|    Jan 24 Tue, 2017 10:45 am
FLASH NEWS

ബലൂച് നേതാവ് ഇന്ത്യയില്‍ രാഷ്ട്രീയ അഭയം തേടുന്നു

Published : 20th September 2016 | Posted By: SMR

ന്യൂഡല്‍ഹി: പ്രവാസ ജീവിതം നയിക്കുന്ന പാകിസ്താനിലെ ബലൂച് പ്രവിശ്യാ നേതാവ് ബ്രഹാംദാഗ് ബുഗ്തി ഇന്ത്യയില്‍ രാഷ്ട്രീയ അഭയം തേടുന്നു. അഭയം തേടിക്കൊണ്ടുള്ള അപേക്ഷയുമായി ഉടന്‍തന്നെ ജനീവയിലെ ഇന്ത്യന്‍ എംബസിയെ സമീപിക്കുമെന്നും നിയമപരമായ നടപടികള്‍ ഉടന്‍ തുടങ്ങുമെന്നും ബലൂചിസ്താന്‍ റിപബ്ലിക്കന്‍ പാര്‍ട്ടി (ബിആര്‍പി) നേതാവായ ബുഗ്തി പറഞ്ഞു.
ബുഗ്തിക്ക് രാഷ്ട്രീയ അഭയം നല്‍കുന്ന കാര്യം ഇന്ത്യ പരിഗണിക്കുന്നുണ്ടെന്ന് റിപോര്‍ട്ടുകളുണ്ടായിരുന്നു. വിദേശത്ത് അഭയാര്‍ഥികളായി കഴിയുന്ന താനടക്കമുള്ള ബലൂച് നേതാക്കള്‍ക്ക് യാത്രാ രേഖകള്‍ ഇല്ലെന്നും ഇന്ത്യ അഭയം നല്‍കിയാല്‍ ചരിത്രപരമായ തീരുമാനമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യയില്‍ രാഷ്ട്രീയ അഭയം തേടുന്നതിന് ഔദ്യോഗികമായി അപേക്ഷ നല്‍കാന്‍ ജനീവയില്‍ ചേര്‍ന്ന ബലൂചിസ്താന്‍ റിപബ്ലിക്കന്‍ പാര്‍ട്ടി എക്‌സിക്യുട്ടീവ് കൗണ്‍സില്‍ യോഗമാണ് ബ്രഹാംദാഗ് ബുഗ്തിക്ക് അനുമതി നല്‍കിയത്.
ചൈനയ്ക്കും പാകിസ്താനിലെ സൈനിക ഉദ്യോഗസ്ഥര്‍ക്കുമെതിരേ അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിക്കാനും ബിആര്‍പി തീരുമാനിച്ചിട്ടുണ്ട്. 2006ല്‍ പാക് സൈന്യം നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ട ബലൂച് ദേശീയനേതാവ് നവാബ് അക്ബര്‍ ഖാന്‍ ബുഗ്തിയുടെ ചെറുമകനാണ് ബ്രഹാംദാഗ് ബുഗ്തി.
അക്ബര്‍ ബുഗ്തിയുടെ വധത്തെതുടര്‍ന്നു ബ്രഹാംദാഗ് അഫ്ഗാനില്‍ അഭയം തേടിയിരുന്നു. എന്നാല്‍, വിട്ടുതരണമെന്നാവശ്യപ്പെട്ട് അഫ്ഗാനുമേല്‍ പാകിസ്താന്‍ സമ്മര്‍ദ്ധം ശക്തമാക്കിയതോടെ ബഹാംദാഗ് സ്വിറ്റ്‌സര്‍ലന്‍ഡിലേക്ക് കുടിയേറുകയായിരുന്നു. രാഷ്ട്രീയ അഭയം തേടിക്കൊണ്ടുള്ള ബുഗ്തിയുടെ അപേക്ഷ സ്വിറ്റ്‌സര്‍ലന്‍ഡ് നിരസിച്ചിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 116 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക