനക്കാര്‍ ലഹരി ഉപയോഗിച്ച് തൊഴിലുകളില്‍ ഏര്‍പ്പെടുന്നത് പരിശോധിക്കാന്‍ സംവിധാനമുണ്ടാക്കുക, അപകടം വരുത്തിയ ബസ്സ് അടിച്ച് തകര്‍ത്തതിനെ പേരില്‍ നാട്ടുകാര്‍ക്കെതിരെയുള്ള കേസ് ഒഴിവാക്കുക, ഗ്രാമ പഞ്ചായത്തുകള്‍, പൊതുമരാമത്ത് വകുപ്പ്, സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവരുടെ പങ്കാളിത്തത്തോടെ കൂടുതല്‍ സിഗ്‌നല്‍, മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കുക തുടങ്ങിയവയാണ് യോഗ തീരുമാനങ്ങള്‍.
മല്‍സരയോട്ടം അവസാനിപ്പിക്കുന്നതിന് വേണ്ടിയുള്ള സമയം പുനക്രമീകരിക്കുന്നതിന് വേണ്ടിയുള്ള യോഗം ആര്‍ ടി ഒ യുടെ നേതൃത്വത്തില്‍ 13 ന് നടക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്കമ്മുക്കുട്ടി എടത്തോള്‍, പട്ടാമ്പി നഗരസഭാ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ സി എ റാസി, വിളയൂര്‍ ഗ്രാമപ്പഞ്ചായത്ത് മെംബര്‍മാരായ ഹുസൈന്‍ കണ്ടേങ്കാവ്, നീലടി സുധാകരന്‍, പട്ടാമ്പി സബ് ഇന്‍സ്‌പെക്ടര്‍, സി പി എം വിളയൂര്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി എം ഉണ്ണി, വിവിധ രാഷ്ട്രീയ പാര്‍ട്ടി യുവജന നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss