|    Mar 23 Thu, 2017 5:58 am
FLASH NEWS

ബസ്സുകളില്‍ വിദ്യാര്‍ഥികള്‍ക്കും ഇരിക്കാം: മോട്ടോര്‍ വാഹന വകുപ്പ്

Published : 18th October 2016 | Posted By: SMR

കണ്ണൂര്‍: സൗജന്യ നിരക്കില്‍ യാത്രചെയ്യുന്ന വിദ്യാര്‍ഥികള്‍ സ്വകാര്യ ബസ്സുകളിലെ സീറ്റില്‍ ഇരിക്കാന്‍ പാടില്ലെന്ന് നിയമമില്ലെന്ന് വിവരാവകാശരേഖ. നീലേശ്വരം ബീമനടി മയിലാക്കല്‍ രാജു മത്തായി നല്‍കിയ വിവരാവകാശ നിയമപ്രകാരം ഉന്നയിച്ച ചോദ്യത്തിന് കാസര്‍കോട് ആര്‍ടിഒ ആണ് മറുപടി നല്‍കിയത്. പൊതുയാത്രാ വാഹനങ്ങളില്‍ കുട്ടികള്‍ ഇരിക്കാന്‍ പാടില്ലെന്ന നിയമവ്യവസ്ഥയില്ലെന്ന് രേഖയില്‍ പറയുന്നു. 40 കിലോമീറ്റര്‍ ദൂരം വരെയുള്ള യാത്രയ്ക്കാണ് വിദ്യാര്‍ഥികള്‍ക്ക് യാത്രാ സൗകര്യം നല്‍കിവരുന്നത്. ബസ്‌സ്റ്റാന്റില്‍നിന്നു കയറുന്നുവെന്ന കാരണത്താല്‍ വിദ്യാര്‍ഥികള്‍ക്ക് യാത്രാസൗജന്യം നിഷേധിക്കാന്‍ വ്യവസ്ഥയില്ലെന്നും രേഖയില്‍ പറയുന്നു.
വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മുന്നിലെ സ്റ്റോപ്പില്‍ നിന്നുതന്നെ ബസ് കയറണമെന്ന് ബസ് ജീവനക്കാര്‍ നിര്‍ബന്ധം പിടിക്കാറുണ്ട്. മോട്ടാര്‍ വാഹന വകുപ്പും പോലിസും പലവട്ടം ഇടപെട്ട വിഷയമാണെങ്കിലും വിദ്യാര്‍ഥികളോടുള്ള മനോഭാവത്തില്‍ ഒരു മാറ്റവും വരുത്താന്‍ സ്വകാര്യ ബസ് ജീവനക്കാര്‍ തയ്യാറായിട്ടില്ല. വിദ്യാര്‍ഥികള്‍ക്കായി ചില അലിഖിത നിയമങ്ങളാണ് അവര്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ബസ്സില്‍ കയറാന്‍ ഊഴംകാത്ത് മഴ നനഞ്ഞും വെയിലേറ്റും നില്‍ക്കണം. ഒരുവിധം കയറിപ്പറ്റിയാലും ഇരിക്കാന്‍ പാടില്ല. സീറ്റ് ഒഴിവുണ്ടെങ്കില്‍പ്പോലും നില്‍ക്കണം തുടങ്ങിയവയാണിവ. സ്റ്റാന്റില്‍ നിര്‍ത്തിയിട്ടിരിക്കുന്ന ബസ്സുകളില്‍ നേരത്തേ കയറിയിരിക്കാന്‍ വിദ്യാര്‍ഥികളെ ജീവനക്കാര്‍ അനുവദിക്കില്ല.
ബസ് സ്റ്റാര്‍ട്ടാക്കിയതിനു ശേഷം മാത്രമാണു പ്രവേശനം. വിദ്യാര്‍ഥികള്‍ മാത്രമുള്ള സ്‌റ്റോപ്പുകളില്‍ ബസ്സുകള്‍ നിര്‍ത്താതെ പോവുന്നതു പതിവാണ്. സ്വകാര്യബസ്സുകള്‍ക്കെതിരേ നടപടിയെടുത്താല്‍ പോലും നിസ്സാര പിഴയടച്ച് രക്ഷപ്പെടാം. ബാലാവകാശ നിയമപ്രകാരം നടപടിയെടുത്താല്‍ കണ്ടക്ടറുടെ ലൈസന്‍സ് റദ്ദാക്കാം. എന്നാല്‍, മിക്ക കണ്ടക്ടര്‍മാര്‍ക്കും ലൈസന്‍സില്ല.
അതിനാല്‍, നടപടി എടുക്കാനുമാവില്ല. ചുരുക്കത്തില്‍ വിഷയത്തില്‍ ഇടപെടാനാവാതെ നിസ്സഹായത പ്രകടിപ്പിക്കുകയാണ് അധികൃതര്‍.

(Visited 88 times, 1 visits today)
thanur-inner madani-inner abdulla-iner     PER Mazhappody-inner karimbu-inner                  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക