|    Sep 26 Tue, 2017 12:56 pm

ബല്‍റാമിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ്; ജയരാജന്‍ രാജിവയ്ക്കുന്നത് അപമാനിതനായിത്തന്നെ

Published : 17th October 2016 | Posted By: Abbasali tf

ആനക്കര: ഇ പി ജയരാജന്‍ രാജിവയ്ക്കുന്നത് നില്‍ക്കക്കള്ളിയില്ലാതെ അപമാനിതനായിത്തന്നെയാണെന്ന്  വിടി ബല്‍റാം എംഎല്‍എയുടെ ഫെയിസ് ബുക്ക് പോസ്റ്റ്. എല്‍ഡിഎഫിന്റെ കാലത്ത് മാത്രമല്ല അച്ചുതാനന്ദന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്തെയും കഴിഞ്ഞ യുഡിഎഫ് ഭരണകാലത്തെയും അനര്‍ഹനിയമനങ്ങളെ കുറിച്ചും അന്വേഷണം നടത്തണമെന്നും  ബല്‍റാം ഫേസ്ബുക്ക് പോസ്റ്റില്‍ ആവശ്യപ്പെടുന്നു. ഇപ്പോള്‍ രാജിയിലെത്തിയ സംഭവത്തില്‍ മുഖ്യമന്ത്രിക്കോ പാര്‍ട്ടിക്കോ അഭിമാനിക്കത്തക്കതായി ഒന്നുമില്ല. സൈബര്‍ സഖാക്കള്‍ പിണറായിക്ക് വേണ്ടി എന്തൊക്കെ ഹലേലൂയ പാടിയാലും സ്വജനപക്ഷപാതം എന്ന അഴിമതി ചെയ്യുന്നതിനിടെ കൈയോടെ പിടിക്കപ്പെട്ടതിനാലാണ് അധികാരമേറ്റ് ചുരുങ്ങിയ കാലത്തിനുള്ളില്‍ സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും മന്ത്രിസഭയിലെ രണ്ടാമനുമായ ജയരാജന് പുറത്തേക്ക് പോകേണ്ടി വരുന്നത്. ജയരാജന്റെ രാജി എന്നത് സിപിഎമ്മിന്റെ ഉന്നത ധാര്‍മ്മിക നിലവാരത്തിന്റെ ഉദാഹരണമാണെന്ന അവകാശവാദം അപഹാസ്യമായ ആത്മപ്രശംസ മാത്രമാണ്. കാരണം പാര്‍ട്ടി എന്ന നിലയില്‍ സിപിഎം എങ്ങനെയാണ് ഈ വിഷയത്തെ കൈകാര്യം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നതെന്ന് ജയരാജന്റെയും പിണറായി വിജയന്റെയും മറ്റ് നേതാക്കളുടെയും ആദ്യപ്രതികരണങ്ങള്‍ തന്നെ കൃത്യമായി സൂചിപ്പിക്കുന്നുണ്ട്. “എന്റെ ബന്ധുക്കള്‍ പലയിടത്തും ഉണ്ടാവും, അതിനൊന്നും ഞാന്‍ മറുപടി പറയേണ്ടതില്ല” എന്നായിരുന്നു ധിക്കാരപൂര്‍വം ജയരാജന്റെ ആദ്യമറുപടി എന്ന് നാമാരും മറന്നിട്ടില്ല. ഒന്നും പറയാതെ മുഖ്യമന്ത്രിയും ആവര്‍ത്തിച്ച് ഒഴിഞ്ഞുമാറി. തന്റെ നടപടിയെ ന്യായീകരിച്ച് ശ്രീമതി ടീച്ചറുടെ ഫേസ്ബുക്ക് പോസ്റ്റും വന്നു. അപ്പോള്‍ അതാണ് യഥാര്‍ത്ഥത്തിലുള്ള പാര്‍ട്ടി നിലപാട്, അതാണ് പാര്‍ട്ടി ശീലം, പ്രത്യേകിച്ചും ജയരാജനെപ്പോലെ കണ്ണൂരില്‍ നിന്നുള്ള നേതാക്കളുടേതെന്നും ബല്‍റാം ചൂണ്ടിക്കാട്ടുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക