|    May 26 Fri, 2017 1:01 pm
FLASH NEWS

ബലിപെരുന്നാള്‍, ഓണക്കാലം; നാടും നഗരവും ആഘോഷത്തിരക്കില്‍

Published : 11th September 2016 | Posted By: SMR

പത്തനംതിട്ട: ബലിപെരുന്നാളും തിരുവോണവും പടിവാതില്‍ക്കലെത്തിയതോടെ നാടും നഗരവും ആഘോഷത്തിരക്കില്‍. ആഘോഷങ്ങള്‍ക്കു കൊഴുപ്പേകി വിപണികളും സജീവമായി. വസ്ത്രവിപണി ഉള്‍പ്പടെ കച്ചവട സ്ഥാപനങ്ങളിലെല്ലാം വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.
ഭക്തിയും ആഘോഷവും ഇടകലരുന്ന ബലിപ്പെരുന്നാളിനെ വരവേല്‍ക്കാനുള്ള അവസാനവട്ട ഒരുക്കങ്ങളിലാണ് വിശ്വാസിസമൂഹം. വിശ്വാസികളുടെ സുപ്രധാന തീര്‍ഥാടനമായ ഹജ്ജിന്റെ വേളയായതിനാല്‍ ആഘോഷങ്ങള്‍ പൂര്‍ണമായും ഭക്തിനിര്‍ഭരമാണ്. പെരുന്നാള്‍ നമസ്‌കാരത്തിനായി ജില്ലയിലെ പള്ളികളില്‍ തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായി. പല സ്ഥലങ്ങളിലും ഈദ് ഗാഹുകളും ഒരുക്കിയിട്ടുണ്ട്. രാവിലെയുള്ള പെരുന്നാള്‍ നമസ്‌കാരത്തിനുശേഷം വിശ്വാസികള്‍ ബലിയറുക്കല്‍ കര്‍മത്തിലേക്ക് നീങ്ങും. പള്ളികളിലും വീടുകളിലുമായാണ് ബലികര്‍മം നടക്കുക. ആഘോഷത്തിന്റെ ഭാഗമായി പല കുടുംബങ്ങളും വിനോദയാത്രകളും സംഘടിപ്പിക്കും.
ഓണക്കാലമായതോടെ നാടും നഗരവും ആവേശത്തിലാണ്. ഓണത്തെ വരവേല്‍ക്കാനുള്ള തിരക്കിലാണ് എല്ലാവരും. കോളജുകള്‍, ക്ലബ്ബുകള്‍, വായനശാലകള്‍, കുടുംബശ്രീ യൂനിറ്റുകള്‍, സ്വയംസഹായസംഘങ്ങള്‍, നാട്ടുകാരുടെ കൂട്ടായ്മകള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എല്ലായിടത്തും ഓണമെത്തി. കലാകായിക മല്‍സരങ്ങള്‍, പൂക്കളമത്സരങ്ങള്‍, പായസവിതരണം ഓണസദ്യ, എന്നിവയുമായി നാടുണര്‍ന്നു.
വസ്ത്ര വിപണി, പൂവിപണി, മറ്റു വിപണികള്‍ വില്‍പനയുടെ പാരമ്യത്തിലെത്തി.  ആഘോഷദിനങ്ങള്‍ ഒന്നിച്ചെത്തിയതോടെ നഗരങ്ങളിലെല്ലാം വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.
വസ്ത്രവിപണിയിലാണ് തിരക്കേറെയും. തുണിത്തരങ്ങള്‍ വില്‍ക്കുന്നവരും പച്ചക്കറി വില്‍ക്കുന്നവരുമെല്ലാം നഗരം കീഴടക്കി. പൂവിപണിയും സജീവമായിട്ടുണ്ട്. ഇതിനുപുറമെ വഴിയോര കച്ചവടവും തകൃതിയാണ്. നഗരങ്ങളില്‍ മാവേലിയും വിരുന്നെത്തുന്നുണ്ട്.
കച്ചവട സ്ഥാപനങ്ങളെല്ലാം വൈദ്യുതി ദീപങ്ങളാല്‍ അലങ്കരിച്ചിട്ടുണ്ട്. ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിനായി വിലക്കിഴിവിനു പുറമെ വലിയ ആനുകൂല്യങ്ങളും കച്ചവടസ്ഥാപനങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. വരുംദിവസങ്ങളില്‍ രാപ്പകല്‍ ഭേദമില്ലാതെ ഓണഘോഷങ്ങളും കലാമല്‍സരങ്ങളുമായി നാടും നഗരവും സജീവമാവും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day